റിയാദിൽ മഴയും പൊടിക്കാറ്റും, സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

റിയാദിലെ പൊടിക്കാറ്റ് ദൃശ്യം

റിയാദ്- തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റും മഴയുമുണ്ടായതിനെ തുടർന്ന് റോഡുകളിൽ ഗതാഗതതടസ്സമുണ്ടായി. മാസങ്ങൾക്ക് ശേഷമാണ് റിയാദിൽ മഴയെത്തുന്നത്. ഇത് കനത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമേകി.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തുടരുന്നതിനാൽ റോഡുകളിൽ കാഴ്ചക്കുറവ് കാരണമാണ് ഗതാഗത തടസ്സമുണ്ടായത്. റിയാദിലും സമീപ ജില്ലകളിലും ഇതേ കാലാവസ്ഥയാണ് തുടരുന്നത്. ഞായറാഴ്ചയും മഴക്ക് സാധ്യതയുണ്ട്. പൊടിപടലങ്ങളിൽ നിന്ന് സുരക്ഷിതരാകണമെന്ന് എല്ലാ വിദേശികളോടും സ്വദേശികളോടും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. വീടുകളുടെ വാതിലുകളും ജനലുകളും അടക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. എല്ലാ ഹെൽത്ത് സെന്ററുകളിലും അത്യാവശ്യ മെഡിക്കൽ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ഉഷ്ണകാലാവസാനമായതിനാൽ റിയാദിൽ അടുത്ത ദിവസങ്ങളിൽ മഴയും അതേ തുടർന്ന് മലയോര മേഖലകളിൽ വെള്ളപ്പൊക്കവും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി അറിയിച്ചു. അടുത്ത സെപ്തംബർ ആറിനാണ് ഉഷ്ണ കാലം അവസാനിക്കുക. ഇതിനോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് റിയാദിന്റെ പടിഞ്ഞാർ, തെക്കുപടിഞ്ഞാർ ഭാഗങ്ങളിൽ. ഹജ് സീസൺ അവസാനിക്കുന്നത് വരെ ഈ കാലാവസ്ഥ വ്യതിയാനം തുടരാനാണ് സാധ്യത. ഇതോടെ താപനിലയും കുറയും. അല്‍ഹായിര്‍ റോഡ്, അല്‍ഖര്‍ജ് റോഡ്, വാദില്‍ ഐന്‍, ഹോത്ത ബനീ തമീം എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടായി

 


 

Latest News