ന്യൂദൽഹി- ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ തക്ക ശേഷിയുള്ളതാണ് ഈയടുത്ത ദിവസങ്ങളിലായി പുറത്തുവന്ന പെഗാസസ് ഫോൺ ചോർത്തൽ വിവാദം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നീതിന്യായ മേഖലയിലും മാധ്യമമേഖലയെയും ഒരുപോലെ പെഗാസസ് ചോർത്തിയെടുത്തിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള മുന്നൂറോളം ഫോണുകളിലെ വിവരങ്ങളാണ് ഇസ്രായിൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ചോർത്തിയത്. നാൽപത് മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നിരയിലെ മൂന്നു പ്രമുഖർ, ഭരണഘടന സ്ഥാപനത്തിലെ ഒരാൾ, നരേന്ദ്രമോഡി മന്ത്രിസഭയിലെ രണ്ടു പേർ, സുരക്ഷ സംഘടനകളിലെ ഇപ്പോഴുള്ള ഉദ്യോഗസ്ഥരുടെയും മുൻ ഉദ്യോഗസ്ഥരുടെയും ഫോണുകളാണ് ചോർത്തിയത്. രണ്ടു മലയാളി മാധ്യമ പ്രവർത്തകരുടെയും ഫോണുകൾ ചോർത്തിയിട്ടുണ്ട്. നിലവിൽ സുപ്രീം കോടതിയിൽ സേവനം ചെയ്യുന്ന ജഡ്ജിയുടെ വിവരങ്ങളും ചോർത്തിയെന്ന് സംശയിക്കുന്നു. 2018 ലും 2019 ലുമാണ് ഫോൺ ചോർത്തിയത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഫോൺ ചോർത്തൽ നടന്നത് എന്നാണ് സംശയിക്കുന്നത്. ഇന്ത്യക്ക് പുറമെ, അസർബൈജാൻ, ബഹ്‌റൈൻ, ഹംഗറ, കസാഖിസ്ഥാൻ, മെക്‌സികോ, മൊറോക്കോ, റുവാണ്ട, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെയും ഫോണുകൾ സമാന രീതിയിൽ ചോർത്തിയിട്ടുണ്ട്.
പൂനെയിലെ ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട എൽഗർ പരിഷത്ത് കേസിൽ പ്രതികളായ തൃശൂർ സ്വദേശി ഹനി ബാബു, കൊല്ലം സ്വദേശി റോണ വിൽസൻ, കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിന്റെ മകൾ കെ. പാവന, മാധ്യമപ്രവർത്തകരും മലയാളികളുമായ എം.കെ വേണു, സന്ദീപ് ഉണ്ണിത്താൻ, ജെ. ഗോപീകൃഷ്ണൻ, അമിത് ഷായുടെ മകൻ ജയ് ഷായുടെ ബിസിനസ് വളർച്ചയെ കുറിച്ച് വാർത്ത എഴുതിയ രോഹിണി കുറുപ്പ്, കൊച്ചി സ്വദേശിയായ ആക്ടിവിസ്റ്റ് ജയ്‌സൺ കൂപ്പർ എന്നിവരുടെയും ഫോണുകൾ ചോർത്തിയിട്ടുണ്ട്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര എ.ടി വകുപ്പ് പ്രതികരിച്ചു. നേരത്തെയും സമാന ആരോപണങ്ങൾ വന്നെങ്കിലും വസ്തുതാപരമായ തെളിവുകളില്ലെന്ന് ഐ.ടി വകുപ്പ് വ്യക്തമാക്കി.
അമിത് ഷായുടെ മകൻ ജയ് ഷാ, നിഖിൽ മർച്ചന്റ് എന്നിവരെ കുറിച്ച് ലേഖനം എഴുതിയത് മുതലാണ് തന്നെ നോട്ടമിട്ട് തുടങ്ങിയതെന്ന് രോഹിണി കുറുപ്പ് പ്രതികരിച്ചു.
അതേസമയം, ഇസ്രായിലിന്റെ ചാര സോഫ്റ്റ് വെയർ ഇന്ത്യയിലെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിനോയ് വിശ്വം എം.പി രാജ്യസഭയിലും എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിലും നോട്ടീസ് നൽകി. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഫോൺ ചോർത്തൽ ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി ബി.ജെ.പി സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ടാകും എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.