'മുറ്റത്തെ മുല്ലയ്ക്കു മണമില്ല' എന്നു പറഞ്ഞത് എത്രനേര്! കവികുലത്തിൽ വാഴേണ്ട ജി. സുധാകരൻ ഐച്ഛിക വിഷയമായി രാഷ്ട്രീയം എടുത്തതാണ് അബദ്ധമായത്. ഒന്നാം വിഷയം കവിതയോ, കവിത തേച്ചു പുരട്ടിയ സാഹിത്യമോ ആകണമായിരുന്നു. പന്ത്രണ്ടു കൊല്ലം യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റു മെമ്പറായിരുന്ന സഖാവ് മന്ത്രിയായപ്പോൾ പാർട്ടി വളരെയേറെ പ്രതീക്ഷിച്ചിരിക്കാം. പക്ഷേ, സത്യപ്രതിജ്ഞയിലെ വാക്കുകളെല്ലാം പ്രയോഗിക്കാനുള്ളതാണെന്ന് ശുദ്ധഗതിക്കാരനായ മന്ത്രി കരുതി. പൊതുമരാമത്തു വകുപ്പു ഭരിച്ചിട്ടും ചില്ലിക്കാശിന്റെ പിരിവോ വരവോ നടന്നില്ലെങ്കിൽ പിന്നെ ആ സ്ഥാനത്ത് ഇരുത്താൻ കൊള്ളാമോ? അതുകൊണ്ട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റു കൊടുത്തില്ല എന്നതാണ് പരമാർഥം. എതിർകക്ഷിക്കും കൊടുത്തില്ല, ച്ചാൽ, തോമസ് ഐസക് ഡോക്ടർക്കും.
'താൻ ഇനിമേൽ ഈ പണിക്കില്ല' എന്ന് സുധാകരൻ സഖാവ് മന്ത്രിയായിരിക്കവേ റോഡിലെ കുണ്ടും കുഴിയും കണ്ട് ഉരുവിട്ടിട്ടുണ്ട്. സ്വന്തം പാർട്ടിക്കാർ തന്നെ അതു മൊബൈൽ കാമറ വച്ചു പകർത്തിയിരുന്നുവെന്നതിന് ഇനി തെളിവെന്തിന്? 'നാവിൻ ദോഷം' കൊണ്ടു വല്ലപ്പോഴും അങ്ങനെയൊക്കെ പറഞ്ഞിരിക്കാം. എങ്കിലും ജവഹർലാൽ നെഹ്‌റുവിനെപ്പോലെ കവിതാമയമായ ഒരു മനസ്സുമായാണ് അദ്ദേഹം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഏത് ആരോപണത്തിനും മടക്കത്തപാലിൽ തന്നെ ചുട്ട മറുപടി കൊടുക്കുന്ന ശീലവും പണ്ടേയുണ്ട്. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് വിലയിരുത്താൻ തക്കവണ്ണം ഒന്നും തടഞ്ഞിട്ടില്ല. പക്ഷേ, സുധാകരനെതിരെ എന്തെങ്കിലുമൊരു നടപടിയെടുത്തേ കഴിയൂ. അതിന് ആദ്യമേ സീറ്റു നിഷേധിച്ചു. അതിനു പകരം സഖാവ് ചീട്ടിറക്കി കളിച്ചു. അങ്ങനെ എരിവും പുളിയുമൊന്നുമില്ലാത്ത ഇലക്ഷൻ പ്രചാരണം നടത്തി. ഇടയ്‌ക്കൊക്കെ കുഴമ്പു പുരട്ടി തിരുമ്മി വീട്ടിൽ വിശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. മാർക്‌സിസ്റ്റ് പാർട്ടി ഭൗതിക വാദത്തിൽ നിന്നും എന്തുമാത്രം അകന്നു എന്നതിന് ഇതിൽപരം തെളിവുവേണ്ട. തിരുമ്മലും പിഴിച്ചിലുമൊക്കെ നടത്തി സ്വന്തം ഭൗതിക ശരീരം നിലനിർത്താതെ പ്രസ്ഥാനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും? കെ.ജെ. തോമസും എളമരം കരീമും ചേർന്നാൽ അന്വേഷണ കമ്മീഷനാകാം.
