Sorry, you need to enable JavaScript to visit this website.

ബീമാപള്ളി വെടിവെപ്പും 'മാലിക്കും'

ആറു പേർ സംഭവസ്ഥലത്തും പരിക്കേറ്റ മൂന്നുപേർ പിന്നീടും കൊല്ലപ്പെട്ട, ഐക്യകേരളം കണ്ട രണ്ടാമത്തെ വലിയ വെടിവെപ്പായിട്ടും രാഷ്ട്രീയ കേരളം സമർത്ഥമായി മുക്കിയ, 12 വർഷം കഴിഞ്ഞിട്ടും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പോലും പുറംലോകത്തെ കാണിക്കാത്ത ബീമാപള്ളി വെടിവെപ്പാണ് മാലിക് എന്ന സിനിമയുടെ പ്രമേയം. ഒരു മുസ്‌ലിം പാർട്ടിയുടെ എം.എൽ.എക്കു വെടിവെപ്പിൽ പങ്കുണ്ടെന്ന, യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രീകരണമടക്കം സംഭവത്തോടും ഇരകളോടും സത്യസന്ധത പുലർത്തിയോ എന്ന ചോദ്യം പ്രസക്തമായിരിക്കുമ്പോൾ തന്നെ, മാധ്യമങ്ങളടക്കം കണ്ണടച്ച ബീമാപള്ളി വെടിവെപ്പ് പൊതുസമൂഹത്തിൽ ചർച്ച ചെയ്യാൻ ഈ സിനിമക്കാകുമെങ്കിൽ അത്രയും നന്ന്.  തീർച്ചയായും മികച്ച രീതിയിൽ സൃഷ്ടിക്കപ്പെട്ട സിനിമ തന്നെ. മലയാളത്തിലെ പുതുതലമുറ നടന്മാരിൽ ഒന്നാമൻ ഫഹദ് തന്നെ എന്ന് മാലിക് ഒരിക്കൽ കൂടി അടിവരയിടുന്നു.


2009 മെയ് 17 നായിരുന്നു വെടിവെപ്പു നടന്നത്. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും പുറംലോകം കാണാതെ എവിടെയോ ചിതൽ പിടിച്ചു കിടക്കുന്നു. അതേ കുറിച്ച് ചോദിക്കാൻ പോലും തയാറാകാത്ത രീതിയിൽ കേരളത്തിന്റെ സാമൂഹ്യ മനഃസാക്ഷി മരവിച്ചുപോയിരിക്കുന്നു. അതുകൊണ്ടാണ് സംഭവം പൊതുസമൂഹത്തിൽ ചർച്ച ചെയ്യാൻ ഈ സിനിമക്കാകുമെങ്കിൽ അത്രയും നന്ന് എന്നു പറഞ്ഞത്. 


വർഗീയ ലഹളയെന്നു ഒരിക്കലും പറയാനാവാത്ത, എന്നാൽ അങ്ങനെ ചിത്രീകരിക്കപ്പെട്ട ഒന്നായിരുന്നു അന്ന് ബീമാപള്ളി പരിസരത്ത് നടന്നത്. ഒമ്പതു പേർ മരിച്ചതിനു പുറമെ നിരവധി പേർക്ക് പരിക്കേറ്റു. വെടിയുണ്ടകൾ കഴിയുന്നതുവരെ എഴുപതോളം റൗണ്ടാണ് പോലീസ് വെടിവെച്ചത്. 27 ഓളം പേർക്ക് വെടിയേറ്റ പരിക്കു തന്നെയുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് നടന്ന ചെറിയ ചില പ്രശ്‌നങ്ങളൊഴികെ കാര്യമായ അസ്വാരസ്യങ്ങളോ വർഗീയ പ്രശ്‌നങ്ങളോ അവിടെയില്ലായിരുന്നു. ബഹളം കേട്ട് ഓടിവന്നവർക്കും ഫുട്‌ബോൾ കളിച്ചിരുന്നവർക്കും മറ്റുമാണ് പ്രധാനമായും പരിക്കേറ്റത്. മരിച്ചവരെല്ലാം ഒരു സമുദായത്തിൽ പെട്ടവർ തന്നെ. കൗതുകകരമായ കാര്യം ഇത്രയും രൂക്ഷമായ വെടിവെപ്പുണ്ടായിട്ടും അതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ അന്നു തന്നെ കേരളം തയാറായിരുന്നില്ല എന്നതാണ്.


