Sorry, you need to enable JavaScript to visit this website.

ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കാൻ സ്മാർട്ട് വള പദ്ധതി; പരീക്ഷണത്തിന് തുടക്കം 

സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമും എസ്.ടി.സിയുമായി ചേർന്ന് നടപ്പാക്കുന്ന ഹജ് സ്മാർട്ട് വള പദ്ധതി ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിൽനിന്ന്.

മക്ക- ഹജ് തീർഥാടകർക്ക് മികച്ച സേവനം ലക്ഷ്യമിട്ടുള്ള സ്മാർട്ട് വള പദ്ധതിക്ക് തുടക്കം കുറിച്ചു. സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമും ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോം ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഹജ് സ്മാർട്ട് വള പദ്ധതിക്ക് തുടക്കം കുറിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ സൗദിയിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ഹജ് തീർഥാടകർക്കിടയിൽ 5000 സ്മാർട്ട് വളകൾ വിതരണം ചെയ്യും.


ഹജ് തീർഥാടകരുടെ പൂർണ വിവരങ്ങൾ, ആരോഗ്യ നില എന്നിവ അടങ്ങിയ സ്മാർട്ട് വളകൾ, രക്തത്തിലെ ഓക്‌സിജനും ഹൃദയമിടിപ്പും അളക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യനില ഡാറ്റ നിരീക്ഷിക്കുകയും അടിയന്തര മെഡിക്കൽ, സുരക്ഷാ സഹായങ്ങൾ തേടുന്ന സേവനം നൽകുകയും ചെയ്യും. ഇതിലൂടെ എളുപ്പത്തിൽ തീർഥാടകർ കഴിയുന്ന സ്ഥലങ്ങളിൽ എത്തിപ്പെടാനും ആവശ്യമായ സഹായങ്ങൾ നൽകാനും സാധിക്കും. സ്മാർട്ട് വളകൾ വഴി ബോധവൽക്കരണ സന്ദേശങ്ങളും മറ്റു സേവനങ്ങളും തീർഥാടകർക്ക് ലഭിക്കും. 


സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രസിഡന്റ് ഡോ.അബ്ദുല്ല അൽഗാംദി, നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ.ഉസാം അൽ വഖീത്, പിൽഗ്രിംസ് സർവീസ് പ്രോഗ്രാം സി.ഇ.ഒ എൻജിനീയർ ബസ്സാം ഗശ്‌യാൻ, എസ്.ടി.സി ഗ്രൂപ്പ് സി.ഇ.ഒ എൻജിനീയർ ഉലയ്യാൻ അൽ വതീദ്, എസ്.ടി.സി ബിസിനസ് മേഖലാ സി.ഇ.ഒ എൻജിനീയർ റിയാദ് മിഅ്‌വദ് എന്നിവരുടെ സാന്നിധ്യത്തിലാണ് സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്ഥാനത്തു വെച്ച് ഹജ് സ്മാർട്ട് വള പദ്ധതിയുടെ ധാരണാപത്രത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഒപ്പുവെച്ചത്. 

 


 

Latest News