Sorry, you need to enable JavaScript to visit this website.

വാരാന്ത്യങ്ങളിൽ വിരുന്നിനെത്തുന്ന കൊറോണ 

കേരളത്തിലെ കൊറോണ നിയന്ത്രണം കുറച്ചുകാലമായി നല്ല കോമഡിയാണ്. തലയിൽ ആൾപാർപ്പില്ലാത്തവരുടെ ഉപദേശങ്ങൾ അതേപടി നടപ്പാക്കുന്നതിന്റെ ദുരന്തം പേറേണ്ടിവരുന്നത് പാവം ജനങ്ങളും. ഒരു കാരണവശാലും ശനി, ഞായർ ദിവസങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത്, കർശനമായ ട്രിപ്പിൾ ലോക്ഡൗൺ തന്നെ ഈ ദിവസങ്ങളിൽ നടപ്പാക്കാൻ. എവിടെയൊക്കെയോ കറങ്ങാൻ പോയ കോവിഡ് വാരാന്ത്യത്തിൽ വിശ്രമിക്കാൻ കേരളത്തിലെ സ്വവസതിയിൽ തിരിച്ചെത്തുന്നത് അന്നേ ദിവസമാണല്ലോ. സാധാരണക്കാർ യാത്ര ചെയ്യുന്ന സ്വകാര്യ ബസുകളുടെ കാര്യത്തിലും വന്നു അടിപൊളി പരിഷ്‌കാരം. ഒറ്റയക്ക, ഇരട്ട അക്ക ബസുകൾ മാറിമാറിയുള്ള ദിവസങ്ങളിൽ സർവീസ് നടത്തിയപ്പോൾ വലഞ്ഞതും സാമ്പത്തിക ശേഷി കുറഞ്ഞ വിഭാഗമാണ്. കാറിലും വിമാനത്തിലും യാത്ര ചെയ്യുന്ന മന്ത്രിമാർക്കും ആരോഗ്യ വിദഗ്ധർക്കും ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. തുണിക്കട, കംപ്യൂട്ടർ, മൊബൈൽ, കണ്ണട കടകൾ പല ദിവസങ്ങളിൽ മാറി മാറി തുറന്നപ്പോഴും ജനത്തിരക്ക് എല്ലാ ദിവസവും കൂടുകയായിരുന്നു. ടി.പി.ആർ വേർതിരിവ് പ്രകാരം സി ക്ലാസിൽ പെടുന്ന പ്രദേശങ്ങളിൽ വെള്ളിയാഴ്ച മാത്രം എല്ലാ കടകളും തുറന്നാൽ മതിയെന്നായി  അടുത്ത തീരുമാനം.

ഒരാഴ്ച മുഴുവനായി ഷോപ്പിംഗിനെത്തേണ്ടവർ ഒരു ദിവസം ചുരുങ്ങിയ മണിക്കൂർ മാത്രം പുറത്തിറങ്ങിയപ്പോൾ  വമ്പിച്ച കൊറോണ എക്‌സ്‌ചേഞ്ച് മേളകളാണ് നാട്ടിലെങ്ങും അരങ്ങേറിയത്. ഇതൊന്നുമല്ല രസം, കേരളമെങ്ങും തിങ്ങി നിറഞ്ഞ മദ്യശാലകൾക്ക് മുമ്പിൽ നീണ്ട ക്യൂവിൽ മുട്ടിയുരുമ്മി നിന്ന് സ്‌മോളടിക്കാൻ ഒരു കുഴപ്പവുമില്ല. കുറ്റിച്ചിറയിലെ മമ്മദ് കോയയുടെ ചായക്കടയിൽ നിന്ന് ഒരു കപ്പ് ചായ വാങ്ങി കുടിക്കാനാവില്ല. അത്യാവശ്യക്കാരന് വേണമെങ്കിൽ അടുത്ത ഇടവഴിയിൽ ഒളിച്ചുനിന്ന് പോലീസ് വരുന്നുണ്ടോയെന്ന് നോക്കി ശ്വാസമടക്കി പിടിച്ച് ചായ കുടിക്കാം. മലപ്പുറം നിലമ്പൂരിൽ ഇങ്ങനെ ചായ കുടിച്ച ഒരാൾക്ക് പോലീസ് പിഴയിട്ടത് അഞ്ഞൂറ് രൂപയാണ്. കോഴിക്കോട്ടെ പ്രസ് ഫോട്ടോഗ്രാഫറായ കഥാനായകൻ ബന്ധു വീട്ടിൽ പോയതായിരുന്നു. പോലീസും സെക്ടറൽ മജിസ്‌ട്രേട്ടും പിടിച്ച് ചോദ്യം ചെയ്തപ്പോൾ ഐഡന്റിറ്റി വെളിപ്പെടുത്താനൊന്നും പോയില്ല. ഇയാളുടെ പേരിലുള്ള കുറ്റം പകർച്ചവ്യാധി നിയമം ലംഘിച്ചുവെന്നത്. റോഡരികിൽ ലഭ്യമായ ചായ കുടിക്കാൻ മാസ്‌ക് അഴിച്ചതാണ് ഇയാൾ ചെയ്ത മഹാപാതകം. 


