ശാസ്ത്ര സാങ്കേതിക മേഖലയിലെ കേരളത്തിന്റെ അഭിമാന സ്തംഭമായ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) അമ്പത് വർഷം പിന്നിട്ട് അതിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ്. 1971 ൽ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ കൊച്ചിൻ യൂനിവേഴ്സിറ്റി എന്ന പേരിൽ അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച ഒരു സ്വയംഭരണ സർവകലാശാലയാണ് കുസാറ്റ്. ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ സി.എച്ചിന്റെ നാമം വിസ്മരിച്ചിരിക്കുകയാണ് ആഘോഷക്കമ്മിറ്റി. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ ഏറ്റവും വലിയ സംഭാവനകൾ അർപ്പിച്ച സി.എച്ചിനെ കുസാറ്റ് അവഗണിക്കുകയാണെങ്കിൽ അതിന്റെ നഷ്ടവും കുറച്ചിലും കുസാറ്റിന് മാത്രമാണ്. സി.എച്ചിന്റെ ഖ്യാതിക്കോ സൽപേരിനോ വ്യക്തിത്വത്തിനോ യാതൊരു പോറലും അതേൽപിക്കുകയില്ല.
കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന സന്ദർഭത്തിൽ കേരളത്തിൽ ഒരു സർവകലാശാല മാത്രമാണുണ്ടായിരുന്നത്. തിരുവനന്തപുരത്തെ കേരള യൂനിവേഴ്സിറ്റി. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും ഐ.ഐ.ടികളും സ്വയംഭരണ സർവകലാശാലകളും സംസ്ഥാന സർവകലാശാലകളും ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്. 1957 ൽ സംസ്ഥാനം രൂപം കൊണ്ടെങ്കിലും കേരളത്തിന്റെ ശുഷ്‌കമായ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കാൻ ആവശ്യമായ നടപടികൾ കാര്യമായി ഉണ്ടായില്ല. എന്നാൽ 1967 ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ സി.എച്ച് വിദ്യാഭ്യാസ മന്ത്രി ആയതോടു കൂടിയാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കുതിപ്പുണ്ടായത്. 1968 ൽ കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചുകൊണ്ട് അദ്ദേഹം പ്രായണമാരംഭിച്ചു. ഒന്നാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് 1971 ൽ കൊച്ചിൻ യൂനിവേഴ്സിറ്റിക്കും അദ്ദേഹം തുടക്കം കുറിച്ചു.
1968 ൽ സി.എച്ച് നടത്തിയ അമേരിക്കൻ സന്ദർശനമാണ് കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പുരോഗതിക്ക് നാന്ദി കുറിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) യുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാനാ ആസാദിന് 1950 ൽ ബംഗാളിലെ ഖരഖ്പൂരിൽ ഐ.ഐ.ടി സ്ഥാപിക്കാൻ പ്രചോദനമായത് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആയിരുന്നു. സി.എച്ചിന്റെ സ്വപ്നം അതുപോലെയുള്ള ഒരു സ്ഥാപനം കേരളത്തിലും ഉണ്ടാവണമെന്നായിരുന്നു. എന്നാൽ അത്തരമൊരു ചിന്തയോ അതിനുള്ള അടിസ്ഥാന സൗകര്യങ്ങളോ കേരളത്തിലുണ്ടായിരുന്നില്ല. ദൽഹി, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ പട്ടണങ്ങൾക്ക് മാത്രം ചിന്തിക്കാവുന്ന കാര്യങ്ങളായിരുന്നു അത്. മാനവവിഭവ ശേഷിയിലും ബിരുദധാരികളുടെയും അഭ്യസ്ത വിദ്യരുടെയും എണ്ണത്തിലും മുന്നിലായിരുന്ന കേരളത്തിന് കാഴ്ചപ്പാടും ആത്മവിശ്വാസവും വളർത്തിയെടുത്താൽ കൊച്ചിയെയും മറ്റു പട്ടണങ്ങളെപ്പോലെ ഉയർത്താൻ സാധിക്കുമെന്ന് സി.എച്ചിന് നല്ല ഉറപ്പുണ്ടായിരുന്നു.
