റിയാദ് -സൗദി ഉദ്യോഗാർഥികളിൽ 54 ശതമാനവും സെക്കണ്ടറിയിൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വെളിപ്പെടുത്തുന്നു. 12.3 ലക്ഷം ഉദ്യോഗാർഥികളാണ് രാജ്യത്തുള്ളത്. ഉദ്യോഗാർഥികളിൽ 84.5 ശതമാനവും വനിതകളാണ്. തൊഴിലന്വേഷകരായ 10.4 ലക്ഷം വനിതകളാണ് രാജ്യത്തുള്ളത്. പുരുഷ ഉദ്യോഗാർഥികൾ 1,90,800 ആണ്.
കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. രണ്ടാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് ഇതു തന്നെയായിരുന്നു. സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിവരികയാണെങ്കിലും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ പതിനാലു ശതമാനം വർധനവ് രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ ഉദ്യോഗാർഥികൾ 10.8 ലക്ഷമായിരുന്നു. ആദ്യ പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ഉദ്യോഗാർഥികളുടെ എണ്ണം 36 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ പാദത്തിൽ ഉദ്യോഗാർഥികൾ 9,07,000 ആയിരുന്നു. ഉദ്യോഗാർഥികൾ എന്നതു കൊണ്ട് തൊഴിൽരഹിതരയല്ല വിവക്ഷിക്കുന്നത്. കൂടുതൽ മികച്ച തൊഴിൽ തേടി സിവിൽ സർവീസ് മന്ത്രാലയത്തിലും മാനവശേഷി വികസന നിധിയിലും രജിസ്റ്റർ ചെയ്തവർ അടക്കമുള്ള സൗദികളെയാണ് ഉദ്യോഗാർഥികളായി പരിഗണിക്കുന്നത്.