പല സീസണുകളിലായി ഒന്നര കൊല്ലം അടച്ചിട്ടത് കേരളത്തിലെ വ്യാപാരികളെ നടുവൊടിച്ചിട്ടുണ്ട്. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം നഷ്ടത്തിലായി. കഴിഞ്ഞ രണ്ടു മാസമായി അടഞ്ഞു കിടക്കുന്ന തുണിക്കച്ചവടക്കാരുടെ അവസാനത്തെ പ്രതീക്ഷ ബലി പെരുന്നാൾ സീസണായിരുന്നു. അതിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളു. കോടികൾ മുടക്കി സ്‌റ്റോക്ക് ചെയ്ത സാധനങ്ങൾ ഇപ്പോൾ വിറ്റില്ലെങ്കിൽ ട്രെൻഡ് മാറുമ്പോൾ ആർക്കും വേണ്ടാതാവും. തുകൽ ചെരിപ്പുകൾ സുദീർഘ കാലം സൂക്ഷിച്ചാൽ അതിന് കേടുപാടുകൾ സംഭവിക്കും. ലാഭത്തിനാണ് കച്ചവടം ചെയ്യുന്നത്, സംശയമില്ല. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി വാടക, ശമ്പളം, നികുതികൾ, വൈദ്യുതി ബിൽ എന്നിവ അടക്കുന്നതല്ലാതെ വരവൊന്നുമില്ല. ഗൾഫ് രാജ്യങ്ങളിലേത് പോലെ ഭരണകൂടത്തിന്റെ വക ഒരു സഹായവും വാണിജ്യ സമൂഹത്തിന് ലഭിച്ചിട്ടുമില്ല. എറണാകുളത്തെ ബ്രോഡ്‌വേയിലും തിരുവനന്തപുരത്തെ ചാല കമ്പോളത്തിലും കോഴിക്കോട്ടെ മിഠായിത്തെരുവിലുമെല്ലാം ഇതു തന്നെ സ്ഥിതി. വ്യാപാരികളുടെ സംഘടന മുൻകൈയെടുത്ത് മിഠായിത്തെരുവിൽ കഴിഞ്ഞ ദിവസം കടകൾ തുറക്കാൻ പുറപ്പെട്ടത് വലിയ സംഘർഷത്തിനിടയാക്കി. 
കേരളത്തിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ വ്യാപാര കേന്ദ്രമാണ് മിഠായിത്തെരുവെന്ന് പറയാം. 1400 കടകളുണ്ടിവിടെ. അതിലെല്ലാം കൂടി നാലായിരം തൊഴിലാളികൾ.