സി.എച്ചിന്റെ അമേരിക്കൻ യാത്രയെ വിവരിച്ചുകൊണ്ട് കെ.എം. റോയ് എഴുതിയത് വായിച്ചാൽ കൊച്ചിൻ യൂനിവേഴ്സിറ്റിയെ കുറിച്ചുള്ള സി.എച്ചിന്റെ ആശയവും ആത്മാർത്ഥതയും ബോധ്യപ്പെടും. 'വിദേശ രാജ്യങ്ങളുടെ വളർച്ച കേരളത്തിന്റെ പുരോഗതിക്കെങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയായിരുന്നു ഓരോ വിദേശ യാത്രയിലും അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്. അതിന്റെ പ്രകടമായ തെളിവാണ് കേരളത്തിന് ഒരു ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന സി.എച്ചിന്റെ മനസ്സിൽ ഉദയം ചെയ്ത ആശയം. അമേരിക്ക സന്ദർശിച്ച അവസരത്തിൽ മുഹമ്മദ് കോയയെ ഏറ്റവും ആകർഷിച്ചതും 'മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി' എന്ന സ്ഥാപനമാണ്. വിശ്വവിഖ്യാതമായ ഈ സ്ഥാപനം സന്ദർശിക്കാൻ ഇടയായപ്പോൾ സി.എച്ചിന്റെ മനസ്സിൽ ഉദയം ചെയ്ത ആശയമാണ് ഇപ്പോൾ ലോകത്തിൽ ഉയർന്നു നിൽക്കുന്ന കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല.' (അക്ഷര കേരളത്തിന്റെ ആത്മസുഹൃത്ത്, ഒലിവ് ബുക്‌സ് പേജ് 83, 84).
1968 ജൂൺ 15 മുതൽ ഓഗസ്റ്റ് 6 വരെയുള്ള രണ്ടു മാസത്തോളം സി.എച്ച് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ പര്യടനത്തിലായിരുന്നു. ഒരു വിനോദ സഞ്ചാരിയായിട്ടല്ല, മറിച്ച് വിദ്യാഭ്യാസ ഗവേഷകനായിട്ടായിരുന്നു അദ്ദേഹം അവിടെ പോയത്. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതും അദ്ദേഹം കണ്ടു. അദ്ദേഹം എഴുതിയ യാത്രാവിവരണത്തിൽ അമേരിക്കയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെ കുറിച്ചാണ് ഏറെയും പ്രതിപാദിക്കുന്നത്. 'അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി വിശദമായി പഠിക്കുകയാണ് എന്റെ പഠനോദ്ദേശ്യങ്ങളിലൊന്ന്' (യാത്ര, സി.എച്ച്, പേജ് 333) എന്നെഴുതിയ അദ്ദേഹം പിന്നീട് കേരള നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു: 'വാഷിംഗ്ടൺ, ന്യൂയോർക്ക്, ആൽബനി, ബഫല്ലോ, സിയൂസിറ്റി, ഒഹായോ, ഒറിഗൺ, സാൻഫ്രാൻസിസ്‌കോ, ഹോണോലുലു എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും പല യൂനിവേഴ്സിറ്റി കേന്ദ്രങ്ങളിലും ചെന്ന് അവിടുത്തെ വിദ്യഭ്യാസരീതി നേരിട്ടു കണ്ട് മനസ്സിലാക്കുകയും ചെയ്തു. വിദ്യാഭ്യാസ വിദഗ്ധന്മാർ, അധികൃതർ, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി ചർച്ചകൾ നടത്തി. ഈ പര്യടനത്തിലുണ്ടായ അനുഭവങ്ങൾ തീർച്ചയായും പ്രയോജനപ്പെടുത്താൻ ശ്രമിക്കും.' (സി.എച്ച് 22/08/1968 നിയമസഭ ആർക്കൈവ്‌സിൽ നിന്ന്).
