ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി

മക്ക- വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി. ഇന്ന് രാവിലെയാണ് ഹാജിമാർ മക്കയിൽ എത്തിയത്. ഹാജിമാരെ പ്രാരംഭ ത്വവാഫ് ചെയ്യിക്കുന്നതിന് അഞ്ഞൂറോളം പേരാണ് സേവന സജ്ജരായി മക്കയിലുള്ളത്. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച അറുപതിനായിരത്തോളം പേരാണ് ഇക്കുറി ഹജ് കർമം നിർവഹിക്കുന്നത്. 
ഹജ് തീർഥാടകർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളും ആരോഗ്യ പരിചരണങ്ങളും നൽകാൻ വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലും റെഡ് ക്രസന്റിനു കീഴിൽ 300 ലേറെ വളണ്ടിയർമാർ പ്രവർത്തിക്കുന്നു. റെഡ് ക്രസന്റ് പ്രവർത്തനങ്ങൾക്കും ഹജ് പദ്ധതിക്കും പിന്തുണയെന്നോണമാണ് വളണ്ടിയർമാർ സേവനമനുഷ്ഠിക്കുന്നത്. വളണ്ടിയർമാർക്കിടയിൽ അണുബാധാ നിയന്ത്രണ മേഖലാ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലും മുൻകരുതൽ, പ്രതിരോധ നടപടികൾ ബാധകമാക്കുന്നതിൽ ഇവർ പങ്കാളിത്തം വഹിക്കുന്നു. ഓക്‌സിജൻ ബാഗുകൾ അടക്കം പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ആവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും അടങ്ങിയ 30 ഫസ്റ്റ് എയിഡ് ബാഗുകകൾ റെഡ് ക്രസന്റ് വളണ്ടിയർ സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ സ്വീകരിച്ച് തീർഥാടകർക്ക് ആവശ്യമായ പരിചരണങ്ങളും സഹായങ്ങളും നൽകാൻ ഇലക്‌ട്രോണിക് പാരാമെഡിക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 
ഹജ് പദ്ധതിക്കും തീർഥാടകരുടെ സഞ്ചാരപഥങ്ങൾക്കും അനുസൃതമായി വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലുമായി 25 കേന്ദ്രങ്ങളിലാണ് വളണ്ടിയർ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നതെന്ന് വളണ്ടിയർ വിഭാഗം മേധാവി ഹനാ അൽശംറാനി പറഞ്ഞു. വളണ്ടിയർമാരിൽ 60 ശതമാനം പേർ ഡോക്ടർമാരും 30 ശതമാനം പേർ നഴ്‌സുമാരും പത്തു ശതമാനം പേർ ഫാർമസിസ്റ്റുകളും ഫിസിയോ തെറാപ്പിസ്റ്റുകളും മറ്റുമാണെന്നും ഹനാ അൽശംറാനി പറഞ്ഞു.
 

Latest News