ഫേസ് ബുക്കില്‍ വലിയ മാറ്റം വരുന്നു; ബന്ധുക്കള്‍ക്കും കൂട്ടുകാർക്കും മുന്‍തൂക്കം

ഫേസ് ബുക്ക് ന്യൂസ് ഫീഡ് സമൂലമായി പരിഷ്കരിക്കുകയാണെന്ന് സിഇഒ സക്കർബർഗ് സ്ഥിരീകരിച്ചു. മുന്‍നിര സമൂഹ മാധ്യമമായ ഫേസ് ബുക്കില്‍ വരുത്തുന്ന പരിഷ്കരണം ആളുകളുടെ ഇടപെടലുകളില്‍ തന്നെ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. വരും വാരങ്ങളില്‍ അടിമുടി മാറ്റത്തിനാണ് ഫേസ് ബുക്ക് ഒരുങ്ങുന്നത്. തുടക്കത്തില്‍ കമ്പനിയുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെങ്കിലും മൊത്തത്തില്‍ ഈ മാറ്റം ഫേസ് ബുക്കിന് ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

ന്യൂസ് ഫീഡിൽ മാധ്യമ സ്ഥാപനങ്ങളുടേയും മറ്റ് സോഷ്യൽ മീഡിയാ പേജുകളുടെയും ഉള്ളടക്കങ്ങളുടെ ആധിക്യമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ന്യൂസ് ഫീഡ് അൽഗോരിതത്തിൽ കാര്യമായ മാറ്റങ്ങളാണ്  കൊണ്ടുവരുന്നത്.

വിവിധ പേജുകളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ലിങ്കുകളുമാണ് നിലവിൽ ന്യൂസ് ഫീഡുകളിൽ അധികമായുള്ളത്. ഇത് കാരണം ന്യൂസ് ഫീഡിൽ ഉപയോക്താക്കള്‍ അധികം ഇടപെടാത്ത സ്ഥിതിയാണെന്ന് ഫേസ് ബുക്ക് വിലയിരുത്തുന്നു.  

ഇത് മറികടക്കാന്‍ ഉപയോക്താക്കൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യസ് ഫീഡാണ് വരാന്‍ പോകുന്നത്. 

ഫേസ് ബുക്കിൽ ഉപയോക്താക്കൾ ചെലവിടുന്ന സമയം എറ്റവും മികച്ചതാക്കി മാറ്റണം. ബന്ധുക്കളും സുഹൃത്തുക്കളുമായി കൂടുതൽ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള അനുഭവമായിരിക്കണം അത്- സക്കർബർഗ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

വ്യവസായ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ബ്രാന്റുകൾ എന്നിവയിൽ നിന്നുള്ള പോസ്റ്റുകളുടെ ആധിക്യമാണ് ഇപ്പോഴുള്ളത്. അത് വ്യക്തിപരമായ നിമിഷങ്ങളെ തള്ളിക്കളയുന്നുവെന്ന പരാതി ഉയരുന്നുണ്ട്- അദ്ദേഹം എഴുതി.

പുതിയ നീക്കം ഫേസ് ബുക്കിലൂടെയുള്ള  പ്രചരണങ്ങളെ ആശ്രയിക്കുന്ന  മാധ്യമസ്ഥാപനങ്ങൾക്കും ഏജൻസികൾക്കും വ്യവസായ സംരംഭങ്ങൾക്കും തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. കോടിക്കണക്കിനു ഡോളറിന്‍റെ വരുമാന നഷ്ടമാണ് ഇത് കമ്പനിക്ക് വരുത്തുക.

ഫേസ് ബുക്കില്‍ സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകളേക്കാള്‍ ഇപ്പോള്‍ പൊതുവായ ഉള്ളടക്കങ്ങളും വിഡിയോകളുമാണ് കൂടുതലുള്ളത്. ഇത് വർധിച്ചു കൊണ്ടേയിരിക്കുന്നു.  ഇതുകാരണം പരസ്പരം ബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കുകയെന്ന  പ്രധാന ദൌത്യവും ഉത്തരവാദിത്തവും വിസ്മരിക്കപ്പെടുകയാണെന്ന് സക്കർബർഗ് വിലയിരുത്തുന്നു.  അദ്ദേഹത്തിന്‍റെ ഈ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ഫേസ് ബുക്കില്‍ പ്രതീക്ഷിക്കേണ്ടത്.

 സുഹൃത്തുക്കൾ തമ്മിൽ ഫലപ്രദമായ ആശയ വിനിമയം സാധ്യമാക്കുകയെന്ന ആദ്യകാല ദൌത്യത്തിലേക്ക് ഫേസ് ബുക്ക് മടങ്ങും.   തുടക്കത്തിൽ സുഹൃത്തുക്കളിൽ നിന്നുള്ള പോസ്റ്റുകൾക്കായിരുന്നു മുന്‍തൂക്കം. പിന്നീട് കൂട്ടുകാരുട ശൃംഖല എന്നതിൽ നിന്ന് മാറി ഉപയോക്താവും വിവിധ താൽപര്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയയായി ഫേസ് ബുക്ക്  മാറുകയായിരുന്നു.  പൊതു വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന  പോസ്റ്റുകൾക്ക് പകരം വ്യക്തികള്‍ തങ്ങളുടെ അവധിക്കാല അനുഭവങ്ങളും മറ്റും പങ്കുവെക്കുന്നതും വിഡിയോകള്‍ ഷെയർ ചെയ്യുന്നതുമായ മീഡിയ ആയി ഫേസ് ബുക്ക് മാറും. 

മാധ്യമങ്ങളും വ്യവസായ, വ്യാപാര സംരംഭങ്ങളും  പങ്കുവെക്കുന്ന പോസ്റ്റുകൾക്കും മറ്റും ന്യൂസ് ഫീഡിൽ കാര്യമായ പരിഗണന ലഭിക്കില്ല. പകരം ക്രിയാത്മകമായ ആശയവിനിമയങ്ങൾ പ്രോത്സാഹിപ്പിക്കും. മുൻകൂട്ടി റെക്കോഡ് ചെയ്യുന്ന വീഡിയോകളേക്കാൾ ആളുകളുടെ ഇടപെടൽ കൂടുതലുള്ള ലൈവ് വീഡിയോകൾക്ക് പ്രാധാന്യം നൽകും.

Latest News