റിയാദ് - പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നാലിൽ മൂന്നിലേറെ അധ്യാപകർ ഇതിനകം കൊറോണ വാക്‌സിൻ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപിക, അധ്യാപകരിൽ 76 ശതമാനം പേരും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഓഫീസ് ജീവനക്കാരിൽ 75 ശതമാനം പേരും 12 മുതൽ 18 വരെ പ്രായവിഭാഗത്തിൽ പെട്ട വിദ്യാർഥി, വിദ്യാർഥിനികളിൽ 30 ശതമാനം പേരും ഇതിനകം വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 12 മുതൽ 18 വരെ പ്രായവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് രണ്ടാഴ്ച മുമ്പാണ് വാക്‌സിൻ നൽകാൻ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 30 ശതമാനം വിദ്യാർഥികൾ വാക്‌സിൻ സ്വീകരിച്ചു.






