Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

ഹൈദരാബാദ് സർവകലാശാല കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പഠന ഗവേഷണ രംഗത്ത് മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻ.ഐ.ആർ.എഫ് അടക്കമുള്ള റാങ്കിംഗ് അനുസരിച്ച് രാജ്യത്തെ കിടയറ്റ സ്ഥാപനങ്ങളിൽ ഒന്നായാണ് ഹൈദരാബാദ് സർവകലാശാലയെ പരിഗണിക്കുന്നത്. വ്യത്യസ്ത ഡിപ്പാർട്ട്‌മെന്റുകൾക്ക് കീഴിലായി സയൻസ്, എൻജിനീയറിംഗ്, മാനവിക വിഷയങ്ങൾ വിവിധ തലങ്ങളിൽ പഠിക്കുവാൻ അവസരമുണ്ട്. അക്കാദമിക പഠനത്തോടൊപ്പം സിവിൽ സർവീസ് പോലെയുള്ള മത്സര പരീക്ഷകൾക്ക് തയാറെടുക്കുവാനും വിവിധ ഭാഷാ പഠന സാധ്യതകൾ ഉപയോഗപ്പെടുത്തി നൈപുണ്യങ്ങൾ വർദ്ധിപ്പിച്ച് മത്സരക്ഷമത ഉയർത്താനും അവസരങ്ങൾ ലഭിക്കും. മിക്ക കോഴ്‌സുകൾക്കും കുറഞ്ഞ ഫീസ് മാത്രമാണുള്ളത് എന്ന സവിശേഷത കൂടിയുണ്ട്.

പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന കോഴ്‌സുകൾ
1) മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്‌സ്, കെമിക്കൽ സയൻസ്, സിസ്റ്റം ബയോളജി, അപ്ലൈഡ് ജിയോളജി, ഹെൽത്ത് സൈക്കോളജി എന്നീ വിഷയങ്ങളിൽ പഞ്ച വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി
2) ആറു വർഷത്തെ മാസ്റ്റർ ഓഫ് ഒപ്‌ടോമെട്രി
3) ഹിന്ദി, തെലുഗ്, ലാംഗ്വേജ് സയൻസ്, ഉർദു, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപോളജി എന്നീ വിഷയങ്ങളിൽ പഞ്ച വർഷ ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രം 
4) പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.ടെക് (കംപ്യൂട്ടർ സയൻസ്)
കൂടാതെ ബിരുദ പഠനശേഷം പ്രവേശനം നേടാവുന്ന എം.എസ്‌സി, എം.സി.എ, എം.ബി.എ, എം.എ, എം.എഫ്എ, എം.പി.എ, മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത്, എം.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി/പിഎച്ച്.ഡി തുടങ്ങിയ കോഴ്‌സുകളും ഉണ്ട്. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. ഇന്റഗ്രേറ്റഡ് എം.ടെക് പ്രോഗ്രാമിനുള്ള പ്രവേശനത്തിന് JEE മെയിൻ വഴി യോഗ്യത നേടണം. ഒ.എം.ആർ സാങ്കേതികവിദ്യ ഉപയാഗിച്ച് ഫലം പരിശോധിക്കുന്ന വിധത്തിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പ്രവേശന പരീക്ഷക്ക് ഉണ്ടാവുക. ഒന്നിലധികം വിഷയങ്ങൾക്ക് അപേക്ഷിക്കുന്നവർ പ്രവേശന പരീക്ഷകൾ ഒരേ ദിവസം വരാത്ത വിധം വിഷയങ്ങൾ തെരഞ്ഞെടുക്കണം
ഓരോ വിഷയങ്ങളുടെയും പ്രവേശന പരീക്ഷ, കോഴ്‌സുകൾക്ക് വേണ്ട പ്രവേശന യോഗ്യത എന്നിവ സംബന്ധമായ വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കോഴിക്കോട്, കൊച്ചി അടക്കം 39 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓൺലൈൻ അപേക്ഷ നൽകുമ്പോൾ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കണം. പരീക്ഷാ തീയതിയും പരീക്ഷാ രീതിയും വെബ്‌സൈറ്റിലൂടെ അറിയിക്കും. ഓൺലൈനായി അപേക്ഷ https://uohyd.ac.in/ എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 20 നകം സമർപ്പിക്കണം.

