മിനാ- പരിശുദ്ധ ഹജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. കോവിഡ് മഹാമാരിക്കിടയിലും കിടയറ്റ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോടെ ആയാസരഹിതമായി ഹജ് നിർവഹിക്കാനായതിലുള്ള സംതൃപ്തിയുമായാണ് ഹജിന്റെ സുപ്രധാന കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ മിനായിൽ കഴിയുന്നത്. അടുത്ത രണ്ടു മൂന്നു ദിനംകൂടി കല്ലെറിഞ്ഞ് വിദാഇന്റെ ത്വവാഫ് നിർവഹിച്ച ശേഷമായിരിക്കും ഹാജിമാർ അവരുടെ താമസ സ്ഥലങ്ങളിലേക്കു പോവുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന വലിയ പാഠമാണ് സൗദി അറേബ്യ ലോകത്തിനു കാണിച്ചു കൊടുത്തത്.
ഇതു ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റാൻ സൗദിയെ സഹായിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനും കോവിഡ് മാനദണ്ഡപ്രകാരമുള്ള ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നതിനും ഒരു വിട്ടുവീഴ്ചയും കാണിക്കാതെ ഹജ് കർമങ്ങൾ നടക്കുന്ന മക്കയിലും മിനായിലും അറഫയിലും മുസ്ദലിഫയിലുമെല്ലാം ഹാജിമാർക്ക് അധികൃതർ ഒരുക്കിയിരുന്ന സൗകര്യം അസൂയപ്പെടുത്തുന്നതായിരുന്നു. പ്രതീക്ഷിച്ചതിലും മികവുറ്റ സൗകര്യങ്ങളായിരുന്നു ലഭ്യമായതെന്നും ഒരു പ്രയാസവുമില്ലാതെ ഹജ് നിർവഹിക്കാൻ കഴിഞ്ഞതിലുള്ള മാനസിക വിഷമമേ ഉള്ളൂവെന്നും ഹജ് നിർവഹിച്ചുകൊണ്ടിരിക്കുന്ന ചില തീർഥാടകർ പറഞ്ഞു. മുൻ തലമുറകൾ ഹജ് വേളയിൽ അനുഭവിച്ചിട്ടുള്ള പ്രയാസങ്ങളും കോവിഡ് കാലത്തിനു മുൻപുള്ള ഹജിൽ പങ്കെടുത്തപ്പോൾ അനുഭവിച്ച തിക്കും തിരക്കും, തിരമാല കണക്കെ ജനം ഒഴുകുന്നതും കാണാനാവാതെ പോയത് സത്യത്തിൽ മനസിനെ അലട്ടുകയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. ഹജ് ആവുമ്പോൾ കുറച്ചൊക്കെ ബുദ്ധിമുട്ടുകളും പ്രായസങ്ങളും ഉണ്ടാവുമ്പോഴെ കൂടുതൽ ആത്മസംതൃപ്തിയുണ്ടാവൂ എന്ന അഭിപ്രായവും അവരിൽ ചിലർ പങ്കുവെച്ചു.
മുൻ കാലങ്ങളിൽ ഹജ് ദിനങ്ങളിൽ ദുൽഹജ് പത്ത് പെരുന്നാൾ ദിനം പലർക്കും ഭീതിയുടേതായിരുന്നു. ഹജ് നിർവഹിക്കുന്നവർക്കു മാത്രമല്ല, ലോക മുസ്്‌ലിംകളുടെ മനസിലും ആശങ്ക സൃഷ്ടിക്കപ്പെടുന്ന ദിവസമായിരുന്നു ദുൽഹജ് പത്ത്. കാരണം ഹജ് വേളിൽ ഉണ്ടായിട്ടുള്ള അപകടങ്ങളിലേറെയും ദുൽഹജ് പത്തിനാണ്. മുസ്ദലിഫയിലെ രാപാർപ്പിനു ശേഷം തീർഥാടക ലക്ഷങ്ങൾ ഒന്നടങ്കം കല്ലേറു കർമം നിർവഹിക്കാൻ ജംറകൾ ലക്ഷ്യമാക്കി നീങ്ങുമ്പോൾ അതു പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. ജംറ പാലങ്ങൾ അഞ്ചു നിലകളാക്കി പരിഷ്‌കരിക്കുന്നതിനു മുൻപായിരുന്നു ഏറ്റവും ഭീതി ജനിപ്പിച്ചിരുന്നത്. കാരണം കല്ലേറ് കർമം നടത്തുന്നതിന് ഒരേ വഴിയിലൂടെ തന്നെയായിരുന്നു വരവും പോക്കും. ജംറക്ക് സമീപമെത്തി കല്ലെറിഞ്ഞ് അവിടെനിന്നു തന്നെ മടങ്ങുമ്പോഴുണ്ടാകുന്ന തിക്കും തിരക്കും അതനുഭവിച്ചവർക്കു മാത്രമേ മനസിലാകൂ.
