Sorry, you need to enable JavaScript to visit this website.

സമഭാവനയുടെ ഹജ്: സമർപ്പണത്തിന്റെ പെരുന്നാൾ  

ഹജും ബലിപെരുന്നാളും സമാഗതമാവുകയാണ്. മഹാമാരിയുടെ കാലത്ത് കനത്ത നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഇത്തവണയും വിശ്വാസികൾ ഹജ് നിർവഹിക്കുന്നതും ബലിപെരുന്നാൾ ആഘോഷിക്കുന്നതും. വിദേശങ്ങളിൽ നിന്നുള്ളവർക്ക് ഇത്തവണ ഹജിനുള്ള അവസരം ഇല്ലെങ്കിലും ലോകത്തിന്റെ അഷ്ടദിക്കുകളിലുമുള്ള വിശ്വാസികളുടെയും മനസ്സും പ്രാർത്ഥനയും മക്കയോടൊപ്പമാണ്. മഹാമാരിയുടെ കാലത്ത് മുഴുവൻ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ച് കുറ്റമറ്റ രീതിയിലാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ഹജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുള്ളത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കും ഈദ് നമസ്‌കാരങ്ങൾക്കും കൃത്യമായ മാനദണ്ഡങ്ങൾ നിർണയിച്ചിട്ടുണ്ട്. 


ലോകചരിത്രത്തിന് ഓർമ വെച്ച നാളുതൊട്ടു ഹജിന്റെ കഥകൾ വിവരിക്കപ്പെട്ടിട്ടുണ്ട്. ദൂരയാത്രകൾ അതിസാഹസികമായി നിർവഹിക്കേണ്ടി വന്നിരുന്ന കാലത്തും മനുഷ്യർ മലമ്പാതകളും മരുഭൂമികളും താണ്ടി മക്കയിലേക്കൊഴുകി എത്തിയിട്ടുണ്ട്. ഹജിന്റെ യാത്രകളെ കുറിച്ച് ഖുർആൻ അതിമനോഹരമായി വിശദീകരിക്കുന്നു: 'ജനങ്ങൾക്കിടയിൽ നീ ഹജിനെ കുറിച്ച് വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നു കൊള്ളും.' (22:27). ഒട്ടകങ്ങളും കുതിരകളും മറ്റും യാത്രക്കായി ഉപയോഗിച്ചിരുന്ന കാലത്തെ കുറിച്ച് ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: 'ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങൾക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങൾ വഹിച്ചു കൊണ്ടുപോകുകയും ചെയ്യുന്നു.' (16:7). ക്ലേശങ്ങൾ നിറഞ്ഞിരുന്ന ഹജ് എന്നാൽ, ആധുനിക കാലത്ത് സൗകര്യങ്ങൾ വർധിച്ചപ്പോൾ ആചാരവും ചടങ്ങുമായി മാറിയിരിക്കുന്നു. ആത്മാവില്ലാത്ത ഒരു മൃതശരീരത്തെപ്പോലെ ജനങ്ങൾ അതിനെ കൈകാര്യം ചെയ്തുതുടങ്ങിയിരിക്കുന്നു. 


വർഷാവർഷം  നിർവഹിക്കപ്പെടേണ്ട അർത്ഥമില്ലാത്ത ആചാരമോ ചടങ്ങോ അല്ല ഹജും പെരുന്നാളും. അതിന്റെ അകത്തളങ്ങളിൽ വലിയ ആശയ പ്രപഞ്ചമുണ്ട്. അതിന്റെ ഓരോ കർമങ്ങൾക്കും വ്യക്തമായ അർത്ഥതലങ്ങളുണ്ട്. സൃഷ്ടിച്ച നാഥനെ കുറിച്ചുള്ള അവബോധവും അവനു സമർപ്പിക്കേണ്ട ആരാധനകളുടെ മഹത്വവും അവൻ നിശ്ചയിച്ച നന്മതിന്മകളുടെ അതിർവരമ്പുകളെ കുറിച്ചുള്ള ഉൾക്കാഴ്ചയുമാണ് ഹജും പെരുന്നാളും മാനവകുലത്തിന് സമ്മാനിക്കുന്നത്. ഇതറിഞ്ഞ് ഹജ് നിർവഹിക്കുന്ന ഒരാളുടെ ഹൃദയം പ്രകാശിക്കുക തന്നെ ചെയ്യും. അയാളുടെ മനസ്സ് മഞ്ഞുരുകുന്നതുപോലെ ഉരുകി തന്റെ നാഥനോട് സകല തെറ്റുകളും ഏറ്റുപറഞ്ഞ് പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്യും. ഹജ് കഴിയുന്നതോടെ അയാളുടെ ചേതസ്സ് ശാന്തവും നിർമലവുമായിത്തീരും.  


