Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേരിട്ടുള്ള യാത്രാ മോഹം മനസിലൊളിപ്പിച്ച് മറുവഴി തേടാം

ഇന്ത്യ-സൗദി നേരിട്ടുള്ള വിമാന സർവീസിനായുള്ള കാത്തിരിപ്പിലാണ് സൗദിയിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾ. നാട്ടിൽ കുടുങ്ങിയവർ എങ്ങനെയെങ്കിലും എത്തിപ്പെട്ട് ജോലിയിൽ തുടരാനുള്ള ആഗ്രഹവുമായി കഴിയുമ്പോൾ,  സൗദിയിലുള്ളവർ അവധിക്ക് നാട്ടിലെത്തി കുടുംബെത്ത കാണാനും അത്യാവശ്യകാര്യങ്ങൾ നടത്താനുമുള്ള വെമ്പലിലാണ്. ഇന്നു ശരിയാകും നാളെ ശരിയാകുമെന്ന മട്ടിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒന്നര വർഷമായി. ഇതിനു പെട്ടെന്നു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് ജിദ്ദയിലെ സാമൂഹിക പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം വല്ലതും നടത്തുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ പഴയതുപോലെ ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ പ്രയാസങ്ങളും മനസിലാക്കുന്നുവെന്നും ശ്രമങ്ങൾ അനുസ്യൂതം തുടരുന്നുവെന്നുമുള്ള മറുപടിയാണ് അംബാസഡറിൽ നിന്നുമുണ്ടായത്. ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുമെന്ന പ്രത്യാശ മാത്രമാണ് അംബാസഡർ പങ്കുവെച്ചത്. ഉടനടി പരിഹരിക്കപ്പെടുമെന്ന പ്രതീതി എന്തായാലും സൃഷ്ടിക്കപ്പെടാത്തിടത്തോളം നേരിട്ടുള്ള സർവീസ് തുടങ്ങി വരാനായി കാത്തിരിക്കുന്നവർ അത് അവസാനിപ്പിച്ച് മറ്റു പോംവഴികൾ തേടുന്നതായിരിക്കും ഉത്തമം. നിശ്ചിത സമയത്തിനകം എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുള്ളവരും എത്തിപ്പെട്ടില്ലെങ്കിൽ സ്വന്തമായി നടത്തിയിരുന്ന സ്ഥാപനങ്ങളും മറ്റും നഷ്ടപ്പെടുമെന്നുള്ളവരും അധിക പണവും സമയവും ചെലവഴിച്ചിട്ടാണെങ്കിലും തുറന്നു കിട്ടിയിട്ടുള്ള വഴികൾ പ്രയോജനപ്പെടുത്തുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുണകരമാവുക. 


