Sorry, you need to enable JavaScript to visit this website.

സാക്കിര്‍ നായിക്കിന്റെ ചിത്രമുള്ള പുസ്തകം യു.പിയില്‍ വിവാദത്തില്‍

അലീഗഢ്- പ്രശസ്ത ഇസ്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ വിശിഷ്ട വ്യക്തിയായി പരിചയപ്പെടുത്തുന്ന പുസ്തകം യു.പിയില്‍ വിവാദത്തില്‍. അലിഗഢിലെ ദോധ്പുര്‍ ഇസ്‌ലാമിക് മിഷന്‍ സ്‌കൂള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് പ്രശസ്ത ഇസ്‌ലാമിക വ്യക്തിത്വമായി പരിചയപ്പെടുത്തുന്നത്. ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ഇല്‍മുന്നാഫി എന്ന പുസ്തകത്തില്‍ വേറെയും എട്ട് മുസ്‌ലിം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്‌കൂളിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം. മുംബൈ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ സാക്കിര്‍ നായിക്കിനെതിരെ  ഭീകരതയും പണം വെളുപ്പിക്കലും ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്ത പശ്ചാത്തലത്തിലാണ് പുസ്തകം വിവാദമായത്. സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നീക്കം ട്രൈബ്യൂണല്‍ തടഞ്ഞിട്ടുണ്ടെങ്കിലും മലേഷ്യയില്‍നിന്ന് സാക്കിര്‍ നായിക്കിനെ കൈമാറി കിട്ടുന്നതിന് ഇന്റര്‍പോള്‍ വഴി എന്‍.ഐ.എ ശ്രമം തുടരുകയാണ്. സാക്കിര്‍ നായിക്ക് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നുമാണ് ആരോപണം.
കുട്ടികളുടെ പൊതുവിജ്ഞാനം വളര്‍ത്തുകയെന്ന് ലക്ഷ്യത്തോടെ രണ്ടു വര്‍ഷം മുമ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും അടുത്ത സെഷനില്‍ സാക്കിര്‍ നായിക്കിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കാമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പുസ്തകത്തില്‍ സാക്കിര്‍ നായിക്കിനെ കുറിച്ച് പ്രത്യേക പാഠമില്ലെന്നും സ്‌കൂള്‍ മാനേജര്‍ കൗനൗന്‍ കൗസര്‍ പറഞ്ഞു. 2015 ല്‍ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ സാക്കിര്‍ നായിക്കിനെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇത് പഴയ പതിപ്പാണെന്നും പുതിയ പതിപ്പില്‍ പാഠം പരിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിരവധി ചിത്രങ്ങള്‍ പുസ്തകത്തിലെ 20 ാം പേജില്‍ ചേര്‍ത്തിട്ടുണ്ട്. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഇവരെ തിരിച്ചറിഞ്ഞ് പേരുകള്‍ എഴുതണം. സാക്കിര്‍ നായിക്കിനെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സാക്കിര്‍ നായിക്കിനെ നായകനാക്കി അവതരിപ്പിക്കുന്ന അലീഗഢ് സ്‌കൂളിന്റെ പുസ്തകത്തെ കുറിച്ച് അന്വേഷിക്കാനും സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും ഉത്തര്‍ പ്രദേശ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കയാണ്.

 

Latest News