കൊല്ലം- സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. എന്‍.സി.പി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനാണ് മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചതെന്നാണ് ആരോപണം. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്കാരന്‍ ഉള്‍പ്പെട്ട കേസിനെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമയി മന്ത്രി രംഗത്തെത്തി.
എന്‍.സി.പി സംസ്ഥാന ഭാരവാഹിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. പ്രശ്നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ സമയത്തു ആരംഭിച്ച തര്‍ക്കമാണ് മന്ത്രിയുടെ ഇടപെടലില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍.സി.പി നേതാവാണ്. പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍.സി.പി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് വിളിച്ചുകയറ്റി കയ്യില്‍ പിടിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 28 ാം തീയതിയാണ് പരാതി കുണ്ടറ പോലീസില്‍ നല്‍കിയത്. പോലീസ് അനങ്ങിയില്ല. ഇതോടെ പെണ്‍കുട്ടി സിറ്റി പോലീസില്‍ അടക്കം പരാതി നല്‍കി. എന്നിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനിടയിലാണ് പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്.
പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കുടുംബ പ്രശ്നമാണെന്നും ഇരുകൂട്ടരും പാര്‍ട്ടിക്കാരാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.






