അബഹ- ഇന്ത്യയുടെ പുരോഗതിക്ക് പിന്നോക്ക ഐക്യം ശക്തിപ്പെടണമെന്ന് അസീർ ഇന്ത്യൻ സോഷ്യൽ ഫോറം. ഭരണകൂടവും ഫാസിസ്റ്റ് ശക്തികളും ചേർന്ന് നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാൻ ദളിത്, മുസ്‌ലിം, പിന്നോക്ക ഐക്യത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും കാലപ്പഴക്കം ചെന്ന മൂല്യശൂന്യ രാഷ്ട്രീയപ്പാർട്ടികളെ ജനം തിരസ്‌കരിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സംഘടിപ്പിച്ച നേതൃസംഗമം ഖമീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ പ്രതീക്ഷയർപ്പിച്ച കോൺഗ്രസ് പാർട്ടി തൊണ്ണൂറുകളുടെ ആദ്യം തൊട്ടു തുടങ്ങിയ അവരുടെ താഴോട്ടുള്ള വളർച്ചയിൽ ശക്തി തെളിയിച്ച് കൊണ്ടിരിക്കുന്നു. ഹിന്ദുത്വ പ്രീണനം കൊണ്ടും അധികാരക്കൊതി കൊണ്ടും കേവലം നോട്ടു കെട്ടുകൾക്ക് വേണ്ടിയും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കൾ ഉൾപ്പെടെയുള്ളവർ അടപടലം ചേക്കേറിക്കഴിഞ്ഞു. അവസാനത്തെ വണ്ടിയെന്ന് വിശേഷിപ്പിച്ച് കൂടും കുടുക്കയും കാണിക്ക വെച്ചവർ ഇന്ന് അങ്കലാപ്പിലാണ്. ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രം സാന്നിധ്യമുള്ള ഇടതുപക്ഷമാവട്ടെ ദളിത് മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ ശത്രുക്കളാവാൻ ആർ.എസ്.എസു മായി മത്സരിക്കുകയാണ്. കേരളത്തിൽ അവർ നടത്തുന്ന സംവരണ അട്ടിമറിയും സാമുദായിക ധ്രുവീകരണവും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഈയൊരു സാഹചര്യത്തിൽ പ്രാദേശിക പാർട്ടികളുടെ പ്രകടനം മങ്ങിപ്പോകുകയും ലയനം അസാധ്യമാവുകയും ചെയ്യുന്നു. ഇവിടെയാണ് ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം എന്ന വ്യക്തമായ മുദ്രാവാക്യവുമായി ഇന്ത്യയൊട്ടുക്കും പ്രവർത്തിക്കുന്ന എസ്ഡിപിഐ പോലുള്ള ദളിത് മുസ്‌ലിം ക്രൈസ്തവ പിന്നോക്ക കൂട്ടുകെട്ടിന്റെ പ്രസക്തിയെന്നും ഇതിനെ നെഞ്ചേറ്റാൻ സമൂഹം തയാറാണെന്നതിന്റെ തെളിവുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ള വളർച്ച സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖമീസ് മുശൈത്ത് തേജസ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഗമത്തിൽ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര അധ്യക്ഷനായിരുന്നു. ജിസാൻ, അബൂ അരീഷ്, ദർബ്, മഹായിൽ, അബഹ, ഖമീസ് മുശൈത്ത്, ബീഷ, നജ്‌റാൻ, വാദി ദവാസർ എന്നീ മേഖലകളിൽ നിന്നുള്ള നേതൃത്വങ്ങൾ പങ്കെടുത്തു. മുഹമ്മദലി എടക്കര, റിഷാദ് പരപ്പനങ്ങാടി, ഇല്യാസ് എടക്കുന്നം, മുനീർ ചക്കുവള്ളി, നജ്മുദ്ദീൻ തിരുവനന്തപുരം, അസ്‌ലം ഫറോക്ക്, മുബാറക് അരീക്കോട് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ് മഞ്ചേശ്വരം സ്വാഗതവും സെക്രട്ടറി അബൂ ഹനീഫ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.