എന്നാൽ സി.എച്ചിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളോട് സി.പി.എം കുശുമ്പ് കാണിച്ചുതുടങ്ങി. വിദ്യാഭ്യാസ വിഷയങ്ങളെല്ലാം സി.പി.എമ്മുമായി ചർച്ച ചെയ്യണമെന്നും അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കാവൂ എന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായി. ഒരു വർഷത്തിനുള്ളിൽ ഇ.എം.എസ് മന്ത്രിസഭ നിലംപതിച്ചു. സി.എച്ചിന്റെ സ്വപ്നങ്ങളിൽ കൊച്ചിൻ യൂനിവേഴ്സിറ്റി ബാക്കിയായി. 1970 ൽ അച്യുതമേനോന്റെ നേതൃത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ അധികാരമേറ്റപ്പോൾ സി.എച്ച് വീണ്ടും വിദ്യാഭ്യാസ മന്ത്രിയായി. സി അച്യുതമേനോൻ എന്ന പ്രതിഭാധനനായ മുഖ്യമന്ത്രിക്ക് സി.എച്ചിന്റെ ആത്മാർഥത ബോധ്യപ്പെട്ടു. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് വേണ്ടി ഓർഡിനൻസ് കൊണ്ടുവന്നു. ഓർഡിനൻസിനെതിരെ സി.പി.എം നേതാക്കൾ നിയമസഭയിൽ ശക്തമായി വാദിച്ചു. 1971 ൽ അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ കൊച്ചിൻ യൂനിവേഴ്സിറ്റി ആരംഭിക്കുന്നതിന് വേണ്ടി സി.എച്ച് 1971 ഏപ്രിൽ 30 നു തന്നെ ബിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സി.പി.എം നേതാക്കൾ വാശിപിടിച്ചു.
അന്ന് സി.എച്ച് പറഞ്ഞ വാചകങ്ങൾ ഇങ്ങനെ: 'കേരള സർവകലാശാലയിൽ നിന്നും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വ്യത്യസ്തമായി, കൊച്ചി വ്യാവസായിക മേഖലയുടെ പ്രത്യേകത മുൻനിറുത്തി, സാങ്കേതിക വിഷയങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്ത്, ഈ രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക വളർച്ചയെ സഹായിക്കുന്ന ഒരു പുതിയ സർവകലാശാലയുണ്ടാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ കീഴിൽ അഫിലിയേറ്റഡ് കോളേജുകൾ വളരെ ചേർത്ത് വലിപ്പം കൂട്ടാൻ ശ്രമിക്കാതെ, ദൃഢ നിയന്ത്രണം ചെലുത്തി കോൺസ്റ്റിറ്റുവെന്റ് കോളേജുകളുമായി ബന്ധപ്പെടുത്തി ഫെഡറൽ സ്വഭാവമുള്ള ഒരു യൂനിവേഴ്സിറ്റിയായി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.' വളരെ ദീർഘവീക്ഷണത്തോടെ സി.എച്ച് പറഞ്ഞ കാര്യങ്ങളൊന്നും കേൾക്കാൻ കൂട്ടാക്കാതെ ചില സാങ്കേതികത്വങ്ങളിൽ കടിച്ചുതൂങ്ങി യൂനിവേഴ്സിറ്റി ആരംഭിക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു സി.പി.എം. ഒരു ഫെഡറൽ (ഓട്ടോണമസ്) യൂനിവേഴ്സിറ്റി എന്ന ആശയത്തെ അവർ നഖശിഖാന്തം എതിർത്തു.
