Sorry, you need to enable JavaScript to visit this website.

അച്ഛനെ കൊല്ലാന്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ജയിലില്‍

ലണ്ടന്‍- ബ്രിട്ടീഷുകാരിയായ കാമുകിയുമായുള്ള ബന്ധം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ ബോംബ്  വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ കൗമരാക്കാരന് എട്ടു വര്‍ഷം ജയില്‍ ശിക്ഷ.

ഇന്റര്‍നെറ്റിലെ രഹസ്യ സൈറ്റ് വഴി കാര്‍ ബോംബ് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് 19-കാരനായ ഗുര്‍തേജ് സിങ് രണ്‍ധവ കഴിഞ്ഞ വര്‍ഷം മേയില്‍ അറസ്റ്റിലായത്. ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സിയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഈ രഹസ്യ ഓണ്‍ലൈന്‍ ഇടപാട് കണ്ടെത്തുകയും പാഴ്‌സല്‍ ഗുര്‍തേജിന്റെ കയ്യിലെത്തുന്നതിനു മുമ്പ് കാര്‍ ബോംബിനു പകരം മറ്റൊരു സാധനം വെക്കുകയായിരുന്നു. പിന്നീട് ഇതു ഏറ്റു വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടുകയും ചെയ്തു. 

കൊലപാതകം നടത്താനായി  സ്‌ഫോടക വസ്തു വാങ്ങാന്‍ ശ്രമിച്ച കുറ്റമാണ് ഗുര്‍തേജിനെതിരെ ചുമത്തിയത്. ബര്‍മിങ്ങാം ക്രൗണ്‍ കോര്‍ട്ട് 2017 നവംബറിലാണ് ഗുര്‍തേജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ് ഗുര്‍തേജ് ഓണ്‍ലൈനായി ബോംബ് വാങ്ങിയത്. വീട്ടുവിലാസത്തിനു പകരം മറ്റൊരു വിലാസമാണ് നല്‍കിയിരുന്നത്. കാമുകിയുമായുള്ള ബന്ധം അമ്മ കണ്ടെത്തിയതിനു ശേഷമാണ് ഇയാള്‍ ബോംബ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു ഗുര്‍തേജ്.

Latest News