ഇങ്ങനെ പോരുന്നതിനുള്ള വഴികൾ തെരഞ്ഞെടുക്കുമ്പോൾ പരമാവധി സൂക്ഷ്മത പുലർത്താൻ മറക്കരുത്. ഏതു രാജ്യത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയമങ്ങളിൽ ഏതു നിമിഷവും മാറ്റങ്ങൾ ഉണ്ടാവാമെന്നതിനാൽ ഏതു പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടാനുള്ള മുൻകരുതലുകളും മാനസിക തയാറെടുപ്പുകളും എടുത്തിട്ടായിരിക്കണം യാത്ര പുറപ്പെടാൻ. ഏതു രാജ്യത്തെയും മാറിമാറി വരുന്ന നിയമങ്ങൾ അപ്പപ്പോൾ അറിയാനുള്ള വഴിയുമുണ്ടാക്കണം. യാത്രക്കു മുൻപ് കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസും എടുത്ത് പതിനാലു ദിവസം കഴിഞ്ഞിരിക്കണമെന്ന നിബന്ധന പൂർണമായും പാലിച്ചിരിക്കണം. വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടിടങ്ങളിൽ അപ്‌ലോഡ് ചെയ്തും കൈയിൽ ഭദ്രമായി സൂക്ഷിച്ചും വേണം യാത്ര പുറപ്പെടാൻ. യാത്രാനുമതിക്ക് വാക്‌സിനേഷൻ ഒരു നിർബന്ധ ഘടകമാക്കി ഒട്ടുമിക്ക രാജ്യങ്ങളും മാറ്റിയിട്ടുണ്ട്. അതോടൊപ്പം നിശ്ചിത മണിക്കൂറിനു മുൻപ് പി.സി.ആർ ടെസ്റ്റ് നടത്തി അതിന്റെ നെഗറ്റീവ് റിസൽട്ടും കൈയിൽ കരുതരണം. സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്നതിനാൽ പരമാവധി കുറഞ്ഞ തുക മുടക്കി എത്തിപ്പെടാനായിരിക്കും എല്ലാവരും ശ്രമിക്കുക. അതുകൊണ്ടു കേട്ടുകേൾവിയില്ലാത്ത രാജ്യങ്ങളിലൂടെയായാലും പോരാൻ സന്നദ്ധ മാവുന്നവരുണ്ട്. അങ്ങനെ വരുന്നവർ പ്രയാസങ്ങളിൽ അകപ്പെടാറുമുണ്ട്. എത്രപേരുകേട്ട ട്രാവൽ ഏജൻസികളായാലും അവരെ പൂർണമായും വിശ്വാസത്തിലെടുക്കേണ്ടതില്ലെന്നാണ് അനുഭവസ്ഥരിൽനിന്ന് മനസിലാക്കുന്നത്. കാരണം പൈസ വാങ്ങി നാട്ടിൽനിന്നു പറഞ്ഞുവിടുമ്പോഴുള്ള സ്വഭാവമായിരിക്കില്ല ഏജൻസികൾക്ക് പിന്നീടുണ്ടാവുക. എവിടെയെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ അത് ഉടൻ പരിഹരിക്കുന്നതിൽ ചില ഏജൻസികളെങ്കിലും വിമുഖത കാണിക്കാറുണ്ട്. അതിനാൽ ഏതു ഏജൻസികളായാലും അവരുടെ മോഹന വാഗ്ദാനങ്ങൾ അതേപടി വിശ്വസിച്ച് സ്വപ്‌നം കണ്ടുകൊണ്ടായിരിക്കരുത് യാത്ര. 


രണ്ടര ലക്ഷത്തിൽപരം രൂപ നൽകി ഈ അടുത്ത ദിവസം സെർബിയ വഴി സൗദിയിലെത്താൻ പുറപ്പെട്ടവർക്കുണ്ടായ തിക്താനുഭവങ്ങൾ അവർ തന്നെ വീഡിയോയിൽ പങ്കുവെച്ചത് വൈറലായികൊണ്ടിരിക്കുകയാണ്. യാത്രയിലുണ്ടാകുന്ന അപ്രതീക്ഷിത പ്രയാസങ്ങളെ ഓർമിപ്പിക്കുന്നതാണ്  ഇത്.  ഇക്കാര്യത്തിൽ ഒരു പക്ഷേ ഏജൻസികളെ കുറ്റപ്പെടുത്താനും കഴിഞ്ഞെന്നു വരില്ല. അവർ യാത്രാ പരിപാടി പ്ലാൻ ചെയ്യുമ്പോഴുണ്ടായിരുന്ന നിയമമായിരിക്കില്ല അവിടെ ചെല്ലുമ്പോഴുണ്ടാവുക. അത് ചിലപ്പോൾ മാറിയിട്ടുണ്ടാവാം. ഇതിന്റെ പേരിൽ ദിവസങ്ങളോളം അന്യരാജ്യത്ത് കുടുങ്ങിക്കിടന്ന് പ്രയാസപ്പെട്ടവരുമുണ്ട്. കൈയിൽ കരുതിയ പൈസയെല്ലാം തീർന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും കാശില്ലാതെ വിഷമിച്ചവരുണ്ട്. അതിനാൽ യാത്ര പുറപ്പെടുന്നവർ അധിക തുക എപ്പോഴും കൈയിൽ കരുതുകയോ അതല്ലെങ്കിൽ എവിടെ പോയാലും അന്താരാഷ്ട്ര മാനദണ്ഡങ്ങളിലൂടെ ക്രഡിറ്റ്, ഡബിറ്റ് കാർഡുകൾ ഉപയോഗിച്ചെങ്കിലും പൈസ സംഘടിപ്പിക്കാനുള്ള മാർഗവും കണ്ടെത്തിയിട്ടായിരിക്കണം യാത്ര  പുറപ്പെടേണ്ടത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് മതിയായ രേഖകൾ കൈവശമുണ്ടെങ്കിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന കണക്കു കൂട്ടലിലും ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ വിശ്വസിച്ചുമായിരിക്കും പലരും പുറപ്പെടുന്നത്. എന്നാൽ അനുഭവം മറിച്ചാവുമ്പോൾ പൈസയില്ലാതെ വരുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ അതിരറ്റതാകും. അതിനാൽ ഇക്കാര്യത്തിൽ എപ്പോഴും ഒരു ദീർഘവീക്ഷണം ഉണ്ടാകുന്നത് നന്നായിരിക്കും. 