പിന്നീട് ജംറകൾ അഞ്ചു നിലകളായി വിപുലപ്പെടുത്തുകയും വൺവേ സംവിധാനം ഏർപ്പെടുത്തുകയും ഓരോ മുതവിഫുമാർക്കു കീഴിലെ ഹാജിമാർക്ക് കല്ലേറ് നിർവഹിക്കുന്നതിന് പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തിട്ടും തിക്കും തിരക്കും മൂലം ചിലപ്പോഴെങ്കിലും അപകടങ്ങളുണ്ടാവാറുണ്ട്. ഇതു പലപ്പോഴും ഭീതി ജനിപ്പിക്കുമായിരുന്നുവെങ്കിലും ജനമഹാപ്രളയത്തിന്റെ നിലക്കാത്ത ഒഴുക്ക് ഹജിന് പ്രത്യേക ചാരുത പകരുന്നതായിരുന്നു. തൽബിയത്ത് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് തിരമാല കണക്കെയുള്ള ജനങ്ങളുടെ ഒഴുക്ക് ഹജിന് പ്രത്യേക ചൈതന്യം നൽകുന്നതാണെന്നും അത്തരത്തിലുള്ള കാഴ്ച കഴിഞ്ഞ രണ്ട് ഹജിനും ഇല്ലാതെ പോയത് മനസിനെ വിഷമിപ്പിക്കുന്നതാണെന്നും ഹാജിമാരിൽ ചിലർ അഭിപ്രായപ്പെട്ടു.
യാതൊരു വിധ പ്രയാസങ്ങളുമില്ലാതെ ഹജ് നിർവഹിക്കാനായതിൽ ഏറെ സംതൃപ്തിയുണ്ടെങ്കിലും ഹജ് വേളയിൽ ലോക ജനതയെ ഒന്നാകെ കാണാൻ ലഭിക്കുന്ന അവസരം മനസിനെ കുളിർപ്പിക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഹാജിമാർക്ക് രാപകലില്ലാതെ സന്നദ്ധ സേവനത്തിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തിയിരുന്ന ആയിരക്കണക്കിനു സന്നദ്ധ സേവകരുടെ സാന്നിധ്യവും ഇല്ലാതായത് സന്നദ്ധ സേവകരെയും ഹാജിമാരെയും ഒരുപോലെ സങ്കടപ്പെടുത്തുന്നതാണ്.
സൗദിക്കകത്തുനിന്നുള്ള 60,000 തീർഥാടകർ ഈ വർഷത്തെ ഹജിൽ പങ്കെടുക്കുന്നുണ്ടെങ്കിലും എവിടെയും ഒരു വിധത്തിലുമുള്ള തിരക്കും അനുഭവപ്പെട്ടിരുന്നില്ല. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിൽ എല്ലായിടത്തും തീർഥാടകരും സൂക്ഷ്മത പുലർത്തിയിരുന്നു. അധികൃതർ അവർക്കുവേണ്ട നിർദേശങ്ങൾ നൽകി കാവലാളുകളായും കൂടെയുണ്ടായിരുന്നു.