പക്ഷേ 65 പൊതുയോഗങ്ങളിൽ പങ്കെടുത്ത സുധാകരൻ സഖാവ് അവയുടെ ഫോട്ടോയും ശബ്ദരേഖയുമായാണ് നേരിടാൻ ഒരുങ്ങുന്നത്. പൊതുയോഗങ്ങളുടെ കണക്ക് അവതരിപ്പിച്ചതോടെ സഖാവിന്റെ 'റേറ്റിംഗ്' ഉയർന്നു കഴിഞ്ഞു. വേണമെങ്കിൽ മീറ്റിംഗ് നൂറു തികയ്ക്കാമായിരുന്നു. പക്ഷേ മുപ്പത്തിയഞ്ച് അവസരങ്ങൾ തോമസ് ഐസക് വെട്ടിക്കളഞ്ഞു. കായംകുളത്തെ പ്രതിഭാ ഹരി സഖാവിന്റെ ഫോട്ടോ പോസ്റ്ററുകളിൽനിന്നും നീക്കം ചെയ്തു വീരത്വം കാട്ടിയ സഖാവിന് പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് ഓർമ വന്നില്ല. എന്തായാലും, കവി ഹൃദയന്മാരായ നേതാക്കളെ അന്വേഷണ കമ്മീക്ഷനുകൾ വച്ചു പീഡിപ്പിക്കുന്നത് ശരിയല്ല. പഴയ മുതിർന്ന ഏറമ്പാല കൃഷ്ണൻ നായനാർ ഇരുപതു വയസ്സുപോലും തികയുന്നതിനു മുമ്പ് മാതൃഭൂമിയുടെ ബാലപംക്തിയിൽ എഴുതിയ ഒരു കവിത ഈയടുത്തകാലത്തും വാട്‌സ് ആപ്പു വഴി പ്രചരിച്ചിരുന്നു. സുധാകരൻ സഖാവാണ് അവശേഷിക്കുന്ന ആസ്ഥാന കവി 'പൊതുമരാമത്തിനു' കാശുണ്ടാക്കാൻ കൊള്ളില്ലെങ്കിലും പാർട്ടിക്ക് നാളെ വിപ്ലവഗാനങ്ങൾ അടിയന്തരമായി വേണ്ടി വന്നാൽ എന്തു ചെയ്യും? പുറത്തുള്ളവരെ അത്രയ്ക്കങ്ങു വിശ്വസിക്കാൻ കഴിയുമോ? പലരും ഇപ്പോഴും കിറ്റെക്‌സിന്റെ ലുങ്കി ഉടുത്തു കഴിയുന്നവരാണ്.
**** **** ****
'കയ്ചിട്ടു ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ' എന്ന നിലയിൽ ഒരു കക്ഷിയും ഇക്കാലത്ത് ഭരണ മുന്നണിയിൽ കഴിയാറില്ല. സി.പി.ഐയുടെ കാര്യത്തിൽ അതൊരു അതിശയോക്തിയുമാണ്. ത്യാഗം അവരുടെ കൂടപ്പിറപ്പാണ്. ഒരു കറകളഞ്ഞ ഇടതുപക്ഷ മുന്നണിയുണ്ടാക്കാൻ വേണ്ടി സഖാവ് പി.കെ.വി. പുഷ്പം പോലെ വെടിഞ്ഞത് കേരള മുഖ്യമന്ത്രി സ്ഥാനമായിരുന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാര്യമോ? 2016ൽ മത്സരിച്ച സീറ്റുകളിൽ നിന്നും രണ്ടെണ്ണം കുറച്ചുമതി എന്നങ്ങു തീരുമാനിച്ചു. എന്നിട്ടും ജയിച്ചു. തോറ്റ സീറ്റുകളെ സംബന്ധിച്ച് ഒരു അന്വേഷണ കമ്മീഷനൊക്കെ ആകാവുന്നതേയുള്ളൂ. അതും വേണ്ടെന്നുവച്ചു. 'ത്യാഗമെന്നതേ നേട്ടം/ താഴ്മ താൻ അഭ്യുന്നതി' എന്ന് ഉള്ളൂർ പണ്ടുപാടിയത് ഓരോ സംസ്ഥാന കമ്മിറ്റിയംഗവും ഉരുവിടാതെ ഉറങ്ങാറില്ല. ഇപ്പോൾ 'മരംമുറി' എന്ന പേരിൽ ഒരു നട്ടാൽ മുളയ്ക്കാത്ത അപവാദവും! ഭരണത്തിൽ 'ഇരിക്കണമെങ്കിൽ' എന്തെല്ലാം സഹിക്കണം! പട്ടയം കിട്ടിയ കുറച്ചു പരമസാധുക്കളായ കർഷകർക്കുവേണ്ടിയാണ് കഴിഞ്ഞ മന്ത്രിസഭാ കാലത്ത് ഒരു വിജ്ഞാപനം നൽകിയത്.
