തിരുവനന്തപുരം - വ്യാപാരികളെ വിരട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. 'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന പ്രസ്താവനയിലൂടെ യഥാര്‍ഥ പിണറായി പുറത്തുവന്നിരിക്കുകയാണെന്നാണ് പ്രതിപക്ഷ പരിഹാസം. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷവും ബി.ജെ.പിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആത്മഹത്യ മുന്നില്‍ കണ്ട് നില്‍ക്കുന്ന ഒരു സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ഇതിനിടെ സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി ഇടതുപക്ഷ അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് സി.പി.എം മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മത് കോയ പറഞ്ഞു. തങ്ങള്‍ സമരത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ജീവിതം വഴിമുട്ടിയവരോട് മുഖ്യമന്ത്രിക്ക് മയത്തില്‍ പെരുമാറികൂടെയെന്നു ചോദിച്ചു.
വ്യാപാരികള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. 'കേരളത്തിലെ വ്യാപാരി വ്യവസായികളും മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം ചെയ്യുന്നത്. ലക്ഷക്കണക്കിന് വ്യാപാരികള്‍ കട തുറക്കാന്‍ കഴിയാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്. കട തുറക്കുമെന്ന് പറഞ്ഞപ്പോള്‍ കാണിച്ചു തരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണിത്.
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ജോസഫൈന്‍മാരെ വീട്ടിലിരുത്തിക്കാന്‍ ഇടതു പ്രൊഫൈലുകള്‍ നന്നായി പണിയെടുക്കും. പക്ഷേ പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടില്ല. ശോഭാ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.
ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ടേ വ്യാപര സമൂഹത്തെ ശത്രുക്കളായി കാണുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നില്ല. ഉപജീവനത്തിന് വേണ്ട എല്ലാവരും ക്ഷമിച്ച് ക്ഷമിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് നിങ്ങളെ എല്ലാവരും കാണിച്ച് തരാമെന്ന് പറഞ്ഞ് വിരട്ടുന്നത്.
ഈ 'സിസ്റ്റ'ത്തിന് ഒരു മാറ്റമുണ്ടാവണമെന്നാണ് ഞങ്ങളൊക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, ഞങ്ങള്‍ തോറ്റുപോയി. സിസ്റ്റം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നു ജനവിധി. വിധി!' വി.ടി.ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യാപാരികള്‍ സൂക്ഷിച്ചോളൂ..കളി ദല്‍ഹിയില്‍നിന്ന് നേരിട്ട് പഠിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് എം.എല്‍.എ നജീബ് കാന്തപുരം പരിഹസിച്ചു.
വ്യാപാരി സമൂഹത്തോട് നമുക്ക് ഒരുമിച്ച് ഈ പ്രയാസങ്ങളെ നേരിടാം എന്നു പറയുന്നതിനു പകരം 'നിങ്ങളെ നേരിടും' എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍, ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനത്തിനോട് 'അനുഭവിച്ചോ' എന്ന് ആരെങ്കിലും പറയുന്നതുപോലെ തോന്നിയാല്‍ അതില്‍ അത്ഭുതമില്ലെന്ന് മഞ്ഞളാം കുഴി അലി എം.എല്‍.എ പറഞ്ഞു.