Sorry, you need to enable JavaScript to visit this website.

ഹാജിമാർക്ക് അറഫയിലും  മികവുറ്റ സൗകര്യങ്ങൾ

ഹാജിമാർ കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുർറഹ്മയിൽ. ഇത്തവണ നിയന്ത്രണത്തിന് വിധേയമായി ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നു.
മിനായിൽനിന്ന് അറഫാ സംഗമത്തിനായി തിരിക്കുന്ന ഹാജിമാർ ബസുകളിൽ കയറുന്നു.
ഹാജിമാർ അറഫയിലെ ടെന്റിൽ 

അറഫ- പരിശുദ്ധ ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങു നടക്കുന്ന അറഫയിൽ ഹാജിമാർക്ക് അതിവുപലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വർഷത്തിൽ ഒരു ദിവസം മാത്രം സജീവമാകുന്ന പ്രദേശമാണ് അറഫാ മൈതാനം. ഇടതൂർന്ന തണൽ മരങ്ങൾക്കിടയിൽ മണൽപരപ്പിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവിടെ ടെന്റുകൾ സജ്ജമാക്കിയിരിക്കുന്നത്. ഏതാനും മണിക്കൂർ നേരത്തേക്കു വേണ്ടി മാത്രമാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ, ഭക്ഷണ, യാത്രാ സൗകര്യങ്ങൾ ഹാജിമാർക്കായി ഇവിടെ ഒരുക്കിയിരുന്നു. പ്രഭാത നമസ്‌കാര ശേഷം മിനായിൽനിന്നു ബസിൽ യാത്ര തരിച്ച ഹാജിമാരിൽ ഒട്ടുമിക്ക പേരും ഒൻപതു മണിക്കു മുൻപായി അവരവരുടെ ടെന്റുകളിൽ  എത്തിയിരുന്നു.

വളരെ ചിട്ടയോടെയും മുന്നൊരുക്കങ്ങളോടെയുമായിരുന്നു ഓരോ കാര്യങ്ങളും അധികൃതർ നിർവഹിച്ചിരുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ടെന്റുകളിൽ മൾട്ടി പർപസ് ബെഡുകളാണ് ഓരോ ഹാജിമാർക്കും നൽകിയിരുന്നത്. ഇരിക്കണമെങ്കിൽ കസേരയെന്നോണം ഉപയോഗിക്കാവുന്നതും കിടക്കണമെങ്കിൽ ബെഡ് കണക്കെ ഉപയോഗിക്കാവുന്നതുമായ സൗകര്യം ഇതിനുണ്ടായിരുന്നു. കാർപറ്റുകൾ കൊണ്ട് വിരിച്ച മനോഹരമായ പ്രതലത്തിലായിരുന്നു ഇവ ഇട്ടിരുന്നത്. ടെന്റുകളിൽ ആവശ്യാനുസരണം ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. കൂടാതെ ലൈറ്റ് റിഫ്രഷ്‌മെന്റിനുള്ള സൗകര്യങ്ങളും ഓരോ ടെന്റുകളിലുമുണ്ടായിരുന്നു. 


അറഫയിൽ നേരത്തെ എത്തിയ ഹാജിമാരിൽ ഒട്ടു മിക്കപേരും വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന മസ്ജിദുന്നമിറയിൽ നേരത്തെ സ്ഥാനം പിടിച്ചു. അകലം പാലിക്കുന്നതിന് പള്ളിയുടെ അകം പ്രത്യേകം മാർക്ക് ചെയ്തിരുന്നു. അകത്തേക്കുള്ള പ്രവേശനം നിയന്ത്രണങ്ങൾക്കു വിധേയമായിരുന്നു. നമസ്‌കാരത്തിനു ഖുതുബക്കും ശേഷം ജബലു റഹ്മ ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ പോകുന്നതിന് അനുമതിയുണ്ടായിരുന്നുവെങ്കിലും ശക്തമായ നിരീക്ഷണത്തിലും നിശ്ചിത സമയങ്ങൾ നൽകിയും നിയന്ത്രിച്ചിരുന്നു. 20 അംഗ ഗ്രൂപ്പുകളായുള്ള ഹാജിമാരുടെ സംഘങ്ങൾക്ക് ഗ്രൂപ്പ് ലീഡറുടെ നിർദേശങ്ങൾ നേരിട്ടും വാട്‌സാപ് സന്ദേശങ്ങളായും അപ്പപ്പോൾ ലഭിച്ചിരുന്നു. അറഫാ സംഗമ ദിനം അറഫയുടെ എല്ലാ തെരുവുകളും നിറഞ്ഞു കവിയലായിരുന്നു പതിവ്. എന്നാൽ ഇക്കുറി നിശ്ചിത വീഥികളിൽ മാത്രമായിരുന്നു ആളനക്കം. മറ്റിടങ്ങളിലേക്ക് പോകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തെരുവോരത്ത് നൂറുകണക്കിനു കച്ചവടക്കാരും അറഫാ ദിനത്തിൽ സ്ഥാനം പിടിക്കാറുണ്ട്. എന്നാൽ ഇക്കുറി അതു പരിമിതം മാത്രായിരുന്നു. വിവിധ കമ്പനികൾ ഹാജിമാർക്ക് വലിയ ട്രക്കുകളിൽ പാനീയങ്ങളും ഭക്ഷ്യോൽപന്നങ്ങളും എത്തിച്ചു വിതരണം ചെയ്യലും പതിവായിരുന്നു. ഇത്തവണ ഇതും നിയന്ത്രണങ്ങൾക്കു വിധേയമായിരുന്നു. 


അറഫിയിലും ഹജ് കർമങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും ഹാജിമാർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ കിടയറ്റതാണെന്ന് ഹജ് നിർവഹിക്കാൻ അവസരം ലഭിച്ച മലയാളികളുടെ കൂട്ടത്തിലുള്ള മുവാറ്റുപുഴ സ്വദേശികളും ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ ബയോമെഡിക്കൽ എൻജിനീയർമാരുമായ അൻഫൽ ബഷീറും ഭാര്യ ജെനി അൻഫലും പറഞ്ഞു. അറഫയിലെത്തുന്ന നേരം രാവിലെ നേരിയ തോതിൽ മഴ പെയ്തിരുന്നു. പിന്നീട് നല്ല ചൂടായിരുന്നുവെങ്കിലും ശക്തമായ ചൂടിനെ പ്രതിരോധിക്കാൻ കഴിയുംവിധത്തിലുള്ള കൂളിംഗ് സംവിധാനങ്ങൾ ടെന്റുകളിൽ ലഭ്യമായിരുന്നുവെന്ന് അവർ പറഞ്ഞു. 


ഹജ് വേളയിൽ ശക്തമായ ചൂടിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് അറഫയിലും പരിസര പ്രദേശങ്ങളിലും ചൂട് കുറക്കുന്നതിന് സഹായകമായ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. കൂടാതെ എല്ലാ ഹാജിമാർക്കും കുടയും വിതരണം ചെയ്തിരുന്നു. 

Latest News