റിയാദ് - ജോർദാനിൽ സൗദി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഏഴംഗ കുടുംബത്തിന് ദാരുണാന്ത്യം. സൗദി വനിതയും അഞ്ചു മക്കളും ഇവരുടെ ഏഷ്യൻ വംശജയായ വേലക്കാരിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. അൽജാബിർ രാജ്യാന്തര പാതയിലുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സൗദി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇവരുടെ കാർ നിശ്ശേഷം തകർന്നു. 7, 13, 15, 21, 23 വയസ് വീതം പ്രായമുള്ള അഞ്ചു സഹോദരങ്ങളും ഇവരുടെ മാതാവും ഏഷ്യൻ വംശജയായ വേലക്കാരിയുമാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് ജോർദാൻ രാഷ്ട്രീയ, സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് അൽമൽകാവി പറഞ്ഞു. സുരക്ഷാ വകുപ്പുകളും ആരോഗ്യ പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി മൃതദേഹങ്ങൾ അൽമുഫ്‌റഖ് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.