Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

പുതു പുടവയണിഞ്ഞ് വിശുദ്ധ കഅ്ബാലയം

മക്ക - ലോകത്തിന്റെ അഷ്ടദിക്കുകളിലുമുള്ള മുസ്‌ലിംകൾ നമസ്‌കാരത്തിന് മുഖംതിരിക്കുന്ന ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയം പുതിയ പുടവയണിഞ്ഞു. ഞായറാഴ്ച അർധ രാത്രിയോടെയാണ് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്ന ജോലികൾ ആരംഭിച്ചത്. ഉമ്മുൽജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ട്രെയിലറിലാണ് പുതിയ കിസ്‌വ വിശുദ്ധ ഹറമിലെത്തിച്ചത്. 
കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ നിന്നുള്ള ജീവനക്കാർ കഅ്ബാലയത്തെ പുതിയ പുടവ അണിയിച്ച് പഴയ കിസ്‌വ അഴിച്ചുമാറ്റുകയായിരുന്നു. എല്ലാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിച്ചാണ് കിസ്‌വ മാറ്റ ചടങ്ങുകൾ പൂർത്തിയാക്കിയത്. നാലു ഭാഗങ്ങളും കവാടത്തിൽ തൂക്കുന്ന കർട്ടനും അടക്കം അഞ്ചു ഭാഗങ്ങൾ അടങ്ങിയ കിസ്‌വയുടെ ഓരോ ഭാഗവും വിശുദ്ധ കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്തത്.
 

Latest News