ചർച്ചകളിൽ സി.എച്ചിനെ അപമാനിക്കാനുള്ള ശ്രമങ്ങളും നടന്നു. ആറന്മുള എം.എൽ.എ പി.എൻ. ചന്ദ്രസേനൻ സി.എച്ചിനെ അവഹേളിക്കുന്ന വിധം പറഞ്ഞു: 'പ്രഗത്ഭന്മാരായ മുണ്ടശ്ശേരി, പനമ്പിള്ളി, ആർ. ശങ്കർ എന്നിവർ ഇരുന്ന കസേരയിൽ ലീഗിന്റെ തൊപ്പി മാത്രം യോഗ്യതയായുള്ള ഒരു വ്യക്തി കയറി കുത്തിയിരിപ്പു സത്യഗ്രഹം നടത്തിയാൽ ഇതും ഇതിനപ്പുറം നടക്കും. ഈ വിധ കാര്യങ്ങൾ വിവരമുള്ളവരെ ഏൽപിക്കണം.' ചന്ദ്രസേനന് കൃത്യമായ മറുപടി നൽകിക്കൊണ്ട് സി.എച്ച് പറഞ്ഞു: 'ചന്ദ്രസേനൻ എന്ത് പ്രസംഗിക്കുമ്പോഴും ഞാൻ ഇവിടെ ഇരിക്കുന്നതിലുള്ള കണ്ണുകടിയോടു കൂടിയാണ് പ്രസംഗിക്കുന്നത്. നൈരാശ്യത്തിൽ നിന്നുണ്ടായതാണ് ആ കണ്ണുകടി. അദ്ദേഹം വലിയ പ്ലാനുകൾ ഉണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ പോളിറ്റ് ബ്യൂറോ വലിയ കാര്യങ്ങൾ തീരുമാനിച്ചിരുന്നു. (ചന്ദ്രസേനനെ വിദ്യാഭ്യാസ മന്ത്രി ആക്കുമെന്നായിരുന്നു തീരുമാനം). എന്നാൽ മുഖ്യമന്ത്രി (ഇ.എം.എസ്) നിയമസഭ പിരിച്ചുവിടാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ഷോക്കാണ് അദ്ദേഹത്തിന്റേത്. അതിന് ഞാൻ വലിയ അർഥം കൽപിക്കുന്നില്ല.'
ജനാധിപത്യ മൂല്യങ്ങളിലും പ്രതിപക്ഷ ബഹുമാനത്തിലും ഉറച്ചുനിന്ന സി.എച്ച് സി.പി.എമ്മിന്റെ നിർബന്ധത്തിനു വഴങ്ങി 22 അംഗ സെലക്ട് കമ്മിറ്റി പ്രഖ്യാപിച്ചു. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ് എന്നിവരാണ് ആ കമ്മിറ്റിയിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ. സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭ 1971 ഓഗസ്റ്റ് 12 നാണ് ചർച്ച ചെയ്തു തുടങ്ങിയത്. ഓഗസ്റ്റ് 17 നു ബിൽ പാസാവുകയും ചെയ്തു. എന്നാൽ യൂനിവേഴ്സിറ്റി ജൂലൈ 10 നു തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിട ശിലാസ്ഥാപനം സെപ്റ്റംബർ 18 ന് സി.എച്ച് തന്നെയാണ് നിർവഹിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തോടൊപ്പം പ്രവർത്തിച്ചിരുന്ന മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയെ തന്നെ യൂനിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ ആക്കിയത് സി.എച്ചിന്റെ നീതിബോധത്തെ വിളിച്ചറിയിക്കുന്നു. 1986 മുതൽ കുസാറ്റ് എന്ന പേരിലറിയപ്പെടുന്ന കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ ബുദ്ധിയും ഹൃദയവും സ്പന്ദനവും സി.എച്ച് തന്നെയായിരുന്നു എന്നത് ആര് നിഷേധിച്ചാലും സാധിക്കാത്ത വിധം ചരിത്രരേഖകൾ ജീവിച്ചിരിപ്പുണ്ട്.
'തേജസ്വി നാ വധിത മസ്തു' അഥവാ 'സംഭരിക്കപ്പെട്ട ജ്ഞാനം ഉന്നത ചിന്തകളിലേക്ക് നയിക്കുകയും പ്രപഞ്ചത്തിലേക്ക് വ്യാപിക്കുകയും ചെയ്യട്ടെ' എന്ന മുദ്രാവാക്യമാണ് യൂനിവേഴ്സിറ്റിയുടെ തിരുനെറ്റിയിൽ കുറിച്ചിട്ടുള്ളത് എന്ന് ജൂബിലി ആഘോഷക്കമ്മിറ്റിക്കാർ ഓർത്തെടുക്കുമെന്ന് പ്രത്യാശിക്കാം.