Sorry, you need to enable JavaScript to visit this website.

ത്യാഗത്തിന്റെ ഉജ്വല സ്മരണകൾ

ഹജിന്റെ ചൈതന്യം - 5

നവജാത ശിശുവിന്റെ നൈർമല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു. തിരിച്ചറിവും തീവ്രമായ അവബോധവും തിന്മക്കെതിരായ പോരാട്ട വീര്യവുമായാണ് മടക്കം. വർഷാവർഷം ഇങ്ങനെ ദശലക്ഷങ്ങൾ ലോകത്തിന്റെ സകല മുക്കുമൂലകളിലേക്ക് ഈ വിശുദ്ധ പോരാളികൾ വന്നെത്തുമ്പോൾ ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്. കോവിഡ് മഹാമാരിക്കിടെ, കഴിഞ്ഞ ഹജ് കർമത്തിന് പുറംനാടുകളിൽ നിന്ന് തീർഥാടകർക്കെത്താൻ സാധിക്കാത്തതിന്റെ വ്യഥകൾക്കിടെയാണ് രണ്ടാം തവണയും ഹജ് വന്നെത്തുന്നത്. 

 

തൽബിയത്ത് ചൊല്ലിക്കെലണ്ടുപോയ ഹാജിമാർ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീർ ചൊല്ലിയാണ് മടങ്ങുന്നത്. അറഫയിൽ ഹജ് നിർവഹിക്കുമ്പോൾ ലോകമെങ്ങും ബലിപെരുന്നാളാണ്. ആബാലവൃദ്ധം ലോക മുസ്ലിംകൾ ഹാജിമാരൊപ്പം തക്ബീർ ചൊല്ലുന്നു. ഹാജിമാർ ബലികർമം നിർവഹിക്കുമ്പോൾ ലോകമുസ്ലിംകളും ബലികർമം നിർവഹിക്കുന്നു. തലേ ദിവസം ഹാജിമാർ അറഫയിലായിരുന്നപ്പോൾ ലോക മുസ്ലിംകൾ വ്രതമനുഷ്ഠിച്ചും പ്രാർത്ഥനാനിരതരായും അറഫാ സമ്മേളനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
ബലികർമം കേവല ബലികർരമല്ല. ഇബ്രാഹിം (അ) ദൈവാജ്ഞ പ്രകാരം പ്രിയപുത്രൻ ഇസ്മാഈലി (അ) നെ ബലികൊടുക്കാൻ സന്നദ്ധനായതിന്റെ ഉജ്വല മാതൃകയെ പിൻപറ്റിക്കൊണ്ടുള്ള ത്യാഗസന്നദ്ധതയുടെ പ്രതിജ്ഞാപൂർവമുള്ള ഒരു കർമമാണത്. ഇബ്രാഹിം (അ) തനിക്കേറ്റവും പ്രിയപ്പെട്ട, വാർധക്യ കാലത്ത് ആറ്റുനോറ്റു കിട്ടിയ പൊന്നോമന പുത്രനെ റബ്ബിന്റെ കൽപന പ്രകാരം ബലികൊടുക്കാൻ തയാറായി. വേണ്ടിവന്നാൽ നാമും നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും ത്യജിക്കാൻ, ബലികൊടുക്കാൻ തയാറാവേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ബലിക്ക് ഒരർത്ഥമുള്ളൂ. 'ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്വയാണ് അല്ലാഹുവിലേക്കെത്തുക.' (22:37) 'നിങ്ങൾക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാതെ (ത്യജിക്കാതെ) നിങ്ങൾ പുണ്യം (ബിർറ്) പ്രാപിക്കുകയേ ഇല്ല' (3:92)
പിശാചിനെതിരെ പോരാടി ജയിച്ച ശേഷം പോരാട്ട മാർഗത്തിലെ ത്യാഗസന്നദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കാൻ തല മുണ്ഡനം ചെയ്തിരിക്കവേ ഒരു ശങ്കയുദിക്കുന്നു; പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല; ബദ്റിൽ തോറ്റോടിയവർ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദിൽ വീണ്ടും വന്നത് ചരിത്രമാണ്. ആകയാൽ പോരാട്ടം നിറുത്തിവെച്ചുകൂടാ. അങ്ങനെ ദുൽഹജ് 11 നും 12 നും 13 നും ഏറ് തുടരുന്നു. ഒടുവിൽ കരുണാവാരിധിയായ റബ്ബ് ഇങ്ങനെ നമ്മോട് പറയുന്നതായി നമുക്ക് കരുതാം: 'പാവപ്പെട്ട ഹാജീ, നീ വിദൂര ദിക്കിൽ നിന്ന് വന്ന് കുറെ നാളുകളിലായി കർമനിരതനാണ്; പരിക്ഷീണിതനാണ്; തൽക്കാലം ഏറ് നിർത്താം. പക്ഷേ, ഒന്നുണ്ട്, നാട്ടിൽ തിരിച്ചെത്തിയാൽ നീ ഇവിടെ തൽക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യം വരെ അക്ഷീണം അനവരതം തുടരണം...' അങ്ങനെ ഹാജി ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈർമല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു. തിരിച്ചറിവും തീവ്രമായ അവബോധവും തിന്മക്കെതിരായ പോരാട്ട വീര്യവുമായാണ് മടക്കം. വർഷാവർഷം ഇങ്ങനെ ദശലക്ഷങ്ങൾ ലോകത്തിന്റെ സകല മുക്കുമൂലകളിലേക്ക് വിശുദ്ധ പോരാളികൾ വന്നെത്തുമ്പോൾ ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്. കോവിഡ് മഹാമാരിക്കിടെ, കഴിഞ്ഞ ഹജ് കർമത്തിന് പുറംനാടുകളിൽ നിന്ന് തീർഥാടകർക്കെത്താൻ സാധിക്കാത്തതിന്റെ വ്യഥകൾക്കിടെയാണ് രണ്ടാം തവണയും ഹജ് വന്നെത്തുന്നത്. 
ഹജുമായി ബന്ധപ്പെട്ട ചരിത്രത്തിൽ മുഖ്യമായും മൂന്ന് പേരുണ്ട് ഇബ്രാഹീം, ഹാജറ, ഇസ്മാഈൽ (അ). ഭർത്താവ്, ഭാര്യ, സന്തതി എന്നിവകളുടെ ഉജ്വല പ്രതീകങ്ങളാണിവർ. ഇബ്രാഹീം (അ) സാധിച്ച മഹാവിപ്ലവത്തിലെ മാതൃക ഓരോ മുസ്ലിം കുടുംബത്തിനും അനുകരണീയമാണ്. ഈ മൂന്ന് വിഭാഗവും പരസ്പരപൂരകമായി വർത്തിക്കണമെന്നതാണാ ഗുണപാഠം. എങ്കിലേ മാറ്റം - വിപ്ലവം - പൂർണമാകൂ - അല്ലാഹു അക്ബർ (അവസാനിച്ചു) 


[email protected]

(സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗമാണ് ലേഖകൻ) 

Latest News