Sorry, you need to enable JavaScript to visit this website.

ദേശീയപാത വികസനം: കണ്ണൂരിൽ സ്ഥലമെടുപ്പിന്റെ  90 ശതമാനവും പൂർത്തിയായി

കണ്ണൂർ- കണ്ണൂർ ജില്ലയിലെ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പിന്റെ 90 ശതമാനവും പൂർത്തിയായി. ആവശ്യമായ 117 ഹെക്ടറിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഇനി പത്ത് ഹെക്ടർ മാത്രമേ ബാക്കിയുള്ളൂ. അതേസമയം ഒന്നേകാൽ ഹെക്ടറിലെ ഫണ്ട് കൂടി ലഭിക്കാനുണ്ട്.
രേഖയില്ലാത്തതും അവകാശത്തർക്കമുള്ളതുമായ സ്ഥലം നോട്ടീസ് നൽകി ഏറ്റെടുക്കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു. രേഖ ഹാജരാക്കിയാലുടൻ അവകാശികൾക്ക് തുക അനുവദിക്കും. തർക്കമുള്ള സ്ഥലത്തിന്റെ തുക കോടതിയിൽ കെട്ടിവെച്ച് തുടർനടപടി സ്വീകരിക്കും. സ്ഥലം വിട്ടുകൊടുക്കാൻ കൂട്ടാക്കാത്തവർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകും.
ദേശീയപാത വികസനത്തിന്റെ ആദ്യപടിയായി തളിപ്പറമ്പ് നീലേശ്വരം സെക്ഷനിൽ ഭൂമി ഏറ്റെടുത്ത സ്ഥലത്തെ മരം മുറിക്കൽ തുടങ്ങി. ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പ്രവൃത്തി കരാറെടുത്തത്. തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള സെക്ഷൻ പ്രവൃത്തി ഏറ്റെടുത്തത് ഹൈദരാബാദ് ആസ്ഥാനമായ വിശ്വാസമുദ്ര എൻജിനിയറിംഗാണ്. മാഹി ബൈപാസിൽ പുഴകൾക്ക് കുറുകെ നാല് പാലങ്ങളും ഒരു റെയിൽവേ മേൽപാലവും നിർമാണഘട്ടത്തിലാണ്.


അതിനിടെ, കണ്ണൂർ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ തയാറാക്കിയ സിറ്റി റോഡ് പദ്ധതിയിലെ നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ രണ്ട് മാസത്തിനകം പൂർത്തിയാക്കും. കണ്ണൂർ കാൽടെക്‌സ് ഫ്‌ളൈ ഓവറും മേലെ ചൊവ്വ അടിപ്പാതയും ഉൾപ്പെടെയുള്ളതാണ് സിറ്റി റോഡ് പദ്ധതി.
കേരള റോഡ് ഫണ്ട് ബോർഡ് നടപ്പിലാക്കുന്ന 738 കോടി രൂപയുടെ സിറ്റി റോഡ് പദ്ധതിയിൽ ആകെയുള്ള 11 റോഡുകളിൽ ഏഴെണ്ണത്തിന്റെ പ്രവൃത്തി ആദ്യഘട്ടമായി പൂർത്തീകരിക്കും. 
ഇതിൽ നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 


ഡിസൈൻ ബിൽഡ് ഫിനാൻസ് ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ മാതൃകയിൽ മൂന്ന് വർഷത്തിനകം റോഡ് നിർമാണം പൂർത്തിയാക്കും. 
15 കൊല്ലത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തണമെന്ന വ്യവസ്ഥയും ഇതിലുണ്ട്. ദേശീയപാത മന്ന ജംഗ്ഷൻ മുതൽ ചാല ജംഗ്ഷൻ വരെയുള്ള 12.745 കി.മി റോഡ്, കണ്ണൂർ പൊടിക്കുണ്ട് റോഡ് ജംഗ്ഷൻ മുതൽ കൊറ്റാളി റോഡ് ജംഗ്ഷൻ വരെയുള്ള 1.44 കി.മി റോഡ്, കണ്ണൂർ സിറ്റി തയ്യിൽ മുതൽ തെഴുക്കിലപീടിക വരെ യുള്ള 2.18 കി.മി റോഡ്, പ്ലാസ ജംഗ്ഷൻ വഴി മുനീശ്വരൻ കോവിലിൽ അവസാനിക്കുന്ന 3.1 കി.മി ഇന്നർ റിംഗ് റോഡ്, പട്ടാളം റോഡ് മുതൽ പോലീസ് ക്ലബ് ജംഗ്ഷൻ വരെയുള്ള 0.99 കി.മി റോഡ്, കണ്ണൂർ എസ്.പി. സി.എ ജംഗ്ഷൻ മുതൽ എ.കെ.ജി ആശുപത്രി വരെയുള്ള 0.96 കിലോമീറ്റർ ജയിൽ റോഡ്, കക്കാട് കുഞ്ഞിപ്പള്ളി മുതൽ പുല്ലൂപ്പി വരെയുള്ള 1.65 കി.മി റോഡ് എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുന്ന ഏഴ് റോഡുകൾ.

 

Latest News