തിരുവനന്തപുരം- പോലീസ് മുതല്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച വരെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് കേരളീയ സമൂഹത്തില്‍ കുത്തിപ്പൊക്കാന്‍ നീക്കം. സമൂഹത്തില്‍ അകല്‍ച്ചയും വിദ്വേഷവും ജനിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിച്ച ലൗ ജിഹാദ് വിവാദത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് അനുസ്മരിപ്പിച്ചു കൊണ്ട് കേരള കൗമുദി ദിനപത്രത്തില്‍ വീണ്ടുമൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. സി.ആര്‍.രാജശേഖരന്‍ പിള്ള എഴുതിയ ലേഖനം വ്യക്തിപരമായ അഭിപ്രായം എന്നു കൂടി ചേര്‍ത്താണ് പത്രം പ്രസിദ്ധീകരിച്ചതെങ്കിലും 1786 ലെ ഉണ്ണിയാര്‍ച്ച സംഭവമടക്കം ഉദ്ധരിച്ച് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയൊരു സംഭവമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇടതു വലതു മുന്നണികളെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:
കേരളത്തില്‍ ലൗ ജിഹാദ് എന്ന ഒന്നില്ല എന്നാണ് ചിലര്‍, ഇല്ലാത്ത, നടത്താത്ത ഒരു പഠനത്തെ ആസ്പദമാക്കി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ധാരാളം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അതേ റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃതമായി നടത്തുന്ന 'സത്യസരണി' പോലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ വ്യക്ത്യമാണ്.
1786ല്‍ ഉണ്ണിയാര്‍ച്ചയ്ക്ക് സംഭവിച്ചത് എന്തായിരുന്നുവെന്ന് കണക്കിലെടുക്കുമ്പോഴാണ് ഇത്തരം കാര്യങ്ങളിലെ ഏകപക്ഷീയത മുഴച്ചുനില്‍ക്കുന്നതായി കാണുന്നത്. മതേതര രാജ്യമാണെങ്കിലും ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഇതുവരെ ലൗ ജിഹാദിന് വിപരീതമായി നടക്കുന്ന വിവാഹങ്ങളെപ്പറ്റി ഒരു പരാതിയും ഉണ്ടായിട്ടില്ല എന്നത് ആശ്ചര്യകരം തന്നെ.
വാസ്തവത്തില്‍ 90 ശതമാനം 'ഹൈന്ദവര്‍' ഉണ്ടായിരുന്ന ഭാരതത്തില്‍ ഇതേപ്പറ്റിയാണ് കൂടുതല്‍ ആക്ഷേപങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെയൊരു ആക്ഷേപവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ആക്ഷേപങ്ങള്‍ മുഴുവനും എന്തുകൊണ്ട് ജിഹാദിലും, ലൗ ജിഹാദിലും എത്തിനില്‍ക്കുന്നുവെന്ന് പഠിക്കേണ്ടതാണ്. മതം മാറ്റങ്ങളെ സംബന്ധിച്ച് പഠിച്ചുവെന്ന് പറയുന്ന ആഭ്യന്തര വകുപ്പ് മതം മാറിയ സ്ത്രീകളുടെ ഇപ്പോഴത്തെ നില കൂടി പഠിക്കേണ്ടതായിരുന്നു. അവര്‍ എവിടെയൊക്കെയുണ്ട്? അവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? അവര്‍ വിവാഹം കഴിച്ചവരുടെ കൂടെയാണോ ഇപ്പോഴും? എന്നിങ്ങനെ പലതും.
ലൗ ജിഹാദ് ഇല്ല എന്ന് പറയാന്‍ കാണിക്കുന്ന വ്യഗ്രത, തീവ്രത എവിടെ നിന്നും വരുന്നു? 2009ല്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും, ഒരു ഹിന്ദു പെണ്‍കുട്ടിയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് ലൗ ജിഹാദ് എന്നൊരു കാര്യം നിലവിലില്ലാത്തതായി കേരള പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ശരിയാണ്. ലൗ ജിഹാദ് എന്ന ഒരു സംഘടനയോ, ഒരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയോ നിലവിലില്ല. ലൗ ജിഹാദ് എന്നത് ഒരു പ്രവര്‍ത്തന രീതിയാണ്. എന്നാല്‍ 2009-ല്‍ കൊടുത്ത റിപ്പോര്‍ട്ട് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനെ സഹായിക്കുന്നതിനായി എഴുതി പടച്ചുണ്ടാക്കിയതായിരുന്നു. കാരണം, ആ സമയത്തുണ്ടായിരുന്ന കണക്കനുസരിച്ചുതന്നെ ഓരോ വര്‍ഷവും 800ല്‍ അധികം സ്ത്രീകള്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍, അതില്‍ കൂടുതലും 35 വയസിനു താഴെ പ്രായമുള്ളവര്‍ ഇസ്‌ളാം മതത്തിലേക്ക് ചേരുന്നുണ്ടായിരുന്നു.
ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നുള്ള ചില കഥാഭോഷ്‌ക്കുകളും പുരുഷലിംഗത്തെ (ശിവലിംഗത്തെ) ആരാധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് അതേപ്പറ്റി അറിവില്ലാത്ത, സ്വന്തം സംസ്‌ക്കാരത്തെപ്പറ്റി ഒന്നും അറിയാത്തവരെ വിവശതയില്‍ ആക്കുന്നത്.
