Sorry, you need to enable JavaScript to visit this website.

നാലാം വയസ്സില്‍ കടല്‍ മാലിന്യം കോരുന്ന പരിസ്ഥിതി പ്രവര്‍ത്തക

റിയോ ഡി ജനീറോ- നീന ഗോമസ് ഒരു ശരാശരി പരിസ്ഥിതി പ്രവര്‍ത്തകയല്ല. തിളങ്ങുന്ന പിങ്ക് ഗോഗ്ള്‍സ് മുഖത്തണിഞ്ഞ് ഈ നാലുവയസ്സുകാരി അച്ഛനൊപ്പം റിയോ ഡി ജനീറോയിലെ ബീച്ചിന് സമീപം കടലില്‍നിന്ന് മാലിന്യം വാരുകയാണ്.
'ഇവള്‍ ഇപ്പോള്‍തന്നെ കടലിന്റെ സംരക്ഷകയാണ്- അഭിമാനം സ്ഫുരിക്കുന്ന മുഖഭാവത്തോടെ അച്ഛന്‍ ഗോമസ് പറഞ്ഞു. എന്തിനാണ് കടലില്‍നിന്ന് മാലിന്യം കോരുന്നതെന്ന് ചോദിച്ചാല്‍ നീനക്ക് ഉത്തരം കൃത്യമാണ്- അല്ലെങ്കില്‍ മീനുകളും ആമകളും ചത്തുപോകും.
ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയുടെ കണക്കുപ്രകാരം കടലിലേക്ക് പ്രതിവര്‍ഷം തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് 11 ദശലക്ഷം ടണ്‍ വരും. പ്ലാസ്റ്റിക് മാലിന്യം കടല്‍ജീവികളുടെ ജീവന് ആപത്താണ്. പ്ലാസ്റ്റിക് മാലിന്യത്തില്‍ കുടുങ്ങിയോ വയറ്റില്‍ കടന്നോ പതിനായിരക്കണക്കിന് കടല്‍ജീവികളാണ് ജീവന്‍ വെടിയുന്നത്.
2017 ല്‍ റിയോയിലെ ഗ്വാനബാര ഉള്‍ക്കടലിലെ കാഴ്ചകള്‍ ഫിലിമിലേക്ക് പകര്‍ത്തിയയാണ് ഗോമസ്. മകളുടെ ജനനത്തോടെയാണ് അദ്ദേഹം കടല്‍ദുരന്തങ്ങളെ ചെറുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ മാര്‍ അര്‍ബാനോ എന്ന സംഘടന ആരംഭിച്ചത്.
നാലുവയസ്സുകാരി നീനയെ തന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം കൈപിടിച്ച് നടത്തുന്നതിന് ഗോമസിന് ഒരു കാരണമുണ്ട്. കോണ്‍ക്രീറ്റ് കൂടുകളില്‍ വളരുന്ന കുട്ടികള്‍  പ്രകൃതിയുടേയോ കടലിന്റെയോ രക്ഷകരാകില്ല- അദ്ദേഹം പറഞ്ഞു. നീന മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. സ്‌നേഹവും സഹാനുഭൂതിയും ഉണര്‍ത്തും. ബ്രസീലിലെ പരിസ്ഥിതി സംരക്ഷണത്തിലേക്ക ജനശ്രദ്ധ തിരിക്കാന്‍ അതിടയാക്കും- ഗോമസ് പറഞ്ഞു.

 

 

Latest News