ന്യൂദൽഹി- കർണാടകയിൽ ജെഡിഎസ്-കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സർക്കാരും ബി.ജെ.പിയും ഇസ്രായില്‍ നിർമിത പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
തന്റെ ഫോണില്‍ പെഗാസസ് നുഴഞ്ഞുകയറിയെന്ന വിവരം ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് ജി. പരമേശ്വര പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ അനുമതിയില്ലാതെ പെഗാസസ് വഴിയുള്ള ചാരപ്രവർത്തനം സാധ്യമല്ല. സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്രം സർക്കാർ അധികാരം ദുരുപയോഗം ചെയ്തെന്നും പരമേശ്വര ആരോപിച്ചു.
2019 ജൂലൈയിലാണ് കർണാടകയില്‍ എച്ച്.ഡി കുമാര സാമിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരത്തിൽ നിന്നു താഴെയിറങ്ങുന്നത്.
2018നും 2019നും ഇടയിൽ കുമാര സാമിയുടെ പേഴ്സണൽ സെക്രട്ടറി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്സണൽ സെക്രട്ടറി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർന്നിരുന്നു എന്നാണ് പെഗാസസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്നു വ്യക്തമാകുന്നത്.