Sorry, you need to enable JavaScript to visit this website.

സമവായനീക്കം സജീവം; ഇന്ന് ചീഫ് ജസ്റ്റിസിനെ കാണും

ന്യൂദൽഹി- സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന നാല് ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സമവായ ശ്രമങ്ങളുടെ ഭാഗമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും. വൈകിട്ട് ഏഴരയോടെ ആയിരിക്കും കൂടിക്കാഴ്ച. 

ഇന്നലെ ചേർന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചർച്ച നടത്താന്‍ ബാർ കൗൺസിൽ ഏഴംഗ സമിതിയെ നിയോഗിച്ചത്. ചീഫ് ജസ്റ്റിസുമായി വൈകുന്നേരം കൂടിക്കാഴ്ച്ച നടത്തുന്ന സമിതിയംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരുമായും ചർച്ച നടത്തും.

പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി ബാർ അസോസിയേഷനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഫുൾകോർട്ട് വിളിച്ച് പരിഹാരം തേടണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം. മുഴുവൻ പൊതുതാൽപര്യ ഹരജികളും ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിർന്ന നാല് അംഗങ്ങൾ അധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമവായ ശ്രമങ്ങളും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാൻ വീട്ടിലെത്തിയെങ്കിലും മടക്കി അയച്ചിരുന്നു. 

Latest News