റിയാദ് - സൗദിയിൽ അംഗീകാരമുള്ള വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ നൽകുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി വ്യക്തമാക്കി. അന്താരാഷ്ട്ര ഗവേഷണങ്ങളുടെയും പ്രത്യേക ശാസ്ത്ര സമിതികളുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ സൗദിയിൽ അംഗീകാരമുള്ള വാക്‌സിനുകൾ കൂട്ടിക്കലർത്തുന്നത് സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയും നിരവധി രാജ്യങ്ങളും അംഗീകരിച്ച നടപടിയാണിത്. വാക്‌സിനുകൾ കൂട്ടിക്കലർത്തുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന നൽകിയ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ ശരിയല്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായ കമ്പനിയുടെ രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നതിനെതിരെ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ കൂട്ടിക്കലർത്തുന്നത് വളരെ അപകടകരമായ പ്രവണതയാണെന്നും വാക്‌സിനുകൾ കൂട്ടിക്കലർത്തുന്ന കാര്യത്തിൽ ആവശ്യമായ ഡാറ്റകളും തെളിവുകളും ഇല്ലെന്നും ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് വ്യക്തമാക്കിയത്.