Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

ദോഹ കവാടം തുറന്നു കിട്ടിയ  ആഹ്ലാദത്തിൽ പ്രവാസികൾ 

പരീക്ഷണ ഘട്ടങ്ങൾ താണ്ടിയ പ്രവാസി മലയാളികൾക്ക് ഏറെ ആഹ്ലാദം പകർന്ന കാര്യമാണ് ഖത്തർ വഴി ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്താമെന്നത്. കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയവർ ആദ്യമൊക്കെ മാലി, നേപ്പാൾ വഴിയൊക്കെ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോയി. ഈ വഴികൾ അടഞ്ഞപ്പോൾ എങ്ങനെയെങ്കിലും തിരിച്ചെത്തിയാൽ മതിയെന്നായി മലയാളികൾ. ആഫ്രിക്കയിലെ എത്യോപ്യ വരെ മലയാളിയുടെ യാത്രാ മാർഗത്തിൽ ഇടം പിടിച്ചു. അതിലും കഷ്ടമാണ് പഴയ സോവിയറ്റ് യൂനിയനിൽ നിന്ന് ചിതറിത്തെറിച്ച രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം. 
നല്ല തുക മുടക്കണം, ഉക്രൈൻ വഴിയൊക്കെ പുറപ്പെട്ടാൽ എത്തിയാലായെന്നതാണ് സ്ഥിതി. യാത്ര മുടങ്ങാം, പച്ച വെള്ളം കിട്ടില്ല.. അങ്ങനെ അങ്ങനെ നിരവധി പ്രശ്‌നങ്ങൾ.

 

ഖത്തർ എന്നു പറയുമ്പോൾ നമ്മൾ ജീവിക്കുന്ന സൗദിയും ബഹ്‌റൈനും കുവൈത്തുമൊക്കെ പോലെ ഒരു രാജ്യം. ഗൾഫ് രാജ്യങ്ങളിൽ ജീവിച്ചു ശീലിച്ചവർക്ക് പെട്ടെന്ന് ഇണങ്ങാൻ കഴിയുന്ന സാഹചര്യം. 
ഇന്ത്യക്കാർക്ക് മുമ്പിൽ ഖത്തർ വാതിൽ തുറന്നതോടെ ഇതു വഴി  യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്  മലയാളികൾ. ജോലി ചെയ്യുന്ന രാജ്യത്തേക്കുള്ള  യാത്ര അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ഖത്തർ വഴി തേടുകയാണവർ.  മലയാളികൾ ഖത്തർ വഴി യുഎഇയിലേക്ക് പോയിത്തുടങ്ങി കഴിഞ്ഞ ദിവസം.  ഖത്തറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എങ്കിലും  മുന്നിലുള്ള എളുപ്പവഴി ഇതാണ്. ഈ മാസം 26 ന് ശേഷമാണ് കൂടുതൽ മലയാളികൾ ഖത്തർ വഴിയുള്ള  യാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നത്. ഈ വഴി അടയരുതേ എന്നാണ് പ്രവാസികളുടെ പ്രാർഥന. 


ഞായറാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 13 പേർ ദോഹയിലേക്ക് പുറപ്പെട്ടു.  ഖത്തറിലെ ഇഹ്തിറാസ് മൊബൈൽ ആപ്ലിക്കേഷനിൽ ഇവർ രജിസ്റ്റർ ചെയ്തിരുന്നു.  ഖത്തറിലേക്ക് വരുന്നവർ ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഖത്തറിലെത്തിയാൽ 10 ദിവസമാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. കോവിഡിന്റെ രണ്ടു വാക്‌സിനും എടുത്തവർക്ക് മാത്രമാണ് ഖത്തർ ഇളവ് അനുവദിച്ചിരിക്കുന്നത്. രണ്ട് വാക്‌സിനും എടുത്ത മലയാളി പ്രവാസികൾ കുറവാണ്. അതുകൊണ്ടു തന്നെ രണ്ടാം വാക്‌സിൻ സ്വീകരിക്കാനുള്ള ധിറുതിയിലാണ് പ്രവാസികൾ. രണ്ടു വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് ഖത്തറിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ഇങ്ങനെ എത്തുന്നവർ ഖത്തറിൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടിവരും. ഇതിനുള്ള ചെലവ് സ്വന്തമായി എടുക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഹോട്ടൽ ബുക്ക് ചെയ്യണം.

 

ട്രാവൽ ഏജൻസികൾ ഇതിന് സൗകര്യമൊരുക്കുന്നുണ്ട്. എത്തിയാൽ ഉടൻ ഓൺ അറൈവൽ വിസ ലഭിക്കുന്ന പദ്ധതി ഖത്തർ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതും പ്രവാസികൾക്ക് നേട്ടമാണ്.  ഹോട്ടൽ ക്വാറന്റൈൻ, ടിക്കറ്റ്, ഭക്ഷണം എന്നിവയുൾപ്പെടെ ഒന്നേകാൽ ലക്ഷം രൂപ വരെ ഈ യാത്രയ്ക്ക് ചെലവ് വരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര പുനഃസ്ഥാപിക്കാൻ ഇന്ത്യ ശ്രമം നടത്തിവരികയാണ്. ഇന്ത്യൻ സ്ഥാനപതികൾ ഇതു സംബന്ധിച്ച്  ചർച്ച നടത്തുന്നുണ്ട്.  ഇന്ത്യയിൽ കോവിഡ് രോഗം കുറയുന്നതും ആശാവഹമാണ്. കേരളത്തിലാണ് ഇപ്പോൾ കൂടുതൽ കേസുകൾ. വിദേശ രാജ്യങ്ങൾ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ മെട്രോ നഗരങ്ങളായ മുംബൈ, ന്യൂദൽഹി, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥിതി വിവര കണക്കുകൾക്കാണ് കൂടുതൽ പരിഗണന നൽകുകയെന്നതും ശ്രദ്ധേയമാണ്. 

 

Latest News