Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപക്കേസ് അന്വേഷണം പ്രഹസനം, പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടതി

ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായ നടന്ന കലാപത്തിനിടെ വെടിയേറ്റ മുസ്‌ലിം യുവാവിന്റെ പരാതിയില്‍ 24 മണിക്കൂറിനകം കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ഒരു വര്‍ഷമായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്ത പോലീസിനെതിരെ കോടതിയുടെ രുക്ഷ വിമര്‍ശനം. അന്വേഷണം പ്രഹസനമാണെന്നും പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്നും അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വിനോദ് യാദവ് പറഞ്ഞു. കലാപത്തിനിടെ വെടിയേറ്റ് പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം കുറ്റാരോപിതനായ പ്രതിയുടെ പരാതിയില്‍ പരാതിക്കാരനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവിനെതിരെ പോലീസ് നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളുകയും പോലീസിന് 25,000 രൂപ കോടതി പിഴയിടുകയും ചെയ്തു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും കേസ് പരിശോധിക്കാനും ആവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. 

കലാപത്തിനിടെ 2020 ഫെബ്രുവരി 24ന് വെടിയേറ്റ് കണ്ണിനു പരിക്കേറ്റ മുഹമ്മദ് നാസിര്‍ എന്ന യുവാവിന്റെ പരാതിയില്‍ 24 മണിക്കൂറിനകം കേസെടുക്കണമെന്ന് 2020 ഒക്ടോബറില്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ദല്‍ഹി പോലീസിനോട് ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 19നാണ് നാസിര്‍ പരാതി നല്‍കിയിരുന്നത്. തനിക്കു നേരെ വെടിവച്ച കേസില്‍ നരേഷ് ത്യാഗി, സുഭാഷ് ത്യാഗി, ഉത്തം ത്യാഗി, സുശീല്‍, നരേഷ് ഗൗര്‍ എന്നിവര്‍ക്കെതിരെയാണ് നാസിര്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് നാസിര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു പോലീസ് വാദം. ഈ കേസില്‍ നാസിറും മറ്റു ആറു പേരും പ്രതികളാണെന്നും പോലീസ് വാദിച്ചു. നാസിറിന്റെ പരാതിയില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ തെളിവില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഈ കേസ് നാസിറിന്റെ പരാതിക്ക് പരിഹാരമാകില്ലെന്ന് നാസിറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹ്‌മൂദ് പ്രച കോടതിയെ ബോധിപ്പിച്ചു. സുപ്രീം കോടതി വിധി പ്രകാരം നാസിറിന്റെ പരാതില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

നാസിറിന്റെ പരാതി ഫെബ്രുവരി 24ന് നോര്‍ത്ത് ഗോണ്ഡയില്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണെന്നും എന്നാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മോഹന്‍പൂരിലുണ്ടായ സംഭവത്തിന്റെ പേരിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏഴു പേര്‍ക്ക് വെടിയേറ്റതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ആയുധ നിയമ പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. കേസ് ഡയറി പരിശോധിക്കുന്നതിനിടെ കോടതി മറ്റൊരു സംഭവവും ചൂണ്ടിക്കാട്ടി. ഹിന്ദുക്കളുടെ വസ്തുക്കള്‍ നശിപ്പിച്ചു എന്ന പരാതിയില്‍ സല്‍മാന്‍, സമീര്‍ സെയ്ഫി എന്നീ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഇരകളാക്കപ്പെട്ട ഹിന്ദുക്കളുടെ പേരുകള്‍ എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും ഈ പ്രദേശം ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

Latest News