Sorry, you need to enable JavaScript to visit this website.

മൺസൂൺ സജീവമായത് ഓഹരി വിപണിക്ക് നേട്ടമായി

രാജ്യത്ത് മൺസൂൺ അൽപം വൈകിയാണെങ്കിലും സജീവമായത് ഓഹരി വിപണിയെ നേട്ടത്തിലേയ്ക്ക് നയിച്ചു. ബോംബെ സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് പ്രകടനം കാഴ്ചവെച്ചതിനിടയിലും വിദേശ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചിട്ടും പ്രമുഖ ഇൻഡക്‌സുകൾ ഒന്നര ശതമാനം പ്രതിവാര നേട്ടം സ്വന്തമാക്കി. കോർപറേറ്റ് മേഖലയിൽ നിന്നും ഈ വാരം കൂടുതൽ ത്രൈമാസ റിപ്പോർട്ടുകൾ പുറത്തു വരും. ആഭ്യന്തര ഫണ്ടുകൾ വിപണിയിൽ സജീവമാണ്, പിന്നിട്ട വാരം അവർ എല്ലാ ദിവസങ്ങളിലും നിക്ഷപകരായിരുന്നു. മൊത്തം 3232 കോടി രൂപയുടെ ഓഹരികൾ അവർ ശേഖരിച്ചു. എന്നാൽ വിദേശ ഓപറേറ്റർമാർ 2667 കോടി രൂപയുടെ വിൽപന നടത്തിയിട്ടും സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് പുതുക്കിയത് പ്രദേശിക ഇടപാടുകാരുടെ ശക്തമായ പിന്തുണയിലാണ്. 


ബോംബെ സെൻസെക്‌സ് 52,386 പോയന്റിൽ നിന്ന് റെക്കോർഡായ 53,129 ലെ തടസ്സവും ഭേദിച്ച് സർവകാല റെക്കോർഡായ 53,290.81 വരെ മുന്നേറി. വാരാന്ത്യം സൂചിക 53,140 പോയന്റിലാണ്. ഈ വാരം 53,550 ലെ ആദ്യ തടസ്സം മറികടന്നാൽ 53,961 ലെ പ്രതിരോധ മേഖലയിലേയ്ക്ക് സൂചിക മുന്നേറാം. എന്നാൽ വിൽപന സമ്മർദത്തിൽ ആദ്യ താങ്ങായ 52,468 ൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ സെൻസെക്‌സ് 51,797 വരെ തളരാം.  


നിഫ്റ്റി സൂചിക 15,644 ൽ നിന്ന് കൈവരിച്ച ഊർജവുമായി മുൻ റെക്കോർഡായ 15,914 ലെ തടസ്സവും മറികടന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 15,962.25 വരെ കയറി, വാരാന്ത്യ ക്ലോസിങിൽ സൂചിക 15,923 പോയന്റിലാണ്. ഈ വാരം 16,000 ത്തിലെ നിർണായക തടസ്സം മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാർ. പോയ വാരം 317 പോയന്റ് നിഫ്റ്റി ചാഞ്ചാടി, തൊട്ട് മുൻവാരം ചാഞ്ചാട്ടം 281 പോയന്റായിരുന്നു. ആ നിലയ്ക്ക് നോക്കിയാൽ ഈ വാരം ചാഞ്ചാട്ടം 350 പോയന്റാവാം. ഈ വാരം 16,042 ൽ ആദ്യ പ്രതിരോധം മറികടന്നാൽ 16,161 നെ ലക്ഷ്യമാക്കാം. എന്നാൽ ലാഭമെടുപ്പ് ശക്തമായാൽ 15,724 ലേയ്ക്കും തുടർന്ന് 15,525 ലേയ്ക്കും സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇടയുണ്ട്. ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച മാർക്കറ്റ് അവധിയാണ്.  
മുൻനിര ഓഹരികളായ എയർ ടെൽ, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ബജാജ് ഫൈനാൻസ്, ആക്‌സിസ് ബാങ്ക്, എൽ ആന്റ് റ്റി, സൺ ഫാർമ, ആർ ഐ എൽ, റ്റിസിഎസ്, മാരുതി, ബജാജ് ഓട്ടോ എന്നിവയുടെ നിരക്ക് ഉയർന്നു.   


യുഎസ് ഫെഡ് റിസർവ് യോഗം ഡോളർ സൂചികയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം. ഡോളർ മികവ് കാണിച്ചാൽ വിദേശ ഫണ്ടുകൾ എമർജിങ് വിപണികളിൽ വിൽപനക്കാരാവും. ഫോറെക്‌സ് മാർക്കറ്റിൽ വാരാവസാനം ഡോളറിന് മുന്നിൽ രൂപ 74.60 ലാണ്. പ്രതികൂല വാർത്തകൾ രൂപയെ 75 ലേയ്ക്ക് ദുർബലമാക്കാം. 
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് തളർച്ച. കോവിഡ് വ്യാപനത്തിലെ വീഴ്ചകൾ കണക്കിലെടുത്താൽ വർഷത്തിന്റ രണ്ടാം പകുതിയിൽ എണ്ണ വില ബാരലിന് 98 ഡോളറിലേയ്ക്ക് ഉയരാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. പിന്നിട്ട വാരം ക്രൂഡ് വില ബാരലിന് 76.68 ഡോളറിൽ നിന്ന് 72.38 ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ 73.13 ഡോളറിലാണ്. 
അന്താരാഷ്ട്ര മാർക്കറ്റിൽ വൻ കുതിപ്പിന് സ്വർണം ശ്രമിച്ചെങ്കിലും ഉയർന്ന റേഞ്ചിലെ വിൽപന സമ്മർദം മഞ്ഞലോഹത്തെ തളർത്തി. ട്രോയ് ഔൺസിന് 1807 ഡോളറിൽ നിന്ന് 1832 ഡോളർ വരെ കയറിയ ശേഷം ക്ലോസിങിൽ 1811 ഡോളറിലാണ്. 1840 ലെ പ്രതിരോധം തകർക്കാനാവാഞ്ഞതിനാൽ ഈ വാരം 1800 ലെ താങ്ങിൽ പരീക്ഷണം നടത്താം. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 1750 റേഞ്ചിലേയ്ക്ക് വിപണി തിരിയും. 


 

Latest News