ലഖ്‌നൗ- ഉത്തർ പ്രദേശിൽ കടുത്ത തണുപ്പു മൂലം ദുരിതമനുഭവിക്കുന്ന ദരിദ്രർക്കു പുതപ്പു വിതരണം ചെയ്ത വേദിയിൽ ഫോട്ടോയിൽ ആരു വരണമെന്നതിനെ ചൊല്ലി ബി.ജെ.പി എം.പിയുടേയും എം.എൽ.എയുടേയും അനുയായികൾ തമ്മിലടിച്ചു. പുതപ്പ് ആര് ആദ്യം വിതരണം ചെയ്യണമെന്നതു സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പോലീസും ജില്ലാ അധികാരികളും നോക്കി നിൽക്കെയാണ് പോര് അരങ്ങേറിയത്. ഈ കയ്യാങ്കളിയുടെ വീഡിയോ ആരോ മൊബൈലിൽ പകർത്തുകയും ചെയ്തതോടെ പ്രചരിക്കുകയും ചെയ്തു.
ബി.ജെ.പി ലോക്‌സഭാ എംപി രേഖ വർമ കാക്കി ധരിച്ച ഒരാളെ അടിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്. തന്നെ എതിർക്കാൻ വന്ന മറ്റൊരാളെ രോഷാകുലയായ ഇവർ ചെരിപ്പൂരി അടിക്കാൻ ശ്രമിക്കുന്ന ദൃശ്യവും ഇതിലുണ്ട്. കടുത്ത തണുപ്പു മൂലം നിരവധി പേർ മരിച്ച സാഹചര്യത്തിൽ പാവപ്പെട്ടവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കും പുതപ്പുകൾ വിതരണം ചെയ്യാൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. മഹോളി എം.എൽ.എ ശശാങ്ക് ത്രിവേദിയുടെ ഒരു അനുയായിയെ എം.പി ശകാരിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം.
ഈ ശകാരം തീരുന്നതിനു മുമ്പ് തന്നെ പരിപാടി നടക്കുന്ന ഹാളിൽ മറ്റൊരിടത്തു എം.എൽ.എയുടെ അനുയായികൾ ചേർന്ന് ഇവരുടെ മകനെ കയ്യേറ്റം ചെയ്തു. മകനെ രക്ഷിക്കാനായി ഓടി എത്തിയ എം.പി അവിടെ ഉണ്ടായിരുന്ന പോലീസുകാരനെ അടിക്കുകയും ചെയ്തു. രംഗം വഷളായതോടെ സിതാപൂർ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് മേധാവിയും സ്ഥലത്തെത്തി ഇരുവിഭാഗത്തേയും അനുനയിപ്പിക്കുകയായിരുന്നു.