Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ല, ജനം അസ്വസ്ഥരാണ്-കേരളം സുപ്രീം കോടതിയിൽ

ന്യൂദൽഹി- കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാകില്ലെന്ന് കേരളം സുപ്രീം കോടതിയിൽ. ബക്രീദ് കണക്കിലെടുത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർദേശപ്രകാരം കേരളം നൽകിയ അടിയന്തര സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. വിശദാംശങ്ങൾ നൽകാൻ കൂടുതൽ സമയം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിരാകരിച്ച കോടതി ഇന്നലെ തന്നെ മറുപടി നൽകണമെന്നു നിർദേശിക്കുകയായിരുന്നു. ഇന്ന് കോടതി ചേരുമ്പോൾ പ്രഥമ ഹർജിയായി ഇത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ദൽഹി മലയാളിയായ പി.കെ.ഡി നമ്പ്യാരാണ് സർക്കാരിനെതിരേ ഹർജി നൽകിയത്.
നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയതെന്നും സംസ്ഥാനം വ്യക്തമാക്കി. 
    ബക്രീദിനോട് അനുബന്ധിച്ച നിയന്ത്രണങ്ങളിൽ മൂന്നു ദിവസത്തെ ഇളവ് അനുവദിച്ചത് ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് ജസ്റ്റീസ്് റോഹിംഗ്ടൻ നരിമാൻ അധ്യക്ഷനായുള്ള ബഞ്ച് പരിഗണിച്ചത്. ലോക്ക്ഡൗൺ ഇളവ് ഇപ്പോൾ തന്നെ ആരംഭിച്ച് കഴിഞ്ഞു. മൂന്നു ദിവസത്തേയ്ക്കാണ് ഇളവ്. അതിനാൽ കൂടുതൽ സമയം നൽകാൻ സാധിക്കില്ലെന്നും ഇന്ന് തന്നെ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 
    ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകൾ നടത്തുന്നതിന് കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഏതാനും കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാത്രമാണ് ഇളവ് നൽകിയത്. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട് എന്നും സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. 
    രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ ചികിത്സയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ മനുഷ്യരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
കാൻവാർ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കോവിഡ് സാഹചര്യത്തിൽ കാൻവാർ യാത്ര നടത്തുന്നതിനെതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായത്. ഇതിൽ കക്ഷി ചേരാനാണ് പി.കെ.ഡി നമ്പ്യാർ ഹർജി നൽകിയത്.
 

Latest News