Sorry, you need to enable JavaScript to visit this website.

വട്ടപ്പാറ ഒഴിവാക്കിയുള്ള ബൈപാസ്; എൻജിനീയർമാർ പരിശോധന നടത്തി

മലപ്പുറം - കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാൽ ബൈപാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ടു എൻജിനീയർമാർ സ്ഥലത്തു പരിശോധ നടത്തി. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട തടസങ്ങൾ ഒഴിവാക്കുന്നതിനും പ്രദേശവാസികളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ച് രൂപകൽപ്പനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമായാണ് എൻജിനീയർമാരുടെ സംഘം പരിശോധന നടത്തിയത്.
റോഡ് രൂപകൽപനയുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തു നിന്നുള്ള പി.പി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ വി. മണിലാലിന്റെ നേതൃത്വത്തിലുള്ള എൻജിനീയർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. 
കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, പ്രദേശത്തെ മറ്റു ജനപ്രതിനിധികൾ എന്നിവർ പദ്ധതി സംന്ധിച്ച് സംഘവുമായി ആശയവിനിമയം നടത്തി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും നേരത്തെയുള്ള രൂപകൽപ്പന പ്രകാരമുള്ള റോഡ് കെഎസ്ഇബിയുടെ അമ്പലപ്പറമ്പിലുള്ള സബ്‌സ്‌റ്റേഷനും തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിനും പ്രയാസുമാകുമെന്ന എക്‌സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് സംഘമെത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തുമെന്നു ചീഫ് എൻജിനീയറുടെ കാര്യാലത്തിലെ പി.പി.യു അസിസ്റ്റന്റ് ഡയറക്ടർ വി. മണിലാൽ അറിയിച്ചു.


സുരക്ഷിത പാതയോടൊപ്പം പ്രദേശത്ത് താമസിക്കുന്നവരെക്കൂടി പരിഗണിച്ചുള്ള രൂപകൽപ്പനയാണ് നടപ്പാക്കുന്നതെന്നു എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. പ്രവൃത്തികൾ വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നേരത്തെ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെയും കരാറുകാരനെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ തീരുമാനമായിരുന്നു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, സ്ഥിരം സമിതി ചെയർമാൻ മാരാത്ത് ഇബ്രാഹിം എന്ന മണി, ആതവനാട് പഞ്ചായത്ത് അംഗം കെ.ടി സലീന, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ് എൻജിനീയർ ജോമോൻ താമസ്, തിരുവന്തപുരത്തെ ചീഫ് എൻജിനീയറുടെ കാര്യലയത്തിലെ ഉദ്യോഗസ്ഥൻ എം.ഹിരൺ എന്നിവർ പങ്കെടുത്തു.


 

Latest News