പൈലറ്റ് പരിശീലനം: ജൂലൈ 17 വരെ അപേക്ഷിക്കാം
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഉത്തർപ്രദേശിലെ അമേത്തിയിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഠാൻ അക്കാദമിയിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സിലേക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി ഫീസടക്കാൻ 21 വരെ സമയമുണ്ട്. 2022 ജനുവരി മുതൽ ആരംഭിക്കുന്ന നാലു ബാച്ചുകളിലേക്കാണ് അഡ്മിഷൻ. കുറച്ചധികം ചെലവുവരുന്ന കോഴ്‌സാണിത് എന്നത് ഓർക്കണം. ട്രെയിനിംഗ് ഫീസുതന്നെ 45 ലക്ഷം രൂപ വരും. യൂനിഫോം, പഠനോപകരണങ്ങൾ, താമസം ഭക്ഷണം തുടങ്ങിയ മറ്റുചെലവുകൾ വേറെയും ഉണ്ടാവും. രണ്ട് വർഷമാണ് കോഴ്‌സ് ദൈർഘ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. ഹോസ്റ്റൽ ചെലവ് പ്രതിമാസം ഏകദേശം 12,000 രൂപ വരും.
മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്ക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു പാസാകണം പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മതി. കോഴ്‌സിനു ചേരുമ്പോൾ 17 വയസ്സ് പൂർത്തിയായിരിക്കണം. മൊത്തം 120  സീറ്റാണുള്ളത്. പട്ടികജാതിക്കാർക്ക് 18 സീറ്റും പട്ടികവർഗത്തിന് 10 സീറ്റും പിന്നാക്കവിഭാഗക്കാർക്ക് 32 സീറ്റും സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 12 സീറ്റും സംവരണമുണ്ട്. പൈലറ്റ് ലൈസൻസിനൊപ്പം താൽപര്യമുണ്ടെങ്കിൽ മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ബി.എസ്‌സി (എവിയേഷൻ) ബിരുദവും നേടാനാവസരമുണ്ട്. 
ഓൺലൈൻ എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, പൈലറ്റ് അഭിരുചി പരീക്ഷ, എന്നിവയുണ്ട്. എഴുത്തു പരീക്ഷയിൽ യോഗ്യത നേടുന്നവർ   ഒക്ടോബർ ആദ്യവാരം മുതൽ ആരംഭിക്കുന്ന ഇന്റർവ്യൂവിനു ഹാജരാകണം. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കേണ്ടി വരും. പൂർണ ആരോഗ്യവും ആവശ്യത്തിന് പൊക്കം, വണ്ണം, തൂക്കം എന്നിവ ഉണ്ടാവണം. പ്ലസ് ടു നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ് ആനുകാലിക വിഷയങ്ങൾ എന്നിവയാണ് പ്രവേശനപരീക്ഷക്ക് വരിക. നെഗറ്റീവ് മാർക്ക് ഇല്ല. അപേക്ഷാഫീസായി 12,000 രൂപ അടക്കണം. തിരുവനന്തപുരം അടക്കം 18 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മുൻഗണനാ ക്രമത്തിൽ 3 സെന്ററുകൾ തെരഞ്ഞെടുക്കണം. സ്‌കാൻ ചെയ്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഉപയോഗത്തിലിരിക്കുന്ന ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ ഉണ്ടാവണം. ഓൺലൈൻ പരീക്ഷ ആഗസ്ത് 21 നാണ്. വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.igrua.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

ഒരേ സമയം രണ്ട് പി.ജി 
ഞാൻ ബി.എ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. എനിക്ക് രണ്ട് പി.ജി പ്രോഗ്രാമുകൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഒരേ സമയം രണ്ട് വ്യത്യസ്ത പി.ജി ചെയ്യാനാകുമോ?
അക്ഷര ബാലൻ

യു.ജി.സിയുടെ നിലവിലുള്ള നിയമമനുസരിച്ച് രണ്ട് കോഴ്‌സുകൾ ഒരേ സമയം ചെയ്യാൻ വ്യവസ്ഥയില്ല. എന്നാൽ റെഗുലർ/ഡിസ്റ്റൻസ് പ്രോഗ്രാമിനൊപ്പം ചുരുങ്ങിയ കാലാവധിയുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, ഹ്രസ്വകാല കോഴ്‌സുകൾ എന്നിവ ചെയ്യാവുന്നതാണ്. ഒരു റെഗുലർ കോഴ്‌സും മറ്റൊരു ഡിസ്റ്റൻസ് കോഴ്‌സും ഒരേ സമയം ചെയ്യാൻ അനുവാദം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശം യു.ജി.സി അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്ല. തീരുമാനത്തിനനുസൃതമായി കോഴ്‌സുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ പോലെയുള്ള യൂനിവേസിറ്റികളിൽ ചില വ്യവസ്ഥകൾക്ക് വിധേയമായി റെഗുലർ കോസ്‌സുകളോടൊപ്പം ഡിസ്റ്റൻസ് കോഴ്‌സുകളും ചെയ്യുവാൻ അനുവദിക്കുന്നുണ്ട്.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ തീർക്കാൻ മലയാളം ന്യൂസ് അവസരമൊരുക്കുന്നു. നിങ്ങളുടെ കരിയർ സംശയങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.

 

Latest News