Sorry, you need to enable JavaScript to visit this website.

മിനായിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി ആസ്ഥാനത്ത് മന്ത്രിമാരുടെ സന്ദർശനം

ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ആക്ടിംഗ് ഹജ്, ഉംറ മന്ത്രി ഡോ. ഉസാം ബിൻ സഅദ് ബിൻ സഈദും മിനായിൽ എസ്.ഇ.സി ആസ്ഥാനം സന്ദർശിക്കുന്നു.

മിനാ - ഹാജിമാർക്ക് നൽകുന്ന വൈദ്യുതി സേവനങ്ങൾ വിലയിരുത്താൻ മിനായിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി (എസ്.ഇ.സി) ആസ്ഥാനത്ത് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ആക്ടിംഗ് ഹജ്, ഉംറ മന്ത്രി ഡോ. ഉസാം ബിൻ സഅദ് ബിൻ സഈദും സന്ദർശനം നടത്തി. മക്ക റോയൽ കമ്മീഷൻ സി.ഇ.ഒ എൻജിനീയർ അബ്ദുറഹ്മാൻ അദാസും മന്ത്രിമാരെ അനുഗമിച്ചു. മിനായിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി ആസ്ഥാനത്തെത്തിയ മന്ത്രിമാരെ കമ്പനി ആക്ടിംഗ് സി.ഇ.ഒ എൻജിനീയർ ഖാലിദ് അൽഖനൂൻ സ്വീകരിച്ചു. 
ഹജ് തീർഥാടകരെ സേവിക്കൽ സമാനതകളില്ലാത്ത ആദരവും ബഹുമതിയുമാണെന്ന് ഊർജ മന്ത്രി പറഞ്ഞു. പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കാൻ ഹജ് തീർഥാടകർക്ക് അവസരമൊരുക്കാൻ തീവ്രശ്രമങ്ങൾ നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിർദേശിക്കുന്നു. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വകുപ്പുകളും ഭരണാധികാരികളുടെ പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്ക് ഉയരുകയും ഹാജിമാർക്ക് വിശിഷ്ട സേവനങ്ങൾ നൽകുകയും വേണം. ഇത്തവണത്തെ ഹജ് അസാധാരണമാണ്. ഹജ് തീർഥാടകരുടെ എണ്ണം പരിമിതമാണ്. മുൻവർഷങ്ങളിൽ ആവർത്തിച്ചിരുന്ന ചില പ്രശ്‌നങ്ങൾ നന്നായി മനസ്സിലാക്കാനും അവക്ക് ശാശ്വത പരിഹാരം കാണാനും സാധിക്കുന്ന അവസരമാണ് ഇത്തവണയുള്ളത്. തമ്പുകൾക്കകത്തെ വൈദ്യുതി ശൃംഖലകൾ എസ്.ഇ.സിയുടെ ഉത്തരവാദിത്തത്തിൽ പെടുന്നതല്ല. എങ്കിലും തമ്പുകൾക്കകത്തെ വൈദ്യുതി ശൃംഖലകളിലെ തകരാറുകൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കമ്പനി നടപടികൾ സ്വീകരിക്കണമെന്ന് ഊർജ മന്ത്രി ആവശ്യപ്പെട്ടു. 
ഹജ് സേവന മേഖല പങ്കാളിത്ത മേഖലയാണെന്ന് ആക്ടിംഗ് ഹജ്, ഉംറ മന്ത്രി ഡോ. ഉസാം ബിൻ സഅദ് ബിൻ സഈദ് പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയത്തിന്റെ മാത്രം ചുമതലയല്ല ഇത്. മറിച്ച് ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഇതിൽ പങ്കാളിത്തമുണ്ട്. ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും മികച്ച രീതിയിൽ പ്രവർത്തിക്കാനുമാണ് എക്കാലവും ഹജ്, ഉംറ മന്ത്രാലയം ആഗ്രഹിക്കുന്നത്. പിഴവുകളും വീഴ്ചകളും മനസ്സിലാക്കാനും അവക്ക് ശാശ്വത പരിഹാരം കാണാനും ഹജിനു ശേഷം ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഹജ്, ഉംറ മന്ത്രാലയം കൂടിക്കാഴ്ചകൾ നടത്തുമെന്നും ഡോ. ഉസാം ബിൻ സഅദ് ബിൻ സഈദ് പറഞ്ഞു.  

Tags

Latest News