ചെറിയതുറ പള്ളിയെ കേന്ദ്രീകരിച്ച ക്രിസ്ത്യാനികളും ബീമാ പള്ളിയെ കേന്ദ്രീകരിച്ച മുസ്‌ലിംകളുമായുള്ള സംഘർഷമാണ് വെടിവെപ്പിനു കാരണമായി പ്രചരിക്കപ്പെട്ടതെങ്കിലും അതിനുള്ള തെളിവുകളൊന്നും പോലീസിനു പോലും ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മറിച്ച് അത്തരത്തിലൊന്നു സൃഷ്ടിക്കാൻ ചില ഗുണ്ടകൾ ശ്രമിച്ചിരുന്നു. അവരുടെ പിറകിൽ ചില ശക്തികളും ഉണ്ടായിരിക്കും. മെയ് 8 ന് സ്ഥലത്തെ പ്രധാനപ്പെട്ട ഒരു ഗുണ്ട ബീമാപള്ളി പരിസരത്തെ ഒരു കടയിൽ കയറി പ്രശ്‌നമുണ്ടാക്കിയിരുന്നു. പിന്നീട് 15 ന് ഇയാൾ  ബീമാപള്ളിയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ ഒരാളിൽ നിന്ന്  കാർ പാർക്കിംഗിനെന്ന പേരിൽ പണം വാങ്ങാൻ ശ്രമിച്ചതിൽ നിന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇയാൾക്കെതിരെ നടപടിയെടുക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും അതു പാലിച്ചില്ല. 16 ന് രാത്രി ഗുണ്ടയുടെ  സംഘവും ബീമാപള്ളിക്കടുത്ത എതാനും പേരും പൂന്തുറ റോഡിൽ ഏറ്റുമുട്ടി. 17 ന് ബീമാപള്ളിയിലേക്കുള്ള വാഹനങ്ങൾ ഗുണ്ടയും സംഘവും തടയുകയായിരുന്നു. ഉറൂസ് മഹാമഹം നടക്കാനിരിക്കേയായിരുന്നു വാഹനങ്ങൾ തടഞ്ഞത്. പോലീസ് ഇടപെടാതിരുന്നതിനെ തുടർന്ന് കടളെല്ലാം അടച്ചു. 


ഈ സമയത്ത് അധികാരികളും പോലീസും സമചിത്തതയോടെ ഇടപെട്ടിരുന്നെങ്കിൽ പിന്നീടുണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു. എന്നാൽ സംഭവിച്ചതതല്ല. ബീമാപള്ളിയിൽ നിന്ന് വൻസംഘം അക്രമം നടത്താൻ ചെറിയതുറയിലേക്കു പോകുന്നു, അവരുടെ കൈവശം ബോംബുകളടക്കമുള്ള ആയുധങ്ങളുണ്ട് എന്ന കിംവദന്തി പരത്തുകയായിരുന്നു സാമൂഹ്യ ദ്രോഹികൾ ചെയ്തത്. അതേക്കുറിച്ച് അന്വേഷിക്കുകയോ മുന്നറിയിപ്പുകൾ നൽകുകയോ ചെയ്യാതെ പോലീസ് തുരുതുരാ വെടിവെക്കുകയായിരുന്നു.