ഹജിന്റെ വിളംബരം പ്രതിപാദിക്കുന്ന വചനത്തിന് തൊട്ടുമുമ്പായി ഖുർആൻ അതിന്റെ ലക്ഷ്യവും ആദർശവും വിശദീകരിക്കുന്നുണ്ട്. കഅ്ബാലയമാണ് ഹജിന്റെ കേന്ദ്ര ബിന്ദു. അതിന്റെ നിർമാണത്തിനായി മക്ക ഇബ്രാഹിം നബിക്ക് കാണിച്ചുകൊടുത്ത ശേഷം സ്രഷ്ടാവിൽ ഒരു വസ്തുവിനെയും പങ്കുചേർക്കരുതെന്ന ശക്തമായ താക്കീത് നൽകുകയും ചെയ്തു. ശിരസ്സും ശരീരവും മണ്ണിൽ പതിപ്പിച്ച്, നിന്നും കുനിഞ്ഞും പ്രാർത്ഥിക്കുന്നതിനായി വന്നുകൊണ്ടിരിക്കുന്ന ലക്ഷോപലക്ഷങ്ങൾക്ക് കഅ്ബാലയം ശുദ്ധമാക്കി വെക്കണമെന്നും പ്രസ്തുത വചനത്തിൽ ഉദ്‌ബോധിപ്പിച്ചു. (22:26).   ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം ഏകദൈവത്വ പ്രഘോഷണമാണ് എന്നർത്ഥം. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാണ് പ്രസ്തുത പ്രഘോഷണം. കലിമത്തു തൗഹീദ് എന്നറിയപ്പെടുന്ന ലാഇലാഹ ഇല്ലല്ലായുടെ  അർത്ഥം അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റൊന്നുമില്ല എന്നാണ്. ലാഇലാഹ ഇല്ലല്ലയെ കുറിച്ചും അല്ലാഹുവിനെ കുറിച്ചും ബഹുസ്വര സമൂഹങ്ങളിൽ വലിയ തെറ്റിദ്ധാരണങ്ങൾ സൃഷ്ടിക്കാൻ ചില ഛിദ്രശക്തികൾ പണ്ടുമുതലേ ശ്രമിച്ചുവന്നിട്ടുണ്ട്. 


അല്ലാഹു അറബികളുടെ കുലദൈവമാണെന്നും അതൊരു വിഗ്രഹത്തിന്റെ പേരാണെന്നുമെല്ലാം പ്രചരിപ്പിക്കുകയും അങ്ങനെ കരുതുകയും ചെയ്യുന്നവർ ധാരാളമുണ്ട്. ബഹുദൈവ വിശ്വാസികൾ വിവിധ ദൈവങ്ങളെ കുറിച്ച് പറയുമ്പോൾ അതുപോലെയുള്ള അറബികളുടേതായ ഒരു ദൈവമാണ് അല്ലാഹു എന്ന് മനസ്സിലാക്കിയവരുണ്ട്. അബദ്ധജടിലമായ ധാരണയാണത്. അല്ലാഹു എന്ന പദത്തെ വിഭജിച്ചെഴുതിയാൽ അൽ ഇലാഹ് എന്നാണ് ലഭിക്കുക. അൽ എന്നാൽ ഇംഗ്ലീഷിലെ 'ദി' എന്നും ഇലാഹിന് 'ഗോഡ്' എന്നുമാണ് അർത്ഥം. അതായത് അല്ലാഹു എന്നതിന്റെ വിവക്ഷ 'ദി ഗോഡ്' അഥവാ സാക്ഷാൽ ദൈവം എന്നർത്ഥം. 


ബഹുദൈവ വിശ്വാസികൾ പോലും അംഗീകരിക്കുന്ന ഒരു സാക്ഷാൽ ദൈവമുണ്ട്. ലോകത്തിന്റെ സ്രഷ്ടാവിനെ കുറിച്ചോ സംരക്ഷകനെ കുറിച്ചോ ചർച്ച ചെയ്യുമ്പോൾ ബഹുദൈവ വിശ്വാസികളും ഏകദൈവ വിശ്വാസികളും ഒരുപോലെ യോജിക്കുന്ന ഒരു ബിന്ദുവാണ് സാക്ഷാൽ ദൈവം. ഖുർആൻ അക്കാര്യം എടുത്തുപറയുന്നുണ്ട്. 'ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് (ബഹുദൈവ വിശ്വാസികളോട്) ചോദിച്ചാൽ തീർച്ചയായും അവർ പറയും: അല്ലാഹു (സാക്ഷാൽ ദൈവം) എന്ന്. അപ്പോൾ എങ്ങനെയാണ് അവർ വ്യതിചലിപ്പിക്കപ്പെടുന്നത്?' (43:87). ഇന്നും അറബ് ലോകത്തെ ജൂത, െ്രെകസ്തവ വിഭാഗങ്ങളും ഇതര ബഹുദൈവ വിശ്വാസികളും ദൈവത്തെ സൂചിപ്പിക്കാൻ 'അല്ലാഹു' എന്നു തന്നെയാണ് ഉപയോഗിച്ചുവരുന്നത്. 


