മക്ക- വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഖമീസ് മുഷൈത്തിൽനിന്ന് ഒട്ടകപ്പുറത്തേറി പുറപ്പെട്ട സ്വദേശി യുവാവ് മക്കയിലെത്തി. 25 ദിവസം മുമ്പ് സ്വദേശത്ത് നിന്ന് പുറപ്പെട്ട്, ചരിത്രവീഥികളിലൂടെ മാത്രം 675 കിലോമീറ്റർ സഞ്ചരിച്ചാണ് ഉസ്മാൻ അൽശാഹീൻ ഹജിനെത്തിയത്. സൗദി അറേബ്യ ഹാജിമാരുടെ സേവനത്തിനായി ചെയ്ത അത്ഭുതകരമായ വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെടുന്നതിനാണ് താൻ പ്രാചീനമായ വഴി തെരഞ്ഞെടുത്തതെന്ന് ഇദ്ദേഹം പറഞ്ഞു. സൗദിയിലെ പരമ്പരാഗത വേഷം ധരിച്ചാണ് ഉസ്മാൻ അൽശാഹീൻ യാത്ര പുറപ്പെട്ടതെന്നാണ് മറ്റൊരു സവിശേഷത. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ ഇദ്ദേഹത്തിന്റെ യാത്രാവിവരം പങ്കുവെച്ചിരുന്നു. സൗദി വേഷത്തിൽ ആദ്യമായി ഹിമാലയവും എവറസ്റ്റ് കൊടുമുടിയും കീഴടക്കിയ അൽശാഹീൻ ഇത്തരത്തിൽ നിരവധി വീരഗാഥകൾ രചിച്ച വ്യക്തിത്വമാണ്.






