ലഖ്‌നൗ- പഞ്ചാബിലെ ബര്‍ണാല ജില്ലയില്‍നിന്ന് യുപിയിലെ ബഗപതിലെത്തിയ ഹിന്ദു യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് മുസ്ലിം യുവാക്കളെ കോടതി മുറിയിലിട്ട് ഹിന്ദു യുവ വാഹിനി, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു.
പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. യുപിയിലെ സഹാറന്‍പൂര്‍ സ്വദേശികളായ കലീമിനേയും (25) സഹോദരങ്ങളായ നദീം (26), മുദസര്‍ (28) എന്നിവരേയുമാണ് തീവ്രഹിന്ദുത്വ വാദികള്‍ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അക്രമികള്‍ മൂന്ന് യുവാക്കളേയും വാനിലേക്ക് വലിച്ചിഴക്കുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുന്നതും വീഡിയോയിലുണ്ട്്.
15 വര്‍ഷമായി ബര്‍ണാലയില്‍ ജോലി ചെയ്തു വരികയായിരുന്ന കലീമും യുവതിയും അടുപ്പത്തിലായിരുന്നു. വിവാഹം ചെയ്യാനാണ് ഇവര്‍ കോടതിയിലെത്തിയത്. ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഏഴ് വിഎച്ച്പിക്കാര്‍ക്കെതിരെ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് ബഗപത് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അതിനിടെ ബര്‍ണാലയില്‍ നിന്നെത്തിയ പഞ്ചാബ് പോലീസ് കലീമിനേയും സഹോദരങ്ങളേയും തിരിച്ചു കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തി. ജനുവരി 10-ന് വീടുവിട്ടിറങ്ങിയ യുവതിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയതാണെന്ന സഹോദരിയുടെ പരാതിയെ തുടര്‍ന്നാണിത്.
കലീമും യുവതിയും തമ്മിലുള്ള വിവാഹ നടപടികള്‍ക്കാണ് ഇവര്‍ ബഗപതില്‍ എത്തിയത്. കലീമിനെ വിവാഹം ചെയ്യാനാണ് താന്‍ വീടുവിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇതിനായി ആദ്യം ദല്‍ഹിയിലെ ഒരു അഭിഭാഷകനെ കണ്ടെങ്കിലും ഇദ്ദേഹം ബഗപതിലെ അഭിഭാഷകന്റെ അടുത്തേക്ക് വിടുകയായിരുന്നു. ഇവിടെ അഭിഭാഷകന്റെ ചേംബറില്‍ ഇരിക്കവെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘമായെത്തി യുവാക്കളേയും യുവതിയേയും ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്.
മുസ്ലിം യുവാവ് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടു വന്ന് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതാണ് തങ്ങള്‍ ചോ്ദ്യം ചെയ്തതെന്ന് വിഎച്ച്പി ബഗപത് ജില്ലാ നേതാവ് സുനില്‍ ചൗഹാന്‍ പറഞ്ഞു.