ന്യൂദൽഹി- ഗോമൂത്രവും ചാണകവും കോവിഡ് ചികിത്സയ്ക്ക് ഗുണം ചെയ്യുമെന്ന ബി.ജെ.പി നേതാക്കളെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച യുവാവിന് അടിയന്തര മോചനം നൽകി സുപ്രീംകോടതി. കോവിഡ് ചികിത്സയ്ക്ക് ഗോമൂത്രവും ചാണകവും അത്യുത്തമം ആണെന്ന് പ്രചരിപ്പിച്ച ബി.ജെ.പി നേതാക്കളെ വിമർശിച്ച മണിപ്പൂർ സ്വദേശി എറേന്ദ്രോ ലെയ്‌ചോംബാമിനെ ഇന്നലെ തന്നെ മോചിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ കേസിന്റെ പേരിൽ ഒരു ദിവസം പോലും ജയിലിൽ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
എറേന്ദ്രോ ജയിലിൽ തുടരുന്നത് ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലീക അവകാശത്തിന്റെ ലംഘനമാണ്. അതിനാൽ 1000 രൂപയുടെ വ്യക്തിഗത ജാമ്യത്തിൽ അടിസ്ഥാനത്തിൽ ഉടനടി മോചിപ്പിക്കണം. ജയിൽ മോചനത്തിന്റെ ഉത്തരവ് ഇന്നലെ അഞ്ചു മണിക്കു മുൻപ് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും ഉത്തരവിട്ടു.
പൊതുഭരണത്തിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് എറേന്ദ്രോ. നേരത്തേ മണിപ്പൂരിലെ മുന്നണിപ്പോരാളി ഇറോം ശർമിളയുടെ അടുത്ത അനുയായിയും ആയിരുന്നു. മണിപ്പൂരിലെ അടിച്ചമർത്തലുകളെയും പട്ടാള അധിനിവേശത്തിനെതിരേയും നിരന്തരം പ്രതിഷേധ ശബ്ദം ഉയർത്തിയിരുന്നു. എറേന്ദ്രോയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് എൽ. രഘുമണി സിംഗ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ മേയിലാണ് വിവാദ പരാമർശത്തിന്റെ പേരിൽ എറേന്ദ്രോയെ അറസ്റ്റ് ചെയ്തത്. ഹർജി നാളെത്തേക്ക് മാറ്റിവെയ്ക്കണമെന്നു കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എറേന്ദ്രോമിന്റെ പരാമർശം കുറ്റകരമാണമെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂർ ബിജെപി നേതൃത്വമാണ് പരാതി നൽകിയത്.






