Sorry, you need to enable JavaScript to visit this website.

കിഴക്കമ്പലം: ഓർമയും അനുഭവ പാഠവും


ആത്മാനുകരണത്തോളം മുഷിപ്പിക്കുന്നതായി വേറൊന്നില്ല. എഴുത്തുകാരനും വായനക്കാരനും മുഷിയും. എന്നാലും ഞാൻ അന്നേ പറഞ്ഞില്ലേ എന്ന മട്ടിലുള്ള പ്രതികരണവും കരണവുമായി നേരിടേണ്ട ചില സന്ദർഭങ്ങൾ എല്ലാവർക്കും ഉണ്ടാകും. അങ്ങനെയൊന്നാകട്ടെ ഇന്നത്തെ പംക്തി.

ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളെ മുപ്പത്തഞ്ചു കൊല്ലം മുമ്പത്തെ ചില സംഭവങ്ങളുമായി കൂട്ടിമുട്ടിക്കുന്നതാണ് വിഷയം. കിറ്റെക്‌സ് അല്ലെങ്കിൽ കിഴക്കമ്പലം ടെക്‌സ്‌റ്റൈൽസിനെ മുൻ നിർത്തി സംസ്ഥാന സർക്കാരിനെ വിഷമ വൃത്തത്തിലാക്കുന്നത് അതിന്റെ ചെയർമാൻ സാബു ജേക്കബാണെങ്കിൽ എൺപതുകളിൽ അദ്ദേഹത്തിന്റെ അച്ഛൻ എം.സി. ജേക്കബായിരുന്നു സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിനെ വെല്ലുവിളിച്ച വ്യവസായ പോരാളി. 

ബധിരരും മൂകരുമായ കുറെ കുട്ടികളെക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽനിന്ന് വായ്പ എടുത്ത് തുടങ്ങിയതായിരുന്നു കിഴക്കമ്പലം ടെക്‌റ്റൈൽസ്. അവരെ ഒരുമിപ്പിച്ചത് എം.സി. ജേക്കബ് എന്ന സൂത്രശാലിയായിരുന്ന വ്യവസായി. ബധിര-മൂക സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ ബാങ്കിൽ നിന്ന് വായ്പയെടുത്തു. അതിന്റെ വിനിയോഗം പവർ ഒഫ് അറ്റോർണി വഴി ജേക്കബ് ഏറ്റെടുത്തു. വേറെ പത്ത് കൊച്ചു സ്ഥാപനങ്ങളെ കൂടി ചേർത്ത് പിന്നീട് പ്രഖ്യാതമായ കിഴക്കമ്പലം ടെക്‌സ്‌റ്റൈൽസ് രൂപം കൊണ്ടു. 

വാസ്തവത്തിൽ ബാങ്കിനെ ജേക്കബ് വിരലിൽ നിർത്തുന്നത് പോലെയായിരുന്നു.  ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് അന്നേ ആരോപണമുണ്ടായിരുന്നു അകത്തും പുറത്തും. ആ പശ്ചാത്തലത്തിലാണ് ബാങ്ക് ആഴത്തിൽ ഒരു പരിശോധന നടത്താൻ നിർബന്ധിതമായത്.  ബാങ്ക് മേധാവികളിൽ ചിലർക്കും എം.സി. ജേക്കബിനും സുഖകരമല്ലാത്ത പരിശോധന നടത്തിയത് ആനന്ദ് കുമാർ എന്ന ഒരു കന്നഡ ഉദ്യോഗസ്ഥനായിരുന്നു. ആ പരിശോധനയുടെ വിശദാംശങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ എന്റെ റിപ്പോർട്ടിന്റെ ഭാഗമായി വന്നു. 

ഓർമയിൽനിന്നു പറയട്ടെ, 1984 ഒടുവിലെ ആ സംഭവം 'കിഴക്കമ്പലത്തെ വിശേഷങ്ങൾ: സേവനത്തിനുവേണ്ടി ഒരു വ്യവസായം' എന്നൊരു അധ്യായമായി ഉൾക്കൊണ്ട് 'കാലക്ഷേപം' എന്ന എന്റെ പുസ്തകം പത്തു കൊല്ലം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടു.  അതിനിടെ ബാങ്കിന്റെ തലപ്പത്ത് വലിയ മാറ്റങ്ങളുണ്ടായി. ആനന്ദ്കുമാർ സ്ഥലം മാറിപ്പോയി, ഇപ്പോൾ ബംഗളൂരുവിൽ വിശ്രമിക്കുന്നു. എം..സി. ജേക്കബ് മരണപ്പെട്ടു. മകൻ സാബു ജേക്കബ് കിഴക്കമ്പലം ഗ്രൂപ്പിന്റെ അമരക്കാരനായെത്തുന്നു. 

തൊഴിൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും കിഴക്കമ്പലത്ത് ലംഘിക്കപ്പെടുന്നു എന്നാണ് പുതിയ വികസന ഘട്ടത്തിലെ ആരോപണം. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ടി. തോമസും ബെന്നി ബഹ്‌നാനുമായിരുന്നു ആരോപണ കർത്താക്കൾ. തോമസ് നിയമസഭയിൽ പരാതി ഉയർത്തി. ബഹ്‌നാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അതേപ്പറ്റി അന്വേഷിക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കിഴക്കമ്പലത്ത് എത്തിയത് സാബു ജേക്കബിനെ ചൊടിപ്പിച്ചു. പിന്നെ അദ്ദേഹം വെല്ലുവിളിയായി, കേരളത്തിൽനിന്ന് തന്റെ വ്യവസായ ശൃംഖലയും 3500 കോടി നിക്ഷേപവും തെലങ്കാനയിലേക്ക് മാറ്റിക്കൊണ്ടുപോകുമെന്ന് ഭീഷണിയായി. കുട്ടിക്കളിയല്ല, 3500 കോടി രൂപയുടെ നിക്ഷേപം. അങ്ങനെ സാബു ജേക്കബ് സർക്കാരിനെ വിരട്ടിനിർത്താൻ നോക്കുന്ന അവസരത്തിൽ മൂന്നര പതിറ്റാണ്ടു മുമ്പ് നടന്ന കാര്യങ്ങൾ ഓർത്തെടുത്ത് എഴുതിയ 'കാലക്ഷേപം'  എന്ന പുസ്തകത്തിലെ പ്രസക്തമായ അധ്യായം ഇങ്ങനെ തുടരുന്നു.

'കൂനും കള്ളുനാറ്റവും ആരിലും ആദരമോ വിശ്വാസമോ ഉളവാക്കില്ല. കൂനിക്കൂടി, ശ്രദ്ധിക്കപ്പെടാത്ത ഭാവത്തിൽ, പിൻപറ്റി നിന്നു ആനന്ദ് കുമാർ. കുഴഞ്ഞ സംസാരവും നാറുന്ന വായയുമായി ആടിയാടി വന്നു പി. രാധാകൃഷ്ണൻ.  രണ്ടു പേരെയും ഞാൻ തികഞ്ഞ വിശ്വാസത്തോടെ, ആദരത്തോടെ വരവേറ്റു. വലിയൊരു കുംഭകോണത്തിന്റെ കഥ പറയാൻ വന്നതായിരുന്നു രണ്ടു പേരും.

'ബാങ്കിൽ എന്നേ സാംസാരമായി കഴിഞ്ഞിരുന്ന കിഴക്കമ്പലം ടെക്‌സ്‌റ്റൈൽസിന്റെ അക്കൗണ്ടിൽ ആനന്ദ്കുമാർ കൈ വെക്കുമോ  എന്നായിരുന്നു ചിലരുടെ ശങ്ക, പലരുടെയും പേടി. സർവാധികാര്യക്കാരായിരുന്ന പി..കെ നെടുങ്ങാടിക്ക് ശങ്കയേ ഉണ്ടായിരുന്നില്ല. 'കുലം മുടിക്കാൻ ഇറങ്ങിയവനാണ്. കുളം തോണ്ടും. കരുതിയിരിക്കാൻ എറണാകുളത്തെ ബാങ്ക് മാനേജർക്കു മാത്രമല്ല, കിഴക്കമ്പലത്തിന്റെ ഉടമയായ എം.സി. ജേക്കബിനും വിവരം കിട്ടി. ഓരോ ദിവസവും അവരെല്ലാം കരുതിയിരുന്നു.

 'കേൾവിയും സംസാരവും തടസ്സപ്പെട്ട പാവങ്ങളെ അണി നിരത്തിക്കൊണ്ട് ഒരു വ്യവസായം തുടങ്ങിയ ധീരനും ധിഷണാശാലിയുമായ സംരംഭകനായിരുന്നു കിഴക്കമ്പലത്തിന്റെ സ്ഥാപകൻ. ശബ്ദശൂന്യമായ ഒരു ലോകത്തിൽ കഴിയുന്ന ആ മനുഷ്യാത്മാക്കളുടെ മാർഗദർശിയും അഭയദായകനുമായിരുന്നു അദ്ദേഹം. അങ്ങനെയായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രീകരണം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിൽ എന്തു പരിശോധിക്കാൻ?....

