മലപ്പുറം- മറ്റ് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന ആനുകൂല്യം പോലും കേരളത്തിൽ ലഭിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സച്ചാർ കമ്മീഷൻ റിപ്പോർട്ട് തന്നെ സർക്കാർ ഇല്ലാതാക്കിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടം ലഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് മുസ്ലിം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകണമെന്ന് എല്ലാവരും അംഗീകരിച്ചതാണ്. കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നൽകിയ ആനുകൂല്യമാണ് സർക്കാർ ഇല്ലാതാക്കിയത്. കോടതി വിധിയുടെ മറവിലാണ് സർക്കാർ ന്യൂനപക്ഷങ്ങളുടെ ആനുകൂല്യം കവർന്നെടുക്കുന്നത്. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.