ന്യൂദൽഹി- ജാമ്യ ഉത്തരവുകൾ ജയിലുകളിലേക്ക് പറന്നെത്തണം പക്ഷേ, പ്രാവുകളുടെ കൈവശം കൊടുത്തയക്കുന്ന പതിവ് വേണ്ടെന്ന് സുപ്രീംകോടതി. തപാൽ വഴി താമസിച്ചെത്തുന്ന ജാമ്യ ഉത്തരവുകൾക്കൊരു പരിഹാരമായി ഇനി രാജ്യത്തെ ജയിലുകളിൽ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തണം എന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഒരു മാസത്തിനുള്ളിൽ രാജ്യത്തെ ജയിലുകളിൽ 'ഇ സംവിധാനം' നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വിവര സാങ്കേതിക വിദ്യയുടെ ഈ യുഗത്തിലും കടലാസിനായി കാത്തിരിക്കുന്ന ജയിൽ അധികൃതരുടെ അനാസ്ഥയെ കോടതി കുറ്റപ്പെടുത്തി. വിവര സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിലും ആകാശത്തിലൂടെ പ്രാവുകളുടെ കൈവശം ഉത്തരവുകൾ വരുന്നതും കാത്തിരിപ്പാണെന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി രമണ ഇതേക്കുറിച്ചു പറഞ്ഞത്.
തടവുകാരുടെ ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ഇലക്ട്രോണിക് ട്രാൻസ്മിറ്റ് വഴി ജാമ്യ ഉത്തരവുകൾ നൽകണം. ഉത്തരവ് ഇറങ്ങിയ ഉടൻ അത് ജയിൽ അധികൃതർക്ക് ലഭിക്കാനാണ് ഈ സംവിധാനം. ജാമ്യ ഉത്തരവിറങ്ങിയിട്ടും ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം.






