ന്യൂദല്‍ഹി- ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നാളെ ദല്‍ഹിയില്‍ എത്തുന്നു. വന്‍ ബിസിനസ് പ്രതിനിധി സംഘത്തെ നയിച്ചെത്തുന്ന അദ്ദേഹം സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും. ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിച്ചതിനെതിരെ യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ എതിര്‍ത്തു വോട്ട് ചെയ്തത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ ഒട്ടും വിള്ളലുണ്ടാക്കിയിട്ടില്ല. 15 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഒരു ഇസ്രായില്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.
നെത്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അതീവ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു തല സുരക്ഷാ കവചമാണ് ദല്‍ഹിക്കു പുറമെ അഹമ്മദാബാദും മുംബൈയും സന്ദര്‍ശിക്കുന്ന നെതന്യാഹുവിനായി ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും കമാന്‍ഡോകള്‍ക്കും മറ്റു സുരക്ഷാ സംവിധാനങ്ങള്‍ക്കും പുറമെ ഭക്ഷണ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമായി പ്രത്യേക അടുക്കള നിരീക്ഷണ യൂണിറ്റുമുണ്ട്.
ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ പൂര്‍ണ സുരക്ഷാ കവചത്തോടെയാണ് നെതന്യാഹു ദല്‍ഹിയില്‍ ഇറങ്ങുക. ഷിന്‍ ബെറ്റിനെ കുടാതെ ഇസ്രായിലിന്റെ പ്രത്യേക ഭീകരവിരുദ്ധ സേനയായ യമാസ് അംഗങ്ങളും അകമ്പടിയായുണ്ടാകും. നെതന്യാഹുവിന്റെ വിദേശ സന്ദര്‍ശനങ്ങളുടെ പൂര്‍ണ സുരക്ഷാ ചുമതലയുള്ള ഷിന്‍ ബെറ്റ് മേധാവി നദവ് അര്‍ഗമാനും അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെത്തും. നെതന്യാഹു താമസിക്കുന്ന താജ് ഡിപ്ലോമാറ്റിക് എന്‍ക്ലേവ് പൂര്‍ണമായും ഇസ്രയില്‍ സുരക്ഷാ ഏജന്‍സിയുടെ നിരീക്ഷണത്തിലാകും.
വിമാനങ്ങളും മിസൈലുകളും മറ്റു നിരീക്ഷിക്കുന്ന അവാക്‌സ് റഡാര്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഏതു കാലാവസ്ഥയിലും ആകാശ നിരീക്ഷണം സാധ്യമാക്കുന്ന മുന്നറിയിപ്പ് സംവിധാനമാണിത്. ഇതിനു പുറമെ ദല്‍ഹിയിലുടനീളം റോഡുകള്‍ അടച്ചും വഴിതിരിച്ചുവിട്ടും സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളില്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. പോലീസിനെ കൂടാതെ അര്‍ധസൈനികരും രംഗത്തുണ്ട്.
അതീവ സുരക്ഷാ മുന്‍കരുതലുകള്‍ സാധാരണ ജനജീവിതത്തെ ബാധിച്ചേക്കും. റോഡുകളില്‍ യാത്ര എളുപ്പമാവില്ല. കൂടാതെ ടെലികമ്മ്യൂണിക്കേഷനും സുരക്ഷാ നിരീക്ഷണത്തിലായതോടെ മൊബൈല്‍ ഫോണ്‍ വിളികള്‍ക്കും പ്രശനങ്ങള്‍ നേരിട്ടേക്കാം.
നെതന്യാഹു ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരമാണ് ഇരു നേതാക്കളും തുറന്ന വാഹനത്തില്‍ യാത്ര ചെയ്യുക. ബുധനാഴ്ച പൂര്‍ണമായും നെതന്യാഹു മോഡിയുടെ നാടായ ഗുജറാത്തിലായിരിക്കും. സബര്‍മതി സന്ദര്‍ശനത്തിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഉല്‍ഘാടനത്തിലും പങ്കെടുക്കുന്നുണ്ട്. നെതന്യാഹുവിന് വിപുലമായ സ്വീകരണം നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും അറിയിച്ചിട്ടുണ്ട്.
ബോളിവുഡ് സിനിമാ നിര്‍മാതാക്കളെ ഇസ്രയേലിലേക്ക് ക്ഷണിക്കുന്നതിന് നെത്യാഹു മുംബൈയിലേക്കു പോകും. സിനിമാ ചിത്രീകരണത്തിന് ഇസ്രായില്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ വിശദീകരിക്കാനാണ് അദ്ദേഹം ബോളിവുഡിലെത്തുന്നത്.
ദല്‍ഹിയിലെത്തുന്ന നെതന്യാഹു പ്രധാനമന്ത്രി മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും. തിങ്കഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. ചൊവ്വാഴ്ച ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും.
വ്യവസായ പ്രമുഖരടക്കം 130 പേരടങ്ങുന്ന സംഘവുമായി എത്തുന്ന നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോഡി നടത്തിയ ഇസ്രായില്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ്.