ആരായിരുന്നു ബീമാപള്ളി വെടിവെപ്പിനു പിറകിലെ ഗൂഢാലോചന നടത്തിയതെന്ന് ഇന്നും വ്യക്തമല്ല. അതു പുറത്തു വരാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയിരിക്കുന്നത്. അന്വേഷണ കമ്മീഷൻ 2014 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഭരിച്ചിരുന്നത് ഇടതു സർക്കാരായിരുന്നു. പിന്നീട് യു.ഡി.എഫ് സർക്കാർ വന്നു. വീണ്ടും ഇടതു സർക്കാർ വന്നു. എന്നിട്ടും റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഏതാനും മനുഷ്യാവകാശ പ്രവർത്തകർ സ്ഥലത്തെത്തി അന്വേഷിച്ച് റിപ്പോർട്ടൊക്കെ പ്രസിദ്ധീകരിച്ചെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുഖ്യാധാരാ മാധ്യമങ്ങളുമെല്ലാം അതിനെ അവഗണിക്കുകയായിരുന്നു. അന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിച്ച പത്ത് ലക്ഷം രൂപ പിന്നീടുള്ള വർഷങ്ങളിൽ മരിച്ചവർക്ക് ലഭിച്ചില്ല. വെടിവെപ്പിൽ പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയുമായി കഴിയുകയാണ്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുക, പിന്നീടുള്ള വർഷങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ തന്നെ നിലനിൽക്കുന്നു. 


ഇത്തരമൊരു സാഹചര്യത്തിലാണ് ഈ സിനിമ വരുന്നത്. വെടിവെപ്പിലെത്തിയ സംഭവങ്ങളെ കുറിച്ച് സിനിമയിലൊരു വിവരണമുണ്ട്. അതിനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. എന്നാൽ ഇത്തരത്തിൽ സെൻസിറ്റീവായ വിഷയത്തിൽ നരേഷൻ ഉണ്ടാക്കുമ്പോൾ അത് യാഥാർത്ഥ്യങ്ങൾക്ക് കടകവിരുദ്ധമാകുന്നത് സാമൂഹ്യ കുറ്റകൃത്യമാണ്. ഒരു മുസ്‌ലിം രാഷ്ട്രീയ കക്ഷിയേയും അതിന്റെ എം.എൽ.എയേയും സംഭവത്തിനു കാരണക്കാരായി ചിത്രീകരിക്കുന്നത് സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ പച്ചയായ രാഷ്ട്രീയ കുറ്റകൃത്യമാണെന്നു തന്നെ പറയേണ്ടിവരും. അത്തരമൊരു ആരോപണം ഇന്നേവരെ ഉന്നയിക്കപ്പെട്ടിട്ടു പോലുമില്ല. പോലീസാണ് വെടിവെപ്പിന് ഉത്തരവാദിയെന്നൊക്കെ അവസാനം പറയുമ്പോഴും ഈ വിവരണം തെറ്റാണെന്ന സൂചനയില്ല. അങ്ങനെ പരിശോധിക്കുമ്പോൾ തുടക്കത്തിൽ പറഞ്ഞ പോലെ ബീമാപള്ളി വെടിവെപ്പിനെ പൊതുസമൂഹത്തിൽ കൊണ്ടുവന്നതിന് അഭിനന്ദനം അർഹിക്കുന്ന സംവിധായകൻ അതിനെ പ്രകടമായി ദുർവ്യാഖ്യാനം ചെയ്തതും ഇരകളോടു നീതിപുലർത്താതിരുന്നതും മാപ്പർഹിക്കാത്ത തെറ്റു തന്നെയാണ്.
സിനിമയുടെ സൗന്ദര്യാത്മക വശത്തേക്ക് കടക്കാനുദ്ദേശിക്കുന്നില്ല. തീർച്ചയായും മികച്ച രീതിയിൽ സൃഷ്ടിക്കപ്പെട്ട സിനിമ തന്നെ. ഫഹദ് ഫാസിൽ അടക്കം ചിത്രത്തിലെ പ്രധാന നടീനടന്മാരെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.

Latest News