മനുഷ്യരെല്ലാവരും ഒരു ഏകദൈവത്തിന്റെ സൃഷ്ടികളാണെന്ന് വിശ്വസിക്കുമ്പോൾ ലോകത്ത് ഉച്ചനീചത്വങ്ങൾ ഇല്ലാതാകുന്നു. വർഗീയതകൾ കുഴിച്ചുമൂടപ്പെടുന്നു. വർണത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരിലുള്ള മുഴുവൻ അഹങ്കാരങ്ങളും ഇല്ലാതായിത്തീരുന്നു. ഹജിന് വരുന്ന ഹാജിമാർ ഒരേ വസ്ത്രമണിഞ്ഞ് ഒരേ വാചകങ്ങൾ ഉരുവിട്ട് ഒരേ നാഥന്റെ മുമ്പിൽ നിന്നും കുനിഞ്ഞും പ്രാർത്ഥനയിലേർപ്പെടുന്നു.  എല്ലാവരുടെയും മനസ്സിൽ അവരെ സൃഷ്ടിച്ച, അവർക്ക് ഓരോ നിമിഷങ്ങളിലും വിവിധ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്ന ഏകനായ നാഥൻ മാത്രമായിരിക്കും. അതെ, സാക്ഷാൽ ഏകദൈവമായിരിക്കും. അല്ലാഹുവായിരിക്കും. ഹജിനായി വരുന്ന വെളുത്തവനും കറുത്തവനും സമ്പന്നനും ദരിദ്രനും പുരുഷനും സ്ത്രീയും ഒരേയൊരു മാനവികതയുടെ സന്ദേശമാണ് ലോകത്തിന് മുമ്പിൽ വെക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ)  സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഹജിന്റെ വേളയിൽ പ്രഖ്യാപിച്ച ഏകമാനവികതയുടെ സന്ദേശം. 'ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് ഒരുവൻ മാത്രമാണ്. അറിയുക, ഒരു അറബിക്കും അനറബിയേക്കാൾ ശ്രേഷ്ഠതയില്ല. അനറബിക്ക് അറബിയേക്കാളും ശ്രേഷ്ഠതയില്ല. ചുവന്നവന് കറുത്തവനേക്കാളുമോ കറുത്തവന് ചുവന്നവനേക്കാളുമോ ശ്രേഷ്ഠതയില്ല. ദൈവഭയവും ജീവിത വിശുദ്ധിയും മാത്രമാണ് ശ്രേഷ്ഠതയുടെ നിദാനം. നിങ്ങളിൽ ഏറ്റവും ഉത്തമൻ ദൈവഭയവും ജീവിത വിശുദ്ധിയും ഉള്ളവനാണ്.' (ബൈഹഖി 5137).  


പേരുകൾ കൊണ്ടല്ല ഒരാളും ദൈവഭയമുള്ളവനും ജീവിത വിശുദ്ധിയുള്ളവനും ആയിത്തീരുന്നത്. അറബിയിലുള്ള പേരുള്ളതുകൊണ്ട് ഒരാൾ ശ്രേഷ്ഠനാവില്ല. ദൈവഭയമുള്ള, വിശുദ്ധിയുള്ള ഒരാൾക്ക് മുസ്‌ലിം എന്ന് നാമകരണം ചെയ്യപ്പെട്ടത് വിഭാഗീയതയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് മുസ്‌ലിം എന്ന അറബി പദത്തിന്റെ സാക്ഷാൽ വിവക്ഷയുടെ അടിസ്ഥാനത്തിലാണ്. ഇബ്രാഹിം നബിയോട് അല്ലാഹു പറഞ്ഞു: 'അസ്‌ലിം'. അതായത് സർവസ്വവും ഏകദൈവത്തിനായി സമർപ്പിക്കുക എന്ന്. പ്രസ്തുത കൽപന പൂർണമായും നിറവേറ്റിയപ്പോൾ ഇബ്രാഹിം (അ) 'മുസ്‌ലിം' എന്ന പേരിന് അർഹനായി. അങ്ങനെ ജീവിതവും മരണവും സകലതും ഏകദൈവത്തിന് സമർപ്പിക്കുന്നവർക്ക് അല്ലാഹു സർവവും ഏകദൈവത്തിന് സമർപ്പിക്കുന്നവർ എന്ന അർത്ഥത്തിൽ 'മുസ്‌ലിംകൾ' എന്ന് നാമകരണം ചെയ്തു. (ഖുർആൻ 22:78).