സൗദിയിലെത്താനുള്ള വഴികൾ തെരെഞ്ഞടുക്കുമ്പോൾ സാമ്പത്തിക ചെലവേറിയാലും മലയാളികളുടെ സാന്നിധ്യം കൂടുതലുള്ള ഗൾഫ് രാജ്യങ്ങൾ പോലുള്ള രാജ്യങ്ങളാവുന്നതായിരിക്കും ഉത്തമം. ഏതെങ്കിലും രീതിയിലുള്ള പ്രയാസങ്ങൾ നേരിട്ടാലും സഹായത്തിന് ആളുണ്ടാകുമെന്നതാണ് ഇതിന്റെ ഗുണം. പ്രയാസമനുഭവിക്കുന്നവർ എവിടെയുണ്ടായാലും അവർക്ക് ആശ്വാസം പകരാൻ ഓടിയെത്തുന്നതിൽ പ്രവാസികൾ വൈമനസ്യം കാണിക്കാറില്ല. ഇപ്പോൾ  ഖത്തർ നടപ്പാക്കിയ പുതിയ ട്രാവൽ നയം ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്ത രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഏറെ ഉപകാരപ്പെടുന്നതാണ്. 


ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിൻ പൂർത്തീകരിച്ചവർക്ക് ഖത്തർ നൽകുന്ന ഒരു മാസത്തെ സൗജന്യ ഓൺ അറൈവൽ വിസകൾ അതിനായി പ്രയോജനപ്പെടുത്താം. സൗദി അറേബ്യ, യു. എ. ഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ താമസ വിസയുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഇത് സഹായകരമാവും. ഖത്തറിൽ 14 ദിവസം താമസിക്കുന്നതോടെ ബന്ധപ്പെട്ട രാജ്യങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങി കിട്ടും. ഫൈസർ മൊഡേണ, അസ്ട്ര സെനിക, കോവിഷീൽഡ്, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്‌സിനുകളാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിനുകളിൽ ഏതെങ്കിലും രണ്ട് ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാൽ ഓൺ അറൈവൽ വിസ സൗകര്യം ലഭിക്കും. 14 ദിവസത്തെ താമസത്തിന് ഹോട്ടൽ ബുക്ക് ചെയ്താൽ മതിയാകും. പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസത്തെ കാലാവധിയും താമസ വിസയുള്ള രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും 72 മണിക്കൂർ മുൻപെടുത്ത പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ഓൺ അറൈവൽ വിസകൾക്ക് ട്രാവൽ ഓതറൈസേഷൻ നിർബന്ധമായതിനാൽ യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറിനും ചുരുങ്ങിയത് 12 മണിക്കൂറിനും ഉള്ളിലായി http://ehteraz.gov.qa/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മറ്റു തടസങ്ങളൊന്നും വന്നില്ലായെങ്കിൽ പൈസ അൽപം കൂടുതൽ മുടക്കിയായാലും ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതായിരിക്കും ഉത്തമം. മറ്റു ചില രാജ്യങ്ങളും അതിർത്തികൾ തുറന്നിട്ടുണ്ടെങ്കിലും പരമാവധി പ്രയാസരഹിതമായി എത്തിപ്പെടാനുള്ള മാർഗങ്ങൾ അവലംബിക്കുന്നതായിരിക്കും ഉചിതം. 

Latest News