എത്ര മുസ്‌ളീം സ്ത്രീകള്‍ ഹിന്ദുക്കളോ, അല്ലെങ്കില്‍ ക്രിസ്ത്യാനികളോ ആകുന്നുണ്ട്? ഇവിടെയാണ് പ്രകടമായ വ്യത്യാസങ്ങള്‍ കാണുന്നത്. 2011 വരെയുള്ള ഒരു കണക്ക് അനുസരിച്ച് ഏകദേശം 3000 ലധികം സ്ത്രീകള്‍ ഹിന്ദു - ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് മുസ്‌ളിം വിഭാഗത്തിലേക്ക് മാറിയപ്പോള്‍ എട്ടോളം മുസ്‌ളിം സ്ത്രീകള്‍ മാത്രമാണ് മറിച്ച് ചെയ്തത്. പ്രണയം ഹിന്ദു - ക്രിസ്ത്യന്‍ സ്ത്രീകളില്‍ നിന്ന് മുസ്‌ളിം പുരുഷന്മാരിലേക്ക് മാത്രമുള്ള ഒരു പ്രവാഹമാണോ? സ്വതന്ത്രമായി പ്രവഹിക്കുന്ന ഒരു വികാരമായിരുന്നെങ്കില്‍ എല്ലാ വിഭാഗങ്ങളിലും ഇത് ഏറെക്കുറെ ഒരുപോലെ ഇരുന്നേനെ.
സത്യസരണിപോലെ നിയമാനുസൃതമല്ലാത്ത കേന്ദ്രങ്ങള്‍ എന്തുകൊണ്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു? എത്ര കേസുകളാണ് ഹൈക്കോടതിയില്‍ ലൗ ജിഹാദ് ഇരകള്‍ ഫയല്‍ ചെയ്തിട്ടുള്ളത്? ഇത്തരത്തില്‍ കുടുക്കി സിറിയയില്‍ എത്തപ്പെട്ട ആതിരയുടെ കേസ് നോക്കൂ. ഇതുപോലെ എത്ര ആതിരമാരും, ശ്രുതിമാരുമാണ് ഉണ്ടാകുന്നത്? മറിച്ച്, ഒരു സംഭവം പോലും ചൂണ്ടിക്കാണിക്കാനില്ല. അതായത്, ലൗ ജിഹാദിന് പകരമായി ഏതെങ്കിലും 'ഗാന്ധര്‍വ' വിവാഹം നടത്തി ചതിക്കപ്പെടുന്ന മുസ്‌ളിം സ്ത്രീകള്‍ ഉണ്ടാകുന്നില്ല എന്നതുതന്നെയാണ് ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതിനെതിരെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഏറ്റവും വലിയ മറുപടി.
ഇത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് യാതൊരു പഠനവും നടക്കുന്നില്ല എന്ന് മാത്രമല്ല, ഇതില്‍ പരാതി കൊടുത്തവരെപോലും ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തികച്ചും വ്യക്തിപരമായ കാര്യത്തില്‍ എന്തിനാണ് സൈനബമാര്‍ ഇടപെടുന്നത്? 'സ്‌പെഷ്യല്‍ മാര്യേജ് ആക്ട്' നിലവിലുള്ള രാജ്യത്ത് പ്രണയിനികള്‍ക്ക് വിവാഹം കഴിക്കാന്‍ എന്താണ് ബുദ്ധിമുട്ട്?
നിരവധി പഠനങ്ങള്‍ കേരള പൊലീസ് ഇതേപ്പറ്റി നടത്തിയിട്ടുണ്ട്. പക്ഷേ, രഹസ്യസ്വഭാവത്തിന്റെ പേരിലും, ഇടതും വലതും മുന്നണികളുടെ സങ്കുചിത താത്പര്യത്തിന്റെ പേരിലും ഇവയൊന്നും പുറത്തറിയിക്കാറില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ രാജേഷ് ദിവാന്‍ ഇത്തരത്തില്‍പ്പെട്ട 25-ഓളം കേസുകള്‍ വിശദമായി അപഗ്രഥിച്ച് പൊലീസ് മേധാവി ലോക്‌നാഥ്‌ബെഹ്റയ്ക്ക് നല്‍കിയതായി കേട്ടിരുന്നു. ബെഹ്റ തന്നെ 89 സംശയാസ്പദമായ കേസുകളാണ് എന്‍.ഐ.എയുടെ അന്വേഷണത്തിനായി നല്‍കിയതത്രെ. ഇതില്‍ പത്തോളം കേസുകളില്‍ പി.എഫ്.ഐ / എസ്.ഡി.പി.ഐ ബന്ധം എന്‍.ഐ.എയ്ക്ക് മനസിലായിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് 2017 ആഗസ്റ്റ് 26-ാം തീയതി പുറത്തിറക്കിയ റിപ്പോര്‍ട്ട് ശ്രദ്ധിക്കുക. ഇതില്‍ കൃത്യമായും പറയുന്നുണ്ട് ദാവാ സ്‌ക്വാഡുകളെയും, ലൗ ജിഹാദിനെയും പറ്റി. ഇതില്‍ പറയുന്ന സംസ്ഥാന പൊലീസ് ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് തൃശൂര്‍ ജില്ലയില്‍ മാത്രം 23 യുവാക്കളും, പാലക്കാട് ജില്ലയില്‍ 139 യുവാക്കളായ പ്രൊഫഷണല്‍സും ഇത്തരം മതം മാറ്റത്തിന് വിധേയരായവരാണ്.
1990-കളില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടന്ന രാജീവ്, മാണി, താമി, മോഹനചന്ദ്രന്‍ തുടങ്ങിയവരുടെ കൊലപാതക കേസുകള്‍ കൂടി പരിഗണിക്കേണ്ടതാണെന്നും ലേഖനത്തില്‍ പറയുന്നു.