ന്യൂദൽഹി -ആറു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഞായറാഴ്ച എത്തുന്ന ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. അഹമദാബാദ് വിമാനത്താവളത്തിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്ക് ഒമ്പത് കിലോമീറ്റർ ദൂരമാണ് ഇരു നേതാക്കളും തുറന്ന വാഹനത്തിൽ യാത്ര ചെയ്യുക. ബുധനാഴ്ച പൂർണമായും നെതന്യാഹു മോഡിയുടെ നാടായ ഗുജറാത്തിലായിരിക്കും. സബർമതി സന്ദർശനത്തിനു പുറമെ സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഉൽഘാടനത്തിലും പങ്കെടുക്കുന്നുണ്ട്. നെതന്യാഹുവിന് വിപുലമായ സ്വീകരണം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അറിയിച്ചിട്ടുണ്ട്.
ബോളിവുഡ് സിനിമാ നിർമ്മാതാക്കളെ ഇസ്രയേലിലേക്ക് ക്ഷണിക്കുന്നതിന് നെത്യാഹു മുംബൈയിലേക്കും പോകും. സിനിമാ ചിത്രീകരണത്തിന് ഇസ്രാഈൽ നൽകുന്ന പ്രോത്സാഹനങ്ങൾ വിശദീകരിക്കാനാണ് അദ്ദേഹം ബോളിവുഡിലെത്തുന്നത്.ഞായറാഴ്ച ദൽഹയിലെത്തുന്ന നെതന്യാഹു പ്രധാനമന്ത്രി മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്കൊപ്പം രാത്രി വിരുന്നിൽ പങ്കെടുക്കും. തിങ്കളാഴ്ച്ച രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. ചൊവ്വാഴ്ച ആഗ്രയിലെ താജ്മഹലും സന്ദർശിക്കും. വ്യവസായ പ്രമുഖരടക്കം 130 പേരടങ്ങുന്ന സംഘവുമായി എത്തുന്ന നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം കഴിഞ്ഞ വർഷം ജൂലൈയിൽ മോഡിയുടെ ഇസ്രാഈൽ സന്ദർശനത്തിന്റെ തുടർച്ചയാണ്.






