പരോളില്‍ പോയവര്‍ ഉടനെ മടങ്ങേണ്ട, കോവിഡാണ് കാരണം

ന്യൂദല്‍ഹി- പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. കോവിഡാണ് കാരണം. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ജാമ്യം അനുവദിക്കുന്ന സുപ്രീം കോടതി ഉത്തരവുകള്‍ നേരിട്ട് ജയിലുകളില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ എത്തിക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി.

ജയിലുകളില്‍ കോവിഡ് പടരാതിരിക്കാന്‍ പരോള്‍ അപേക്ഷകളില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ സംസ്ഥാന ഉന്നതാധികാര സമിതികളോട് സുപ്രീം കോടതി മെയ് 7ന് നിര്‍ദേശിച്ചിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ പരോള്‍ ലഭിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ പരോളില്‍ കഴിയുന്നവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടരുത് എന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു.

പല സംസ്ഥാനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കുന്നതിനാണ് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ച് ദിവസത്തിനകം കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

 

Latest News