അമ്പല നടത്തിപ്പിന് പണമില്ല, പാത്രങ്ങള്‍ വില്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം- നിത്യാവശ്യത്തിന് പോലും പണം കണ്ടെത്താന്‍ കഴിയാതെ കേരളത്തിലെ ക്ഷേത്രങ്ങള്‍.  നിത്യോപയോഗത്തിനുള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങള്‍ പരിമിതപ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചു. മണ്ഡലകാലത്ത് ശബരിമലയില്‍നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന വരുമാനം. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലത്ത് കാര്യമായ വരുമാനം കിട്ടിയില്ല. മാസപൂജ സമയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

കാണിക്കയായി കിട്ടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് അവസാനഘട്ടത്തിലാണ്. 500 കിലോയില്‍ താഴെ സ്വര്‍ണമേ ക്ഷേത്രങ്ങളില്‍ ഉണ്ടാകൂ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വരുമാന ചോര്‍ച്ച തടയാന്‍ പരിശോധനകള്‍ ശക്തമാക്കും. ശബരിമലയിലെ വെല്‍ച്വല്‍ ക്യൂവിന്റെ ചുമതല പൊലീസില്‍നിന്നു ഏറ്റെടുക്കാന്‍ തല്‍ക്കാലം ആലോചനയില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരെ പിരിച്ചുവിടില്ലെന്നും വാസു നിഷേധിച്ചു.

 

Latest News