അവർക്കു 'രാജകീയമര'ങ്ങളും കീഴ്ജാതിയിൽപെട്ട മരങ്ങളും തമ്മിൽ തിരിച്ചറിയില്ല. തേക്ക്, ഈട്ടി, കരിമരം, മഹാഗണി എന്നിവയ്ക്കും ഇക്കാലത്ത് ജാതിയുണ്ട്. ചന്ദനമരമാണെങ്കിൽ വിശുദ്ധ പദവി നേരത്തെ തന്നെ അടിച്ചെടുത്തിയിട്ടുമുണ്ട്. ഇതൊന്നും തൊടാതെ, 'തൊഴിലാളി മര'ങ്ങളും വെട്ടി വിറ്റു ജീവിച്ചതോടെ എന്നായിരുന്നു മുൻ മന്ത്രി ചന്ദ്രശേഖരന്റെ മനോഭാവം. അബദ്ധം പറ്റി. അതിന് ഇപ്പോഴത്തെ 'മന്ത്രിമാരായ പിള്ളേർ' മറുപടി പറയണമെന്നും വന്നാൽ കഷ്ടമാണ്. ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാമെന്നു വച്ചാൽ, യഥാർഥത്തിൽ അതിനുള്ള തടിയും മിടുക്കും ആർക്കുണ്ട്? സി.ദിവാകരനെയോ പട്ടാളം ഇസ്മായിൽ സഖാവിനെയോ ഏർപ്പാടു ചെയ്താൽ പിന്നെ രാജിവച്ചു പോരേണ്ടിവരും. നിയമസഭയിലും ചാനലുകളിലും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒന്നു പിടിച്ച് എണീപ്പിക്കാനോ, പുറം തടവിക്കൊടുക്കാനോ വല്യേട്ടനും കൂട്ടരും തയാറായില്ല. അവരുടെ മനസ്സിൽ ഇപ്പോഴും 1964ലെ പിളർപ്പ് അതേപടി തെളിഞ്ഞുകിടക്കുന്നു. ഇപ്പോഴും ചൈന ജയിച്ചു കാണണമെന്ന് ഈയിടെ പ്രസ്താവിച്ച മണിയാശാനെപ്പോലുള്ളവർക്കാണ് അവിടെ മേൽക്കൈ. സഹിഷ്ണുതയാണ് ഏറ്റവും വലിയ ആയുധം. അതു മുറുകെപ്പിടിച്ചാൽ അഞ്ചു കൊല്ലവും ബുദ്ധിമുട്ടൊന്നുമില്ലാതെ അന്നം കഴിച്ചു കഴിയാം.