'മാതൃസ്ഥാപനമായ കിഴക്കമ്പലം ടെക്‌സ്‌റ്റൈൽസ് വാസ്തവത്തിൽ, സാങ്കേതികാർഥത്തിൽ, മൂകരും ബധിരരുമായ അതിലെ തൊഴിലാളികളുടേതായിരുന്നു.  അവരായിരുന്നു അതിന്റെ ഓഹരിയുടമകൾ.  സൗജന്യ നിരക്കിൽ ബാങ്ക് വായ്പ അനുവദിച്ചത് അവർക്കായിരുന്നു. വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും അവർക്കു തന്നെ.  അവരുടെ രക്ഷിതാവും ഉപദേശകനും ഭരണകർത്താവുമായിരുന്നു എം.സി. ജേക്കബ്. അവർക്ക് വായ്പയും തറികളും ജോലിയും വാങ്ങിക്കൊടുത്തതും അദ്ദേഹമായിരുന്നു. അവരുടെ അംഗവൈകല്യം അതിനു സൗകര്യമുണ്ടാക്കി എന്നു മാത്രം. നിരക്ഷരരും വികലാംഗരും പാവപ്പെട്ടവരുമായ ആ നെയ്ത്തുതറിയുടമകൾ, അവർക്കുവേണ്ടി എല്ലാ നടപടികളും നടത്താൻ അവരുടെ രക്ഷകന് പവർ ഒഫ് അറ്റോർണി നൽകുകയായിരുന്നു
ആ പ്രഹേളിക ആനന്ദ്കുമാർ പൊളിച്ചുകാട്ടി. ഉടമകൾ കൂലിക്കാരായ സഹകരണ സംഘമായിരുന്നില്ല ആ സംരംഭം. തറിയുടമകളുമായായിരുന്നു ബാങ്കിന്റെ ഇടപാട്.  അവരുടെ പേരിൽ വായ്പ തേടുന്നു, അവരുടെ പേരിൽ വായ്പ അനുവദിക്കപ്പെടുന്നു. അവർ സ്വാഭാവികമായും വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാകുന്നു.  അനുവദിക്കപ്പെടുന്ന വായ്പ അവർക്കു വേണ്ടി കൈകാര്യം ചെയ്യുന്നത് മൂന്നാമതൊരാളാണെന്നു മാത്രം.  ഫലത്തിൽ എല്ലാം ചെയ്യുന്ന ആൾ, ഉടമകളുടെ അനുമതിപത്രത്തിന്റെ ബലത്തിൽ ഓരോന്നു ചെയ്തുകൊടുക്കുന്ന ആൾ. വിശേഷിച്ചൊരുത്തരവാദിത്തവും ബാങ്കിനോടില്ലാത്ത ആളായിരുന്നു. അതിൽ കയറിപ്പിടിച്ചു ആനന്ദ് കുമാർ.  

അന്വേഷിച്ചു ചെന്നപ്പോൾ ചില തറി ഉടമകൾ സ്ഥലത്തില്ലാത്തവരായിരുന്നു. ചിലർ ഉണ്ടോ എന്നു പോലും സംശയമായി. ഇല്ലാത്ത ഒരാൾക്ക്, കുറഞ്ഞ പലിശക്കായാലും വെറുതെയായാലും, വായ്പ കൊടുക്കുന്നതെങ്ങനെ? ഇല്ലാത്ത ഒരു ഇടപാടുകാരനു കൊടുക്കുന്ന വായ്പയെ തട്ടിപ്പ് എന്നു വിളിക്കാം.   ആരാണ് തട്ടിപ്പുകാർ എന്നേ സംശയിക്കേണ്ടതുള്ളൂ.  ഇടപാടുകാരനുമായി പരിചയപ്പെടുകയാണ് ഏതൊരു ബാങ്കിംഗ് സ്ഥാപനത്തിന്റെയും ആദ്യധർമം.

ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന എൻ.ബി. ബാനർജി മാത്രം അനൗപചാരികമായി ഇത്രയും പറഞ്ഞു.  'ആ വ്യവസായ സ്ഥാപനം ഒന്നു കാണുക.  നന്നായി നടക്കുന്നു. ബാങ്ക് കൊടുത്ത വായ്പ സുരക്ഷിതമായി, ലാഭകരമായി വിനിയോഗിക്കപ്പെടുന്നു. അത്ര പോരേ ഏതു ബാങ്കിനും?' അത്ര മതിയായിരുന്നു, ഒരു തരത്തിൽ നോക്കിയാൽ.

വേറൊരു തരത്തിൽ നോക്കുന്നതായിരുന്നു ആനന്ദ് കുമാറിന്റെ റിപ്പോർട്ട്.
സി. ബി. ഐ മേധാവികളും വേറൊരു തരത്തിൽ നോക്കി. ആനന്ദ് കുമാർ കണ്ടെത്തിയ കാര്യങ്ങളുടെ വെളിച്ചത്തിൽ പലയിടത്തും മിന്നൽ പരിശോധന നടത്തി. പിന്നെ ബാങ്ക് ആ സ്ഥാപനത്തിനെതിരെ കേസെടുത്തെന്നു കേട്ടു. സ്ഥാപനമാകട്ടെ പിന്നീടും വളരുകയും അതിന്റെ സേവനങ്ങളെ വാഴ്ത്തുന്ന കഥകൾ വരികയും ചെയ്തു....'. 
 

Latest News