അതിന് പുറമേ അനുബന്ധമായി പ്രവർത്തിക്കുന്ന തയ്യൽക്കടകളിൽ ജോലി ചെയ്യുന്ന അഞ്ഞൂറോളം പേർ വേറെയും. ഇവരുടെയെല്ലാം ജീവിതം വഴിമുട്ടിപ്പോകരുതെന്ന് കരുതിയാണ് വ്യാപാര സംഘടന നിയമ ലംഘന സമരത്തിനിറങ്ങിയത്. നിയമം എന്തു തന്നെയായാലും ഇന്ന് മുതൽ എല്ലാ ദിവസവും കടകൾ തുറന്നു പ്രവർത്തിക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ഏത് നിലയ്ക്ക് നോക്കിയാലും ന്യായം കച്ചവടക്കാരുടെ ഭാഗത്താണ്. വലിയ മാളുകൾക്ക് പ്രവർത്തിക്കാം, അവയിലെ സൂപ്പർ മാർക്കറ്റുകൾക്കും നിയന്ത്രണമൊന്നുമില്ല. ഓൺെൈലെൻ വ്യാപാരത്തിലൂടെ വസ്ത്രങ്ങൾ ആവശ്യക്കാരിലെത്തുന്നുമുണ്ട്. കടകൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ മുഴുവൻ കടകളും തുറക്കുമെന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായി 'മനസ്സിലാക്കി കളിച്ചാൽ മതി' എന്നാണ് മുഖ്യമന്ത്രി ദൽഹിയിൽ പ്രതികരിച്ചത്. പെരുന്നാൾ കഴിഞ്ഞാൽ ഓണം സീസൺ വരുന്നു. വ്യാപാരികളും സർക്കാരും ധാരണയിലെത്തി പ്രശ്‌നപരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. പ്രായോഗിക തലത്തിൽ പരിചയക്കുറവുള്ളവരാണ് സർ്ക്കാരിനെ വഴി തെറ്റിക്കുന്നതെന്ന് മനസ്സിലാക്കാം. കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ഇളക്കി പ്രതിഷ്ഠയിൽനിന്ന് ചിലത് പഠിക്കാനുണ്ട്. ഇന്ത്യ ഓക്‌സിജന് വേണ്ടി വീർപ്പുമുട്ടിയതും ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതും മോഡി സർക്കാരിന്റെ പ്രതിഛായയെ അന്താരാഷ്ട്ര തലത്തിൽ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഡി അഴിച്ചുപണി നടത്തിയത്.

ദൽഹിയിൽ കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയപ്പോൾ മാർഗനിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രംഗത്തെത്തിയിരുന്നു. പഠിപ്പിക്കാൻ വരല്ലേ, ഞങ്ങൾക്ക് എല്ലാമറിയാം, യഥാസമയം വേണ്ടത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പരിഹസിച്ച ആളാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനൻ. ഇപ്പോൾ ഹർഷ വർധന്റെ സ്ഥാനത്ത് മറ്റൊരാളാണ്. കേരളത്തിൽ രണ്ടാം തരംഗത്തിന്റെ സൂചന കണ്ടപ്പോൾ ഒരു മാസം അടച്ചിട്ടാൽ തീരുന്ന പ്രശ്‌നമേയുള്ളുവെന്നാണ് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ പറഞ്ഞിരുന്നത്. നാലാഴ്ച കാലാവധി എപ്പോഴേ അവസാനിച്ചു. ഇന്ത്യയിൽ കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യമുണ്ടായപ്പോൾ കേരളം മാത്രം എങ്ങനെ ഉയർന്ന നിരക്കിലെത്തിയെന്നത് പരിശോധിക്കേണ്ടതാണ്. കേരളത്തേയും മഹാരാഷ്ട്രയേയും കുറിച്ചോർത്ത് പ്രധാനമന്ത്രി ഉൽക്കണ്ഠപ്പെടുന്ന സ്ഥിതിയുണ്ടായതെങ്ങിനെ? 


കേരളത്തിൽ പ്രാബല്യത്തിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളെ വിമർശിച്ചിരിക്കുകയാണ്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഗുണത്തേക്കാളധികം ദോഷം ചെയ്യുന്നതാണെന്നും കൂടുതൽ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നുമാണ് ഐ.എം.എ മുന്നോട്ടുവെച്ച നിർദേശം. ഇത് തിരക്ക് കുറയ്ക്കാൻ സഹായിക്കും.  സംസ്ഥാനത്ത് കടകളും ബാങ്കുകളും ഓഫീസുകളും എല്ലാ ദിവസവും തുറക്കണമെന്നും  ഐ.എം.എ ആവശ്യപ്പെട്ടു. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുന്നതിനാൽ അവിടങ്ങളിൽ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നും ഇത് ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുമെന്നും ഐ.എം.എ നിരീക്ഷിക്കുന്നു.  നിലവിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സമയ ക്രമീകരണം അശാസ്ത്രീയമാണ്. വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതാണ് നല്ലത്.  ഇത് തിരക്ക് കുറയ്ക്കാൻ സഹായിക്കും. കുറച്ചു സമയം മാത്രം കടകൾ തുറക്കുന്ന സാഹചര്യത്തിൽ ഒരേ സമയം കൂടുതൽ ആളുകളെത്തുകയും കൂട്ടം കൂടാനുള്ള സാധ്യതയുണ്ടാകുമെന്നും ഐ.എം.എ കൂട്ടിച്ചേർക്കുന്നു.