**** **** ****
കേന്ദ്ര മന്ത്രിസഭ അടുത്തകാലത്ത് ഒന്നു വികസിപ്പിച്ചു. ചിലർ പുറത്തുപോയി. പോകില്ലെന്ന് ഉറപ്പായ ശേഷം വി. മുരളീധരൻ ഇന്ത്യയ്ക്ക് പുറത്തേക്ക് പോയി. ഹെയ്തി, എത്തിയോപ്യ തുടങ്ങിയ രാഷ്ട്രങ്ങൾ കുറേക്കാലമായി അദ്ദേഹത്തെ കാണാതെ ഉഴലുന്നു. ദിവസേന അദ്ദേഹത്തിന്റെ വിമാനം ലാന്റ് ചെയ്യുന്നുണ്ടോ എന്നു നോക്കി നെടുവീർപ്പിട്ട ശേഷമാണ് അന്നാടുകളിലെ ഭരണകർത്താക്കൾ കിടപ്പറ പൂകുന്നത്. അല്ല, മുരളീധർജി ഇവിടെ കറങ്ങി നടന്നിട്ടും കാര്യമൊന്നുമില്ല. പാർട്ടിയെ സ്വന്തം നാട്ടിൽ ഒരരുക്കാക്കിയിട്ടുണ്ട്. ഇനി ഒരു കുരുക്കും അത്രവേഗം അഴിച്ചെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മന്ത്രി വിമാനത്തിൽ കയറിയത്. ബുദ്ധിമാനായ ശ്രീധരൻപിള്ള എന്ന ഗവർണർ കവി മിസോറം വിട്ട് ഗോവയിൽ കടന്നുകൂടി. പുസ്തക രചനയ്ക്ക് ഇത്രയേറെ പ്രചോദനം കിട്ടുന്ന ഒരു കടൽത്തീരം ഇന്ത്യയിൽ വേറെ ഇല്ല. പക്ഷേ, നാട്ടുകാരെ അദ്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്- കർണാടകയിൽനിന്നും ഒരാൾക്കു ലോട്ടറിയടിച്ചു: രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിൽ കടന്നുകൂടി. ചാനലുകൾ ആഡംബരക്കാറുകൾ, മാളികകൾ, എന്തിന് ഹെലികോപ്ടർ വരെ സമ്പാദ്യമുള്ള അങ്ങോരെ കേരളത്തിലെ ബി.ജെ.പിക്കാരിൽനിന്നും അഭിനന്ദിക്കാൻ ഒരേ ഒരാളാണ് മുന്നോട്ടു വന്നത്- ശോഭാ സുരേന്ദ്രൻ. പെട്രോളിനും ഡീസലിനും ദിവസം തോറും വില കയറി ലോകറിക്കാർഡ് സ്ഥാപിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ഒരു വേരും ഇനി ഉറയ്ക്കാൻ പോകുന്നില്ല. ചെന്നൈ പെട്രോളിയം കോർപറേഷൻ ഡയറക്ടർ ബോർഡംഗം ആയി കഴിഞ്ഞിട്ടുള്ള ശോഭാജി ജീവനും കൊണ്ട് കേന്ദ്ര ഭരണത്തിൽ കീഴിലേക്കു പുറപ്പെടുന്നതിന്റെ സൂചനയാണോ? എന്നാൽ രക്ഷപ്പെടും.
**** **** ****
സഹകരണ പ്രസ്ഥാനം സംസ്ഥാനങ്ങൾക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ടോ? ആ ധാരണ, ദേണ്ടെ, അമിത്ഷാജി പൊളിച്ചടുക്കിക്കഴിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയകാലം മുതൽ ഖദർധാരികൾ ആദ്യമേ ചർക്ക തിരിച്ചും നൂൽനൂറ്റും സംഘടിപ്പിച്ചതാണ് സഹകരണം. പിന്നെ ചരിത്രപരമായ കീഴ്‌വഴക്കം അനുസരിച്ച് കമ്യൂണിസ്റ്റ് സഖാക്കൾ ആ മേഖല മൊത്തം കൊണ്ടുപോയി. എല്ലാ രംഗങ്ങളിലും ഖദർധാരികൾ വംശനാശം നേരിടുന്ന കാഴ്ച കണ്ട് ചാടിയിറങ്ങിയതാണോ അമിത്ഷാജിയും കൂട്ടരും? ഏതായാലും അവിടെയും തേർവാഴ്ച ആയിരിക്കുമെന്നാണ് യെച്ചൂരിയും കൂട്ടരും. അതു മാത്രം എന്തിനു ഒഴിവാക്കണം?