Sorry, you need to enable JavaScript to visit this website.

എറണാകുളത്തും സിക്ക വൈറസ്, ജില്ലയിലെ ആദ്യ രോഗി വാഴക്കുളം സ്വദേശി

കൊച്ചി-എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് സിക്ക വൈറസ് രോഗംസ്ഥീരീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യ പ്രവര്‍ത്തകയായി ജോലി നോക്കുന്ന 34 വയസുള്ള വാഴക്കുളം സ്വദേശിനിക്കാണ് സിക്ക വൈറസ് രോഗം ബാധിച്ചത്. ഇവര്‍ ജൂലായ് 12 ന് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിയ ശേഷം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലായ് 14ന് സാമ്പിള്‍ ശേഖരിക്കുകയും തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ കുടുംബാഗങ്ങള്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.
പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാതലത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും ആര്‍.ആര്‍.ടി യോഗം ചേരുകയും ചെയ്തു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഫോഗിങ്, ഇന്‍ഡോര്‍ സ്‌പേസ് പ്രേയിങ് തുടങ്ങിയ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രദേശത്തെ ഗര്‍ഭിണികളായ സ്ത്രീകളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് സിക്ക റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം, ജില്ലാതല ആര്‍.ആര്‍.ടി യോഗം ചേരുകയും, ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. 

Latest News