ഇബ്‌റാഹീമി മാർഗത്തിലെ സമർപ്പണത്തിന്റെ ശരിയായ രൂപം ഖുർആൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേർമാർഗത്തിൽ നിലകൊണ്ട ഇബ്രാഹീമിന്റെ ആദർശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല. പറയുക: തീർച്ചയായും എന്റെ പ്രാർത്ഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. അവന്ന് കീഴ്‌പെടുന്നവരിൽ ഞാൻ ഒന്നാമനാണ്.' (ഖുർആൻ 6:161162).  ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകൾ അനുസ്മരിക്കപ്പെടുന്ന സന്ദർഭമാണ് ബലിപെരുന്നാൾ സുദിനം. കൽപനകൾ എത്ര ആഴത്തിലുള്ളതായിരുന്നാലും സമർപ്പിത ഭാവത്തോടെ മുഴുവൻ അനുസരിക്കുവാനുള്ള മനക്കരുത്തും വിശുദ്ധിയും നേടിയെടുക്കുക എന്നതാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. മൃഗബലി നിർവഹിക്കപ്പെടുന്നതും അതിന്റെ പേരിലാണ്. സമർപ്പണമാണ് ബലിപെരുന്നാളിന്റെ സന്ദേശം.   


ഏകദൈവത്വത്തിൽ ഊന്നിയ സമഭാവനയാണ് ഹജിന്റെ ആത്മാവ്. ലബ്ബൈക്ക വിളികളിൽ തുടങ്ങി അല്ലാഹു അക്ബർ ... വലില്ലാഹിൽ ഹംദ് എന്ന് ഉച്ചൈസ്ഥരം വിളിച്ച് പറഞ്ഞുകൊണ്ട് തൗഹീദിന്റെ അമരധ്വനികളാണ് ഹജിലുടനീളം കാണുന്നത്. ലബ്ബൈക്കയിൽ തുടങ്ങുന്ന തൽബിയത്തിന്റെ ആശയം ഇങ്ങനെയാണ്: 'അല്ലാഹുവെ നിന്റെ വിളിക്കുത്തരം നൽകിയിതാ ഞങ്ങളെത്തിയിരിക്കുന്നു. നിനക്ക് പങ്കുകാരില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടിതാ ഞങ്ങൾ വന്നിരിക്കുന്നു. സ്തുതിയും അനുഗ്രഹവും ആധിപത്യവും പങ്കുകാരില്ലാത്ത നിനക്ക് മാത്രമുള്ളതാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു.' എന്നാൽ ഹജിന് വന്നിരുന്ന ബഹുദൈവ വിശ്വാസികളും ഇതുപോലെയുള്ള ലബ്ബൈക്കകൾ ഉറക്കെ പറഞ്ഞിരുന്നു. നിനക്ക് പങ്കുകാരില്ലെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു എന്നവർ പറയുകയും എന്നാൽ ശേഷം അവർ 'ചില പങ്കുകാരുണ്ട്, അവർ നിന്റേതാണ്, നീയാണവരെ ഉടമയാക്കുന്നത്, അവർ സ്വയം ഒന്നിനെയും ഉടമയാക്കുന്നില്ല' എന്നു പറയുകയും ചെയ്യും. 'നിനക്കൊരു പങ്കുകാരുമില്ല' എന്നവർ പറയുന്നത് കേൾക്കുമ്പോൾ പ്രവാചകൻ 'അവിടെ വെച്ച് അവർ നിർത്തിയെങ്കിൽ' എന്ന് പറയുമായിരുന്നു. (മുസ്‌ലിം 1185).


മനുഷ്യർ തങ്ങളുടെ മനസ്സുകളിൽ സ്വയം നിർരിച്ചുണ്ടാക്കിയ ദൈവ സങ്കൽപങ്ങളിൽ നിന്നും മുക്തരായി അവരെ സൃഷ്ടിച്ച ഏകദൈവത്തെ മാത്രം പ്രാർത്ഥിച്ചും ആരാധിച്ചും അവന്റെ പ്രീതിക്ക് വേണ്ടി മാത്രം സൽകർമങ്ങൾ അനുഷ്ഠിച്ചും സമസൃഷ്ടികളെ സ്‌നേഹിച്ചും അവർക്കിടയിൽ ഉച്ചനീചത്വങ്ങൾ കൽപിക്കാതെയും പരലോകത്തിൽ വിശ്വസിച്ചും ഏകോദര സഹോദരങ്ങളായി സകലതും അവനായി സമർപ്പിച്ചും ജീവിക്കുക   എന്ന സമർപ്പണത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഹജും ബലിപെരുന്നാളും മാനവ സമൂഹത്തിനായി സമ്മാനിക്കുന്നത്.

 

 

 

Latest News