ഇതെല്ലാം രോഗവ്യാപനം കൂടുന്നതിന് കാരണമാകുമെന്നും ഐ.എം.എ പറയുന്നുണ്ട്. കേരളത്തിലെ ലോക്ഡൗൺ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണം. ശക്തമായ ബോധവൽക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളെ സജ്ജരാക്കണം. ഇതിനുള്ള ചുമതല സർക്കാരും പൊതുസമൂഹവും ഏറ്റെടുക്കണമെന്നും ഡോക്ടർമാരുടെ സംഘടന നിഷ്‌കർഷിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇനി വേണ്ടത് ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും നിയന്ത്രണങ്ങളുമാണെന്നും കോവിഡ് വ്യാപനം അടുത്ത ഒന്നോ രണ്ടോ വർഷം കൂടെ തുടരുമെന്നും ഐ.എം.എ ആശങ്കപ്പെടുന്നു.  ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ആലോചിച്ച് നടപ്പിലാക്കണമെന്നും ഐ.എം.എ പറയുന്നു. കോവിഡ് ടെസ്റ്റിംഗിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.  


വീടുകളിൽ ക്വാറന്റൈനിൽ പാർപ്പിക്കുന്ന രീതി പരാജയമാണെന്നും രോഗം വ്യാപിച്ച് വീടുകൾ ക്ലസ്റ്ററുകൾ ആകുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവാകുന്നവരെ മാറ്റി പാർപ്പിച്ചാൽ മാത്രമേ വീടുകൾ ക്ലസ്റ്ററായി മാറുന്നത് അവസാനിപ്പിക്കാനും കോവിഡിന്റെ രൂക്ഷ വ്യാപനം തടയാൻ സാധിക്കുകയുള്ളൂ. പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് ഒഴിവാക്കാനാവാത്ത കാര്യമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.


ഇതൊക്കെ മുഖവിലയ്‌ക്കെടുത്ത് പ്രവർത്തിക്കുകയാണ് സർക്കാർ ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. ഈ കാലവും മാറുമെന്ന് പറഞ്ഞ് മുമ്പ് ജനങ്ങളെ സാന്ത്വനപ്പെടുത്തിയ സർക്കാർ ലോകത്തെ മാറ്റങ്ങൾ കാണാതിരിക്കുന്നതെങ്ങിനെ? കഴിഞ്ഞ വാരത്തിൽ രണ്ട് പ്രമുഖ ഫുട്‌ബോൾ മേളകളാണ് ഭൂഖണ്ഡങ്ങളിൽ അരങ്ങേറിയത്. തെക്കേ അമേരിക്കയിൽ കോപ്പ അമേരിക്കയും യൂറോ കപ്പും. ബ്രസീലിൽ കാണികൾക്ക് പ്രവേശനമില്ലായിരുന്നു. എന്നാൽ പതിനൊന്ന് വേദികളിലായി യൂറോപ്പിൽ നടന്ന പന്തുകളി കാണാൻ ആളുകളെ അനുവദിച്ചിരുന്നു. കോവിഡ് ഭീതിയിൽ കഴിയുന്ന ലോകത്തിന് വലിയ പ്രതീക്ഷയാണ് രണ്ടു മേളകളും നൽകിയത്. ജൂലൈ 23ന് ടോക്കിയോയിൽ ഒളിമ്പിക്‌സ് നടക്കാൻ പോകുന്നു. ആശങ്ക മാറി ലോകം പ്രതീക്ഷയുടെ കാലത്തേക്ക് കാലെടുത്തു വെക്കുമ്പോൾ നമ്മൾ മാത്രം അടച്ചിരുന്നാൽ മതിയോ? 

Latest News