Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ ഇളവുകള്‍ കേരളം ഇന്ന് തന്നെ വിശദീകരിക്കണം- സുപ്രീം കോടതി

ന്യൂദല്‍ഹി- വലിയ പെരുന്നാള്‍ പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്ന്  കേരള സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചു. ഇളവുകള്‍ നല്‍കിയത് സംബന്ധിച്ച് ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

മൂന്ന് ദിവസത്തെ ലോക്‌ഡൌണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 0.2 ശതമാനം ടി.പി.ആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ടി.പി.ആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസുകള്‍ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയില്‍  ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ഡോണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

 

Latest News