Sorry, you need to enable JavaScript to visit this website.

പശ്ചിമബംഗാള്‍ സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു

 

കൊച്ചി- കഴിഞ്ഞ ദിവസം മരിച്ച പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി മിറാജുല്‍ മുന്‍സിയുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഭൗതിക ശരീരം നാട്ടിലേക്ക് അയച്ചത്.
പശ്ചിമബംഗാളില്‍ എത്തിയാല്‍ ഡംഡം വിമാനത്താവളത്തില്‍നിന്ന് മുര്‍ഷിദാബാദിലെ കാസിപാര, ധനിരംപുര്‍ കോളണിയിലെ വസതിയിലേക്ക് എത്തിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് തൊഴില്‍ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കും സംഭവത്തില്‍ ഇടപെട്ടു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നഭ്യര്‍ഥിച്ച് എറണാകുളം ജില്ലാ കലക്ടര്‍ മുര്‍ഷിദാബാദ് ജില്ലാ കലക്ടര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തു.
ആക്രി സാധനങ്ങള്‍ ശേഖരിച്ച് ചേരാനെല്ലൂരിലെ ഗോഡൗണില്‍ എത്തിച്ചു നല്‍കുന്ന ജോലി ചെയ്തിരുന്ന മിറാജുല്‍ മുന്‍സി കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിവരം അറിഞ്ഞ് തൊഴില്‍ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും എറണാകുളം രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറോട് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍
ശേഖരിച്ച് അതിഥി തൊഴിലാളിയുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള റിവോള്‍വിംഗ് ഫണ്ട് ഉപയോഗിച്ച് മൃതദേഹം വിമാനമാര്‍ഗം സ്വദേശത്തെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍
അതിവേഗം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മിറാജുലിന്റെ ഭാര്യ സുഖിനാ ഖാട്ടൂന്‍ ബീബിയുടെയും മക്കളായ ഖദീജാ ഖാട്ടൂന്‍, ഹബിജു ഖാട്ടൂന്‍ എന്നിവരുടെ യാത്രച്ചെലവ് തൊഴിലുടമ വഹിക്കാമെന്നേല്‍ക്കുകയും ചെയ്തതോടെ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി.

 

 

 

 

Latest News